
പശ്ചിമേഷ്യയിലെ വിവിധ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള വിമാന സർവീസുകൾ വീണ്ടും ആരംഭിച്ച് ഖത്തർ എയർവെയ്‌സ്. യുഎഇയിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ചതായി എയർലൈൻ അറിയിച്ചു. ഇന്നലെ (23) മുതൽ ദുബായ്, ഷാർജ എന്നിവിടങ്ങളിലേക്കുള്ള പ്രതിദിന വിമാന സർവീസുകൾ വീണ്ടും ആരംഭിച്ചു. കൂടാതെ സിറിയയിലെ ഡമാസ്‌കസിലേക്കുള്ള സർവീസുകൾ മേയ് 1 മുതൽ ആരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ജൂൺ 16 മുതൽ ആറ് ഭൂഖണ്ഡങ്ങളിലായി 150-ലധികം കേന്ദ്രങ്ങളിലേക്ക് സർവീസുകൾ വ്യാപിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. യാത്രക്കാർ വിമാന സമയവും മറ്റ് വിവരങ്ങളും ഔദ്യോഗിക വെബ്‌സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്പ് വഴി പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദേശിച്ചു.
ഫെബ്രുവരി 28 മുതൽ സെപ്റ്റംബർ 15 വരെ യാത്രയ്ക്ക് ബുക്കിങ് നടത്തിയ യാത്രക്കാർക്ക് ഒക്ടോബർ 31 വരെ പുതിയ തീയതികളിലേക്ക് സൗജന്യമായി ടിക്കറ്റ് മാറ്റാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. സർവീസ് റദ്ദാക്കുകയോ മാറ്റം വരികയോ ചെയ്താലും അധിക നിരക്കില്ലാതെ യാത്ര തീയതി മാറ്റാൻ കഴിയും. ഉപയോഗിക്കാത്ത ടിക്കറ്റുകളുടെ തുക തിരികെ ലഭിക്കാൻ 28 പ്രവൃത്തി ദിവസങ്ങൾ വരെ എടുത്തേക്കാമെന്നും അറിയിച്ചു. മേഖലയിലെ യാത്രാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനൊപ്പം യാത്രക്കാർക്ക് കൂടുതൽ ഇളവുകളും സൗകര്യങ്ങളും നൽകുകയെന്നതാണ് ഈ നടപടിയുടെ ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t