
അബുദാബിയിലെ തിരക്കേറിയ വ്യവസായ വാണിജ്യ കേന്ദ്രമായ മുസഫയിൽ ഗതാഗത നിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. സെക്ടറുകളായ M7, M8, M9, M14, M15 എന്നിവിടങ്ങളിലായി ആകെ 10,010 പാർക്കിംഗ് ഇടങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. സ്റ്റാൻഡേർഡ് പാർക്കിംഗിന് മണിക്കൂറിന് രണ്ട് ദിർഹമാണ് നിരക്ക് ഈടാക്കുക. വാഹനം പാർക്ക് ചെയ്യുന്നവർക്ക് ദർബ്, ടാം ആപ്പുകൾ വഴിയോ എസ്എംഎസ് വഴിയോ ഓൺസൈറ്റ് പേയ്‌മെന്റ് മെഷീനുകൾ ഉപയോഗിച്ചോ ഫീസ് അടയ്ക്കാൻ സൗകര്യമുണ്ടാകും. നിശ്ചയദാർഢ്യമുള്ളവർക്കായി പ്രത്യേക പാർക്കിംഗ് ഇടങ്ങളും ഈ മേഖലകളിൽ നീക്കിവച്ചിട്ടുണ്ട്.
ജനുവരിയിൽ ആരംഭിച്ച വിപുലീകരണ പദ്ധതിയുടെ തുടർച്ചയായാണ് ഈ മാറ്റം. നിലവിൽ മുസഫ നേരിടുന്ന പ്രധാന വെല്ലുവിളികളായ അശാസ്ത്രീയമായ പാർക്കിംഗും ഗതാഗതക്കുരുക്കും ഒഴിവാക്കാൻ പുതിയ സംവിധാനം സഹായിക്കുമെന്ന് അധികൃതർ കരുതുന്നു. വാഹനങ്ങളുടെ സുഗമമായ സഞ്ചാരം ഉറപ്പാക്കുന്നതിലൂടെ സന്ദർശകർക്കും ജീവനക്കാർക്കും സ്ഥാപനങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനാകും. ജനുവരിയിൽ ആദ്യ ഘട്ടമായി 4,680 പാർക്കിംഗ് ഇടങ്ങൾ പെയ്‌ഡ് ആക്കിയിരുന്നു. ഇതിന് പിന്നാലെ മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ മൾട്ടി സ്റ്റോറി പാർക്കിംഗ് കേന്ദ്രങ്ങളും തുറന്നു നൽകിയിരുന്നു. പുതിയ പെയിഡ് പാർക്കിംഗ് മേഖലകൾ കൂടി വരുന്നതോടെ മുസഫയിലെ റോഡുകളിൽ കൂടുതൽ അച്ചടക്കവും സുരക്ഷയും കൈവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവു https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t