
കഠിനമായ വ്യായാമത്തിനും വിയർപ്പൊഴുക്കലിനും പേരുകേട്ട ജിമ്മുകൾ ഇനി വിശ്രമത്തിനും ശാന്തമായ ഉറക്കത്തിനും വേദിയാകുന്നു. തിരക്കേറിയ ജീവിതശൈലിയിൽ ഉറക്കം നഷ്ടപ്പെടുന്നവർക്കായി യു.എ.ഇയിലെ പ്രമുഖ ഫിറ്റ്‌നസ് ശൃംഖലയായ ജിം നേഷൻ മിഡിൽ ഈസ്റ്റിലെ ആദ്യത്തെ “സ്ലീപ്പ് ക്ലാസ്” ആരംഭിച്ചു. ‘നാപ് ടൈം’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി വിശ്രമത്തെ ഒരു ആഡംബരമായി കാണാതെ മികച്ച ആരോഗ്യത്തിനും പ്രകടനത്തിനുമുള്ള പ്രധാന ഘടകമായി അവതരിപ്പിക്കുകയാണ്.
ശരീരത്തെയും മനസ്സിനെയും പതുക്കെ വിശ്രമത്തിലേക്ക് നയിക്കുന്ന നാല് ഘട്ടങ്ങളാണ് ക്ലാസിലുളളത്. യോഗാ അടിസ്ഥാനത്തിലുള്ള ലഘു സ്ട്രെച്ചിങ് വഴിയാണ് ആദ്യഘട്ടം ആരംഭിക്കുന്നത്. തുടർന്ന് ഹൃദയമിടിപ്പ് കുറയ്ക്കാനും സമ്മർദ്ദ ഹോർമോണുകൾ നിയന്ത്രിക്കാനും സഹായിക്കുന്ന ശ്വസന വ്യായാമങ്ങൾ നടക്കും. മൂന്നാം ഘട്ടത്തിൽ ഹാൻഡ്‌പാൻ സംഗീതത്തിനൊപ്പം ധ്യാനം ഉൾപ്പെടുത്തിയിട്ടുണ്ട്. അവസാനഘട്ടത്തിൽ പ്രത്യേകമായി ഒരുക്കിയ കിടക്കകളും ഐ-മാസ്കുകളും ഉപയോഗിച്ച് പങ്കാളികൾക്ക് ശാന്തമായി ഉറങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഉയർന്ന ഉൽപ്പാദനക്ഷമതയും തിരക്കേറിയ ജീവിതശൈലിയുമുള്ള ദുബായ് പോലുള്ള നഗരങ്ങളിൽ ആളുകൾക്ക് മനസ്സിനെ ശാന്തമാക്കാൻ പ്രയാസമാണെന്നും, അതുകൊണ്ടുതന്നെയാണ് ഈ ക്ലാസ് രൂപകൽപ്പന ചെയ്തതെന്നും ജിംനേഷൻ സി.എം.ഒ റോറി മക്‌എന്റീ വ്യക്തമാക്കി. സേജ് ക്ലിനിക്കിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. ഗുർവീൻ റേഞ്ചറിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
ശരിയായ ഉറക്കം പേശികളുടെ വളർച്ചയ്ക്കും ഹോർമോൺ നിയന്ത്രണത്തിനും ഓർമ്മശക്തി വർധിപ്പിക്കാനും അത്യന്താപേക്ഷിതമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വ്യായാമത്തിലൂടെ ലഭിക്കുന്ന ഫലങ്ങൾ ശരീരത്തിൽ പ്രകടമാകുന്നത് വിശ്രമവേളകളിലാണെന്നും അവർ പറയുന്നു.
ജിമ്മിൽ എത്താൻ കഴിയാത്തവർക്ക് വീട്ടിലും ലളിതമായ രീതിയിൽ ഉറക്കത്തിന് തയ്യാറെടുക്കാം. കിടക്കുന്നതിന് മുമ്പ് ശരീരം ലഘുവായി സ്ട്രെച്ച് ചെയ്യുക, അഞ്ചു മിനിറ്റ് ദീർഘമായി ശ്വസനാഭ്യാസം നടത്തുക എന്നിവ ഗുണകരമാണ്. കൂടാതെ മൊബൈൽ ഫോണും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളും ഒഴിവാക്കി ശാന്തമായ അന്തരീക്ഷം ഒരുക്കുന്നത് ശരീരത്തെ സമ്മർദ്ദാവസ്ഥയിൽ നിന്ന് വിശ്രമത്തിലേക്ക് മാറാൻ സഹായിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
ശ്രദ്ധിക്കുക; യുഎഇയിൽ ജിപിഎസ് തകരാറുകൾ? നിങ്ങളുടെ ഗൂഗിൾ മാപ്സും വെയ്സും തെറ്റായ ലൊക്കേഷനുകൾ കാണിച്ചേക്കാം
യുഎഇയിലുടനീളമുള്ള നിരവധി ഡ്രൈവർമാരും താമസക്കാരും ഗൂഗിൾ മാപ്സ്, വേസ് തുടങ്ങിയ നാവിഗേഷൻ ആപ്പുകളിൽ സമീപകാലത്ത് കൃത്യതക്കുറവ് അനുഭവപ്പെടുന്നതായി റിപ്പോർട്ട് ചെയ്യുന്നു. ചില ഉപയോക്താക്കൾ അവരുടെ മൊബൈൽ ഫോണുകളിൽ കാണുന്ന ലൊക്കേഷൻ യഥാർത്ഥ സ്ഥാനത്തുനിന്ന് ഏറെ അകലെയാണെന്ന് ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഈ പ്രശ്‌നം സംബന്ധിച്ച് നിരവധി പേർ സോഷ്യൽ മീഡിയയിലും ഓൺലൈൻ ഫോറങ്ങളിലുമായി ചർച്ച ചെയ്യുകയും ചെയ്തു. വിദഗ്ധർ പറയുന്നത്, ഉപഗ്രഹ സിഗ്നലുകളെ ബാധിക്കുന്ന ചില സാങ്കേതിക കാരണങ്ങളാൽ ഇത്തരം തടസ്സങ്ങൾ ഇടയ്ക്കിടെ ഉണ്ടാകാമെന്നാണ്. പ്രത്യേകിച്ച് സംഘർഷാവസ്ഥകളിൽ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ജിപിഎസ് സിഗ്നലുകളിൽ താൽക്കാലിക ഇടപെടലുകൾ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ ലാബിലെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ മേധാവി മുഹമ്മദ് ഹനീഫ് വിശദീകരിച്ചു. സെൻസിറ്റീവ് സ്ഥലങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അധികാരികൾ ചിലപ്പോൾ പ്രത്യേക സാങ്കേതിക നടപടികൾ സ്വീകരിക്കാറുണ്ടെന്നും ഇതിന്റെ ഭാഗമായി ജിപിഎസ് സിഗ്നലുകൾക്ക് താൽക്കാലിക തടസ്സങ്ങൾ ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഫലമായി ഗൂഗിൾ മാപ്സ് പോലുള്ള നാവിഗേഷൻ ആപ്പുകളിൽ തെറ്റായ ലൊക്കേഷനുകളോ അസാധാരണമായ റൂട്ടുകളോ കാണാൻ സാധ്യതയുണ്ട്.
സുരക്ഷാ ഏജൻസികൾ ഉപയോഗിക്കുന്ന ജിപിഎസ് ജാമിംഗ്, ജിപിഎസ് സ്പൂഫിംഗ് പോലുള്ള സാങ്കേതിക വിദ്യകളും ഇതിന് കാരണമാകാം. ജിപിഎസ് ജാമിംഗ് സിഗ്നലുകൾ തടയുന്നതും, ജിപിഎസ് സ്പൂഫിംഗ് ഉപകരണങ്ങളിലേക്ക് തെറ്റായ സിഗ്നലുകൾ അയയ്ക്കുന്നതുമാണ്. സിവിലിയൻ നാവിഗേഷൻ ആപ്പുകൾ ഒരേ ഉപഗ്രഹ സിഗ്നലുകളെ ആശ്രയിക്കുന്നതിനാൽ ഇത്തരം നടപടികൾ അവയുടെ കൃത്യതയെ ബാധിച്ചേക്കാമെന്ന് വിദഗ്ധർ പറയുന്നു. എങ്കിലും മിക്ക സാഹചര്യങ്ങളിലും ഉപഗ്രഹ സിഗ്നലുകൾ വീണ്ടും സ്ഥിരത കൈവരിക്കുന്നതോടെ നാവിഗേഷൻ സംവിധാനങ്ങൾ സ്വാഭാവികമായി ശരിയായ നിലയിലേക്ക് മടങ്ങുമെന്നും വിദഗ്ധർ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt