അടിയന്തര സാഹചര്യങ്ങളിൽ ജാഗ്രത പാലിക്കുക; മലയാളം ഉൾപ്പെടെ ഒൻപത് ഭാഷകളിൽ മാർഗ നിർദേശങ്ങൾ പുറത്തിറക്കി യുഎഇ

മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ച് പൊതുജനങ്ങളിൽ അവബോധം വർധിപ്പിക്കാൻ സമഗ്രമായ മാർഗനിർദേശങ്ങളുമായി അബുദാബി അധികൃതർ രംഗത്ത്. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനും കുട്ടികളുടെയും പ്രായമായവരുടെയും മാനസികാരോഗ്യം സംരക്ഷിക്കുന്നതിനുമായി തയ്യാറാക്കിയ പ്രചാരണ പരിപാടിയുടെ രണ്ടാംഘട്ടത്തിനാണ് തുടക്കമിട്ടത്. മലയാളം ഉൾപ്പെടെ ഒൻപത് ഭാഷകളിൽ ഈ ഗൈഡ് ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.

മാർഗനിർദേശത്തിൽ കുട്ടികളുടെ സുരക്ഷയ്ക്കും മാനസികസ്ഥിരതയ്ക്കും പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ കുട്ടികൾക്ക് ഭയവും ആശങ്കയും ഉണ്ടാകാനിടയുള്ളതിനാൽ മാതാപിതാക്കൾ ശാന്തമായും ആത്മവിശ്വാസത്തോടെയും അവരോട് സംസാരിക്കണമെന്നും അധികൃതർ നിർദേശിക്കുന്നു. കുട്ടികളുടെ സംശയങ്ങളും വികാരങ്ങളും ശ്രദ്ധാപൂർവം കേൾക്കുകയും ലളിതമായ ഭാഷയിൽ കാര്യങ്ങൾ വിശദീകരിക്കുകയും വേണം. കൂടാതെ ഭീതിയുണർത്തുന്ന വാർത്തകളോ ദൃശ്യങ്ങളോ കുട്ടികൾ കാണാതിരിക്കാൻ ശ്രദ്ധിക്കണമെന്നും വീട്ടിൽ ശാന്തമായ അന്തരീക്ഷം നിലനിർത്തണമെന്നും മാർഗനിർദേശം പറയുന്നു.

തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിക്കുന്നത് തടയുന്നതിന് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഔദ്യോഗിക ചാനലുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും സ്ഥിരീകരിക്കാത്ത വാർത്തകളോ ഭീതി പരത്തുന്ന തലക്കെട്ടുകളോ പങ്കുവയ്ക്കരുതെന്നും നിർദേശിച്ചു. അപകടസ്ഥലങ്ങളിൽ ചിത്രീകരണമോ വീഡിയോ പകർത്തലോ നടത്തുന്നത് രക്ഷാപ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതോടൊപ്പം സ്വകാര്യത ലംഘനത്തിനും ഇടയാക്കുമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.

അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി നിരവധി ഹെൽപ്‌ലൈൻ നമ്പറുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അബുദാബി പൊലീസ്, സിവിൽ ഡിഫൻസ് എന്നിവയ്ക്ക് 999 എന്ന നമ്പറിൽ ബന്ധപ്പെടാം. വൈദ്യുതി തടസ്സങ്ങൾക്ക് 991, ജലസംബന്ധമായ അടിയന്തര പ്രശ്നങ്ങൾക്ക് 992 എന്നീ നമ്പറുകളാണ് നൽകിയത്. മാനസിക പിന്തുണയ്ക്കായി ‘സക്കീന’ സേവനത്തിന്റെ 800725462 എന്ന നമ്പറും സാമൂഹിക സേവനങ്ങൾക്ക് 800444 എന്ന നമ്പറും ലഭ്യമാണ്. അബുദാബി സർക്കാർ സേവനങ്ങൾക്ക് 800555 എന്ന നമ്പറിൽ ബന്ധപ്പെടാം.

വളർത്തുമൃഗങ്ങളുടെ സുരക്ഷയും മാർഗനിർദേശത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അവയെ വീടിനുള്ളിൽ സുരക്ഷിതമായ സ്ഥലത്ത് പാർപ്പിക്കുകയും ആവശ്യമായ ഭക്ഷണം, വെള്ളം, മരുന്നുകൾ എന്നിവ ഒരുക്കിവയ്ക്കുകയും വേണമെന്ന് അധികൃതർ നിർദേശിച്ചു. അടിയന്തര സാഹചര്യത്തിൽ മാറ്റിപ്പാർപ്പിക്കേണ്ടി വരുമെന്ന സാധ്യത കണക്കിലെടുത്ത് ഒരു കാരിയർ തയ്യാറാക്കി വയ്ക്കണമെന്നും വ്യക്തമാക്കി. ഉപേക്ഷിക്കപ്പെട്ട നിലയിൽ മൃഗങ്ങളെ കാണുകയാണെങ്കിൽ നഗരസഭയുടെ 993 എന്ന നമ്പറിൽ വിവരം അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.

ഇത്തരം പ്രത്യേക സാഹചര്യങ്ങൾ നേരിടുന്നതിനുള്ള വിശദമായ ഗൈഡ് അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്‌മെന്റ് സെന്ററിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണെന്നും അധികൃതർ അറിയിച്ചു..യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

റമസാനിൽ വിലക്കയറ്റത്തിന് ‘ബ്രേക്ക്’! വിപണിയിൽ പിടിമുറുക്കി യുഎഇ; ഓരോ സാധനത്തിനും വിലവിവരപ്പട്ടിക നിർബന്ധം

റമസാൻ മാസത്തെ മുന്നോടിയായി വിപണിയിലെ വിലക്കയറ്റം തടയാൻ ശക്തമായ ഇടപെടലുമായി യുഎഇ സാമ്പത്തിക മന്ത്രാലയം രംഗത്ത്. കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്ന പ്രവണതകൾക്കും അനാവശ്യമായ വില വർധനയ്ക്കും കർശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്. 1,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള എല്ലാ റീട്ടെയിൽ കടകളിലും ഓരോ ഉൽപ്പന്നത്തിന്റെയും ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വില (ഉദാഹരണത്തിന് കിലോയ്ക്ക് എത്ര) വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഉപഭോക്താക്കൾക്ക് വ്യക്തമായ വില താരതമ്യം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം. ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമാണ്. അബ്ദുല്ല ബിൻ തൗഖ് അൽ മർറി യുഎഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രിയും ഉപഭോക്തൃ സംരക്ഷണ സമിതി അധ്യക്ഷനും, രാജ്യത്തെ ഭക്ഷ്യശേഖരം സുരക്ഷിതമാണെന്നും ദീർഘകാല വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും വ്യക്തമാക്കി. വിപണിയിലെ അവശ്യവസ്തുക്കളുടെ ലഭ്യതയും വിലസ്ഥിരതയും വിലയിരുത്താൻ അദ്ദേഹം എമിറേറ്റ്‌സ് കോ-ഓപറേറ്റീവ് സൊസൈറ്റി, സ്പിന്നീസ് തുടങ്ങിയ പ്രധാന ഔട്ട്‌ലെറ്റുകൾ സന്ദർശിച്ചു. 2022 ലെ കാബിനറ്റ് പ്രമേയം (നമ്പർ 120) പ്രകാരം, ഉൽപ്പന്നങ്ങളുടെ ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വിലയും നിർബന്ധമായും പ്രദർശിപ്പിക്കണം. നിയമലംഘനം കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് പരാതി നൽകാം.

ഇതിനോടകം തന്നെ പാചകഎണ്ണ, മുട്ട, പാൽ ഉൽപ്പന്നങ്ങൾ, അരി, പഞ്ചസാര, ചിക്കൻ, ഗോതമ്പ് തുടങ്ങിയ അടിസ്ഥാന സാധനങ്ങൾക്ക് മുൻകൂർ അനുമതിയില്ലാതെ വില വർധിപ്പിക്കുന്നത് മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. റമസാൻ പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും യാഥാർഥ്യമാണോയെന്ന് ഉറപ്പാക്കാൻ വിപണിയിൽ നേരിട്ടുള്ള നിരീക്ഷണവും തുടരും. വിപണിയിൽ ന്യായമായ മത്സരം ഉറപ്പാക്കുകയും അനാവശ്യ വിലക്കയറ്റം തടയുകയും ചെയ്യുക എന്നതാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. റമസാൻ മാസപ്പിറവി നിരീക്ഷണത്തിനായി ചൊവ്വാഴ്ച കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് മന്ത്രാലയത്തിന്റെ ഈ അടിയന്തര ഇടപെടൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version