മണൽക്കാറ്റായി നിദ; ദുബായ് ക്രൗൺ പ്രിൻസ് കുതിരയോട്ടത്തിൽ ചരിത്രം കുറിച്ചു മലയാളി പെൺതാരം

ദുബായ് ഇന്റർനാഷനൽ എൻഡുറൻസ് സിറ്റിയിൽ നടന്ന ദുബായ് ക്രൗൺ പ്രിൻസ് എൻഡുറൻസ് റൈഡിന്റെ (ലേഡീസ് വിഭാഗം) മത്സരത്തിൽ മലയാളി താരം നിദ അൻജും ചെലത്ത് രണ്ടാം സ്ഥാനം നേടി ചരിത്ര നേട്ടം കൈവരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികച്ച താരങ്ങൾ പങ്കെടുത്ത മത്സരത്തിലാണ് നിദയുടെ ശ്രദ്ധേയ പ്രകടനം. ‘റേസർബാക്ക് വിങ്‌സ് ഓഫ് ഗ്രേസ്’ എന്ന കുതിരപ്പുറത്തേറി 120 കിലോമീറ്റർ ദൂരം പിന്നിട്ടാണ് നിദ ഈ നേട്ടം സ്വന്തമാക്കിയത്. നാല് ഘട്ടങ്ങളിലായി നടന്ന കഠിനമായ മത്സരത്തിൽ തുടക്കം മുതൽ നിദ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ആദ്യ ഘട്ടമായ 40 കിലോമീറ്റർ മൂന്നാം സ്ഥാനത്തായിരുന്നു പൂർത്തിയാക്കിയത്. തുടർന്ന് നടന്ന രണ്ട് നിർണായക ഘട്ടങ്ങളിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്ന് മത്സരത്തിൽ ശക്തമായ മുന്നേറ്റം നടത്തി. 98 താരങ്ങൾ പങ്കെടുത്ത മത്സരത്തിൽ 35 പേർക്ക് മാത്രമാണ് ഫിനിഷിങ് ലൈൻ തൊടാൻ കഴിഞ്ഞത്. പ്രതികൂല കാലാവസ്ഥയും കഠിനമായ മണൽപ്പാതകളും മറികടന്ന് നിദ അവസാന ഘട്ടത്തിൽ മികച്ച തന്ത്രവും വേഗവും പ്രകടിപ്പിച്ചാണ് സെക്കൻഡുകളുടെ വ്യത്യാസത്തിൽ പോഡിയം ഫിനിഷിലെത്തിയത്. എൻഡുറൻസ് റൈഡിങ്ങിൽ ഇതിനുമുമ്പും ശ്രദ്ധേയ നേട്ടങ്ങൾ നിദ സ്വന്തമാക്കിയിട്ടുണ്ട്. ഫ്രാൻസിൽ നടന്ന 160 കിലോമീറ്റർ വേൾഡ് ചാംപ്യൻഷിപ്പ് പൂർത്തിയാക്കിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് 22 വയസ്സുള്ള നിദ. എൻഡുറൻസ് റൈഡിങ്ങിൽ ‘ത്രീ സ്റ്റാർ’ പദവി നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടവും നിദയുടെ പേരിലാണ്. അബുദാബിയിൽ നടന്ന ഗോൾഡ് സ്വോർഡ് മത്സരത്തിലും നിദ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. മലപ്പുറം തിരൂർ സ്വദേശിയും റീജൻസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ അൻവർ അമീൻ ചെലത്തിന്റെയും മിന്നത്ത് അൻവർ അമീന്റെയും മകളാണ് നിദ. പന്ത്രണ്ടാം വയസ്സിൽ ദുബായിൽ കുതിരയോട്ടം അഭ്യസിച്ചു തുടങ്ങിയ നിദ പിന്നീട് ഈ രംഗത്ത് ശ്രദ്ധേയമായ മുന്നേറ്റം നടത്തി. സ്പെയിനിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ നിദ പഠനത്തിലും കായികരംഗത്തും ഒരുപോലെ മികവ് തെളിയിക്കുന്നു.

നാല് ഘട്ടങ്ങളിലായി നടന്ന മത്സരത്തിന്റെ ഓരോ ഘട്ടത്തിന്റെയും ശേഷം നടന്ന കർശനമായ വൈദ്യപരിശോധനകളിൽ നിരവധി കുതിരകൾ മത്സരത്തിൽ നിന്ന് പിന്മാറേണ്ടി വന്നിട്ടും, നിദയും കുതിരയും ശക്തമായ പ്രകടനം തുടരുകയായിരുന്നു. ഇനി വേൾഡ് സീനിയർ ചാംപ്യൻഷിപ്പിലും ലോകത്തിലെ ഏറ്റവും കഠിനമായ ‘മംഗോൾ ഡെർബി’യിലും പങ്കെടുക്കുക എന്നതാണ് നിദയുടെ അടുത്ത ലക്ഷ്യം. പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ അബുദാബി എൻഡുറൻസ് ചാംപ്യൻഷിപ്പിൽ വിജയിച്ചാണ് നിദയുടെ കുതിരയോട്ട യാത്ര ശ്രദ്ധേയമായത്. പ്രശസ്ത താരം അലി അൽ മുഹൈരിയുടെ മാർഗനിർദ്ദേശത്തിലും തഖത് സിങ് റാവുവിന്റെ പരിശീലനത്തിലും നിദ തന്റെ കഴിവുകൾ മിനുക്കിയെടുത്തു. യുകെയിലെ ബർമിങ്ങാം സർവകലാശാലയിൽ നിന്ന് സോഷ്യൽ വർക്കിൽ ബിരുദം നേടിയ നിദ പഠനത്തിലും കായികരംഗത്തും ഒരുപോലെ മുന്നേറുകയാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

വീസ കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് ആശ്വാസം; പുതിയ എൻട്രി പെർമിറ്റ് ഇല്ലാതെ യുഎഇയിലേക്ക് മടങ്ങാം

വിദേശത്തിരിക്കെ റസിഡൻസ് വീസ കാലാവധി കഴിഞ്ഞ യുഎഇ പ്രവാസികൾക്ക് പ്രത്യേക അനുമതിയോടെ രാജ്യത്തേക്ക് മടങ്ങാനുള്ള അവസരം ഒരുക്കി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി). പുതിയ എൻട്രി പെർമിറ്റ് ഇല്ലാതെയും ഇവർക്ക് യുഎഇയിൽ പ്രവേശിക്കാമെന്നാണ് അധികൃതർ അറിയിച്ചത്. 2026 ഫെബ്രുവരി 28നോ അതിനു ശേഷമോ വിദേശത്തിരിക്കെ വീസ കാലാവധി കഴിഞ്ഞവർക്കാണ് ഈ സൗകര്യം ബാധകമാകുക. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്ന് പല രാജ്യങ്ങളിലും വിമാന സർവീസുകൾ നിർത്തിവച്ചതും വ്യോമപാതകൾ അടച്ചതുമാണ് പലർക്കും സമയത്ത് യുഎഇയിലേക്ക് മടങ്ങാൻ തടസ്സമായത്. ഈ സാഹചര്യത്തിൽ പ്രവാസികൾക്ക് സഹായകരമായ നടപടിയായാണ് പുതിയ തീരുമാനം.

മാർച്ച് 31 വരെയാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്. ഈ കാലയളവിനുള്ളിൽ വീസ കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് യുഎഇയിലേക്ക് മടങ്ങിവരാൻ കഴിയും. കൂടാതെ ഈ കാലയളവിൽ ഉണ്ടായ ഓവർസ്റ്റേ പിഴ ഈടാക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. രാജ്യത്ത് തിരിച്ചെത്തിയ ശേഷം നിയമപരമായ നടപടികൾ പൂർത്തിയാക്കി വീസ പുതുക്കി താമസ പദവി ശരിയാക്കാനുള്ള അവസരവും ലഭിക്കും. വിദേശങ്ങളിൽ കുടുങ്ങിയ പ്രവാസികൾക്ക് കുടുംബങ്ങളുമായി വീണ്ടും ഒന്നിക്കാൻ സഹായിക്കുന്ന മാനുഷികമായ നടപടിയാണിതെന്ന് ഐസിപി അറിയിച്ചു. യാത്ര തിരിക്കുന്നതിന് മുൻപ് വിമാന ടിക്കറ്റും മറ്റ് ആവശ്യമായ യാത്രാ രേഖകളും വിമാനക്കമ്പനിയുമായി ബന്ധപ്പെട്ട് ഉറപ്പാക്കണമെന്നും അധികൃതർ പ്രവാസികളെ ഓർമ്മിപ്പിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy