
ദുബായ്: മാതൃദിനത്തിൽ ലോകത്തെ മുഴുവൻ അമ്മമാർക്കും വേറിട്ടൊരു ആദരമർപ്പിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. വീട്ടമ്മമാർ എന്ന അർത്ഥം വരുന്ന ‘ഹൗസ്‌വൈഫ്’ എന്ന പദത്തിന് പകരം ‘തലമുറകളെ വാർത്തെടുക്കുന്നവർ’ എന്നർത്ഥമുള്ള ‘ജനറേഷൻസ് ഷേപ്പർ’ (Generations Shaper) എന്ന പുതിയ പദം ഉപയോഗിക്കാൻ അദ്ദേഹം ഔദ്യോഗികമായി നിർദ്ദേശിച്ചു. ദുബായ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റിക്കാണ് ഷെയ്ഖ് ഹംദാൻ ഈ നിർദ്ദേശം നൽകിയത്. കുടുംബങ്ങളെയും സമൂഹത്തെയും രൂപപ്പെടുത്തുന്നതിൽ അമ്മമാർ വഹിക്കുന്ന സമാനതകളില്ലാത്ത പങ്കിനെ ആദരിക്കുന്നതിനാണ് ഈ പ്രതീകാത്മക നീക്കം നടത്തിയത്.
കുട്ടികളുടെ ആദ്യ വിദ്യാലയം അമ്മമാരാണെന്നും ഉത്തരവാദിത്തബോധവും മൂല്യങ്ങളും അവർ അവിടെ നിന്നാണ് പഠിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ ഓർമ്മിപ്പിച്ചു. ശക്തമായ രാഷ്ട്രങ്ങളെ വാർത്തെടുക്കുന്നതിൽ അമ്മമാരുടെ പങ്ക് വളരെ വലുതാണ്. എല്ലാ അമ്മമാർക്കും നന്ദി അറിയിച്ച അദ്ദേഹം നന്മയുടെയെല്ലാം അടിസ്ഥാനം അമ്മമാരാണെന്നും ഏവർക്കും മാതൃദിനാശംസകൾ നേരുന്നുവെന്നും കുറിച്ചു. ഈ മാറ്റം ഔദ്യോഗിക രേഖകളിലും മറ്റും കൊണ്ടുവരുന്നതിലൂടെ സ്ത്രീകളുടെ സാമൂഹിക പദവി ഉയർത്താനാണ് ദുബായ് സർക്കാർ ലക്ഷ്യമിടുന്നത്. കുടുംബത്തിന്റെ നെടുംതൂണായ സ്ത്രീകളെ കേവലം ഒരു പദവിയിൽ ഒതുക്കാതെ അവരുടെ പ്രവർത്തനത്തെ കൂടുതൽ ആദരവോടെ കാണാനാണ് ഈ ചരിത്രപരമായ നീക്കം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
യുഎഇയിലെ പ്രവാസി മലയാളിയുടെ അസ്വാഭാവിക മരണം: 23 ദിവസത്തെ കാത്തിരിപ്പിന് വിട, യാത്രാമൊഴി
ഷാർജയിൽ കഴിഞ്ഞ 18ന് മരിച്ച കാസർകോട് തെക്കേക്കര വണ്ണാത്തികടവ് അർജുൻ നിവാസിൽ വിജയചന്ദ്രൻ (50)യുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. അസ്വാഭാവിക മരണമായതിനാൽ ആവശ്യമായ നിയമനടപടികളും സാങ്കേതിക നടപടിക്രമങ്ങളും പൂർത്തിയാക്കേണ്ടി വന്നതും ഗൾഫ് മേഖലയിലെ നിലവിലെ സാഹചര്യം മൂലമുള്ള അനിശ്ചിതത്വവും കാരണം മൃതദേഹം എപ്പോൾ നാട്ടിലെത്തുമെന്ന ആശങ്കയിൽ ആയിരുന്നു കുടുംബാംഗങ്ങളും നാട്ടുകാരും. മൃതദേഹം വിട്ടുകിട്ടുന്നതിനായി യുഎഇയിലെ പാലക്കുന്ന് പ്രവാസി കൂട്ടായ്മകൾ ഇടപെട്ടിരുന്നു. അവരുടെ ശ്രമഫലമായി ഇന്ന് പുലർച്ചെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൃതദേഹം എത്തുമെന്ന വിവരം കഴിഞ്ഞ രാത്രി വീട്ടുകാർക്ക് ലഭിച്ചതായി ബന്ധുക്കൾ അറിയിച്ചു.
മൃതദേഹം സമയത്ത് എത്തിച്ചാൽ തെക്കേക്കരയിലെ വീട്ടിൽ മരണാനന്തര ചടങ്ങുകൾ നടത്തിയ ശേഷം ഉച്ചയ്ക്ക് 2.30ന് കാപ്പിൽ സമുദായ ശ്മശാനത്തിൽ സംസ്കാരം നടത്തുമെന്ന് തെക്കേക്കര പ്രാദേശിക സമിതി പ്രവർത്തകർ അറിയിച്ചു. യുഎഇയിൽ കഴിഞ്ഞ 15 വർഷത്തിലേറെയായി ഒരു പലചരക്ക് കടയിൽ ജോലി ചെയ്തുവരികയായിരുന്നു വിജയചന്ദ്രൻ. അവധി കഴിഞ്ഞ് എട്ട് മാസം മുൻപാണ് അദ്ദേഹം വീണ്ടും ഷാർജയിലേക്ക് തിരിച്ചുപോയത്. പരേതരായ പാലാട്ട് നാരായണന്റെയും കുണ്ടിൽ കുഞ്ഞമ്മയുടെയും മകനാണ്. ഭാര്യ: ശ്രീജ (മുക്കുന്നോത്ത്). മക്കൾ: അർജുൻ വിജയ് (ബാര ഗവ. ഹൈസ്കൂൾ, പത്താം ക്ലാസ് വിദ്യാർഥി), ആരുഷ് (ഉദുമ പടിഞ്ഞാർ അംബിക എഎൽപി സ്കൂൾ, രണ്ടാം ക്ലാസ്). സഹോദരങ്ങൾ: ചന്ദ്രൻ കുണ്ടിൽ, ചന്ദ്രിക, രോഹിണി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt