ഗൾഫ് പ്രതിസന്ധിയിൽ ആശ്വാസമേകി യുഎഇ; താമസക്കാർക്ക് സൗജന്യ സേവനങ്ങളും ബിസിനസ് സഹായങ്ങളും പ്രഖ്യാപിച്ചു

മേഖലയിലെ നിലവിലെ സംഘർഷ സാഹചര്യം കണക്കിലെടുത്ത് യുഎഇയിലെ താമസക്കാർക്ക് കൈത്താങ്ങുമായി വിവിധ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ രംഗത്തെത്തി. മിസൈൽ-ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പാക്കാനും സാമ്പത്തിക പ്രത്യാഘാതങ്ങൾ കുറയ്ക്കാനുമായി വിപുലമായ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി സൗജന്യ കൗൺസിലിംഗ് സേവനങ്ങളും ബിസിനസ് മേഖലയിലുള്ളവർക്ക് പ്രത്യേക ഇളവുകളും ലഭ്യമാകും.

പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പറുകൾ അധികൃതർ സജ്ജമാക്കിയിട്ടുണ്ട്. വിദഗ്ധരായ ഡോക്ടർമാരുടെ സേവനം ഇതിലൂടെ സൗജന്യമായി ലഭിക്കും. കൂടാതെ യുദ്ധസമാനമായ അന്തരീക്ഷം ബിസിനസ് സ്ഥാപനങ്ങളെ ബാധിക്കാതിരിക്കാൻ ലൈസൻസ് ഫീസുകളിലും വാടകയിലും ഇളവുകൾ നൽകാൻ വിവിധ എമിറേറ്റുകളിലെ ചേംബർ ഓഫ് കൊമേഴ്സുകൾ തീരുമാനിച്ചിട്ടുണ്ട്.

യുഎഇയിലെ പ്രമുഖ റീട്ടെയിൽ സ്ഥാപനങ്ങൾ അവശ്യസാധനങ്ങൾക്ക് വൻ വിലക്കിഴിവ് പ്രഖ്യാപിച്ചതും സാധാരണക്കാർക്ക് വലിയ ആശ്വാസമാണ്. ഇതിനുപുറമെ രാജ്യത്തെ ഇൻഷുറൻസ് കമ്പനികൾ നിലവിലെ പ്രത്യേക സാഹചര്യം മുൻനിർത്തി ഉപഭോക്താക്കൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകാനും തീരുമാനിച്ചിട്ടുണ്ട്. പ്രതിസന്ധിയിൽ പതറാതെ ജനങ്ങളെ സംരക്ഷിക്കാനുള്ള എല്ലാ നടപടികളും ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

യുഎഇയിലെ പ്രവാസി മലയാളിയുടെ അസ്വാഭാവിക മരണം: 23 ദിവസത്തെ കാത്തിരിപ്പിന് വിട, യാത്രാമൊഴി

ഷാർജയിൽ കഴിഞ്ഞ 18ന് മരിച്ച കാസർകോട് തെക്കേക്കര വണ്ണാത്തികടവ് അർജുൻ നിവാസിൽ വിജയചന്ദ്രൻ (50)യുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. അസ്വാഭാവിക മരണമായതിനാൽ ആവശ്യമായ നിയമനടപടികളും സാങ്കേതിക നടപടിക്രമങ്ങളും പൂർത്തിയാക്കേണ്ടി വന്നതും ഗൾഫ് മേഖലയിലെ നിലവിലെ സാഹചര്യം മൂലമുള്ള അനിശ്ചിതത്വവും കാരണം മൃതദേഹം എപ്പോൾ നാട്ടിലെത്തുമെന്ന ആശങ്കയിൽ ആയിരുന്നു കുടുംബാംഗങ്ങളും നാട്ടുകാരും. മൃതദേഹം വിട്ടുകിട്ടുന്നതിനായി യുഎഇയിലെ പാലക്കുന്ന് പ്രവാസി കൂട്ടായ്മകൾ ഇടപെട്ടിരുന്നു. അവരുടെ ശ്രമഫലമായി ഇന്ന് പുലർച്ചെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൃതദേഹം എത്തുമെന്ന വിവരം കഴിഞ്ഞ രാത്രി വീട്ടുകാർക്ക് ലഭിച്ചതായി ബന്ധുക്കൾ അറിയിച്ചു.

മൃതദേഹം സമയത്ത് എത്തിച്ചാൽ തെക്കേക്കരയിലെ വീട്ടിൽ മരണാനന്തര ചടങ്ങുകൾ നടത്തിയ ശേഷം ഉച്ചയ്ക്ക് 2.30ന് കാപ്പിൽ സമുദായ ശ്മശാനത്തിൽ സംസ്കാരം നടത്തുമെന്ന് തെക്കേക്കര പ്രാദേശിക സമിതി പ്രവർത്തകർ അറിയിച്ചു. യുഎഇയിൽ കഴിഞ്ഞ 15 വർഷത്തിലേറെയായി ഒരു പലചരക്ക് കടയിൽ ജോലി ചെയ്തുവരികയായിരുന്നു വിജയചന്ദ്രൻ. അവധി കഴിഞ്ഞ് എട്ട് മാസം മുൻപാണ് അദ്ദേഹം വീണ്ടും ഷാർജയിലേക്ക് തിരിച്ചുപോയത്. പരേതരായ പാലാട്ട് നാരായണന്റെയും കുണ്ടിൽ കുഞ്ഞമ്മയുടെയും മകനാണ്. ഭാര്യ: ശ്രീജ (മുക്കുന്നോത്ത്). മക്കൾ: അർജുൻ വിജയ് (ബാര ഗവ. ഹൈസ്കൂൾ, പത്താം ക്ലാസ് വിദ്യാർഥി), ആരുഷ് (ഉദുമ പടിഞ്ഞാർ അംബിക എഎൽപി സ്കൂൾ, രണ്ടാം ക്ലാസ്). സഹോദരങ്ങൾ: ചന്ദ്രൻ കുണ്ടിൽ, ചന്ദ്രിക, രോഹിണി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version