യുഎഇയിൽ ഇത്തവണ പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം; എമിറേറ്റുകളിലെ സമയക്രമം പ്രഖ്യാപിച്ചു

യുഎഇയിൽ ഈ വർഷത്തെ ഈദുൽ ഫിത്ർ നമസ്കാരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. രാജ്യത്തെ ഏഴ് എമിറേറ്റുകളിലും നമസ്കാരം നടക്കേണ്ട സമയക്രമം ജനറൽ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെന്റ്സ് ഔദ്യോഗികമായി പുറത്തുവിട്ടു. എന്നാൽ മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ തുറസായ ഈദ് ഗാഹുകളോ പ്രത്യേക ഗ്രൗണ്ടുകളോ പെരുന്നാൾ നമസ്കാരത്തിനായി ഒരുക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തുടനീളമുള്ള അംഗീകൃത പള്ളികളിൽ മാത്രമായിരിക്കും ഇത്തവണ വിശ്വാസികൾക്ക് നമസ്കാരത്തിനായി സൗകര്യമൊരുക്കുന്നത്.

വിശ്വാസികളുടെ സുരക്ഷയും സൗകര്യവും മുൻനിർത്തിയാണ് ഈ പരിമിതപ്പെടുത്തൽ എന്ന് അധികൃതർ അറിയിച്ചു. ചന്ദ്രദർശന സമിതിയുടെ തീരുമാനപ്രകാരം വ്യാഴം അല്ലെങ്കിൽ വെള്ളിയാഴ്ചയായിരിക്കും ഈദുൽ ഫിത്ർ ആഘോഷിക്കുക. ഇതിനായുള്ള സമിതി ഇന്ന് മഗ്രിബ് നമസ്കാരത്തിന് ശേഷം യോഗം ചേർന്ന് മാസപ്പിറവി സംബന്ധിച്ച അന്തിമ തീരുമാനം പ്രഖ്യാപിക്കും.

വിവിധ എമിറേറ്റുകളിലെ നമസ്കാര സമയം താഴെ പറയുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഫുജൈറയിൽ രാവിലെ 6:10-നും ഉമ്മുൽ ഖുവൈൻ, റാസൽഖൈമ എന്നിവിടങ്ങളിൽ 6:12-നുമാണ് നമസ്കാരം നടക്കുക. ഷാർജ, അജ്മാൻ എമിറേറ്റുകളിൽ 6:16-നും ദുബായിൽ 6:18-നും അബുദാബിയിൽ 6:20-നുമാണ് സമയക്രമം നിശ്ചയിച്ചിരിക്കുന്നത്. റമസാനിലെ വ്രതശുദ്ധിയും പുണ്യകർമങ്ങളും പൂർത്തിയാക്കി വിശ്വാസികൾ പെരുന്നാളിനെ വരവേൽക്കാനൊരുങ്ങുമ്പോൾ സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ പ്രത്യേകം ഓർമിപ്പിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

യുഎഇയിലെ പ്രവാസി മലയാളിയുടെ അസ്വാഭാവിക മരണം: 23 ദിവസത്തെ കാത്തിരിപ്പിന് വിട, യാത്രാമൊഴി

ഷാർജയിൽ കഴിഞ്ഞ 18ന് മരിച്ച കാസർകോട് തെക്കേക്കര വണ്ണാത്തികടവ് അർജുൻ നിവാസിൽ വിജയചന്ദ്രൻ (50)യുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. അസ്വാഭാവിക മരണമായതിനാൽ ആവശ്യമായ നിയമനടപടികളും സാങ്കേതിക നടപടിക്രമങ്ങളും പൂർത്തിയാക്കേണ്ടി വന്നതും ഗൾഫ് മേഖലയിലെ നിലവിലെ സാഹചര്യം മൂലമുള്ള അനിശ്ചിതത്വവും കാരണം മൃതദേഹം എപ്പോൾ നാട്ടിലെത്തുമെന്ന ആശങ്കയിൽ ആയിരുന്നു കുടുംബാംഗങ്ങളും നാട്ടുകാരും. മൃതദേഹം വിട്ടുകിട്ടുന്നതിനായി യുഎഇയിലെ പാലക്കുന്ന് പ്രവാസി കൂട്ടായ്മകൾ ഇടപെട്ടിരുന്നു. അവരുടെ ശ്രമഫലമായി ഇന്ന് പുലർച്ചെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൃതദേഹം എത്തുമെന്ന വിവരം കഴിഞ്ഞ രാത്രി വീട്ടുകാർക്ക് ലഭിച്ചതായി ബന്ധുക്കൾ അറിയിച്ചു.

മൃതദേഹം സമയത്ത് എത്തിച്ചാൽ തെക്കേക്കരയിലെ വീട്ടിൽ മരണാനന്തര ചടങ്ങുകൾ നടത്തിയ ശേഷം ഉച്ചയ്ക്ക് 2.30ന് കാപ്പിൽ സമുദായ ശ്മശാനത്തിൽ സംസ്കാരം നടത്തുമെന്ന് തെക്കേക്കര പ്രാദേശിക സമിതി പ്രവർത്തകർ അറിയിച്ചു. യുഎഇയിൽ കഴിഞ്ഞ 15 വർഷത്തിലേറെയായി ഒരു പലചരക്ക് കടയിൽ ജോലി ചെയ്തുവരികയായിരുന്നു വിജയചന്ദ്രൻ. അവധി കഴിഞ്ഞ് എട്ട് മാസം മുൻപാണ് അദ്ദേഹം വീണ്ടും ഷാർജയിലേക്ക് തിരിച്ചുപോയത്. പരേതരായ പാലാട്ട് നാരായണന്റെയും കുണ്ടിൽ കുഞ്ഞമ്മയുടെയും മകനാണ്. ഭാര്യ: ശ്രീജ (മുക്കുന്നോത്ത്). മക്കൾ: അർജുൻ വിജയ് (ബാര ഗവ. ഹൈസ്കൂൾ, പത്താം ക്ലാസ് വിദ്യാർഥി), ആരുഷ് (ഉദുമ പടിഞ്ഞാർ അംബിക എഎൽപി സ്കൂൾ, രണ്ടാം ക്ലാസ്). സഹോദരങ്ങൾ: ചന്ദ്രൻ കുണ്ടിൽ, ചന്ദ്രിക, രോഹിണി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version