
മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് യുഎഇയ്ക്ക് പുറത്തായി കുടുങ്ങിക്കിടന്ന താമസക്കാരെയും ഗോൾഡൻ വീസ ഉടമകളെയും നാട്ടിലേക്ക് തിരിച്ചെത്തിക്കാൻ യുഎഇ അധികൃതർ പ്രത്യേക നടപടികൾ സ്വീകരിച്ചു. വിദേശകാര്യ മന്ത്രാലയവും നാഷനൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയും ചേർന്നാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. ഇറാന്റെ ആക്രമണങ്ങളെ തുടർന്ന് ഉണ്ടായ വ്യോമയാന തടസ്സങ്ങൾ പരിഗണിച്ച് ഏകദേശം 500 പേരെയാണ് കരയും വ്യോമ മാർഗങ്ങളും ഉപയോഗിച്ച് യുഎഇയിലേക്ക് തിരിച്ചെത്തിച്ചതെന്ന് അധികൃതർ അറിയിച്ചു. ഇതിനുമുമ്പ് ശനിയാഴ്ച മാത്രം ഏകദേശം 6,000 യുഎഇ പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനായതായും റിപ്പോർട്ടുണ്ട്.
സംഘർഷം ആരംഭിച്ച ഘട്ടം മുതൽ തന്നെ പ്രതിസന്ധികളെ നേരിടാൻ യുഎഇ സജ്ജമാണെന്ന് മിനിസ്ട്രി ഓഫ് ഫോറിൻ അഫ്ഫയെർസ് വ്യക്തമാക്കി. വിദേശത്തുള്ള യുഎഇയുടെ നയതന്ത്ര മിഷനുകളുമായി നിരന്തരം ബന്ധം പുലർത്തുകയും മേഖലയിലെ സാഹചര്യം സൂക്ഷ്മമായി വിലയിരുത്തുകയും ചെയ്യുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. മാറിവരുന്ന സാഹചര്യങ്ങൾക്ക് അനുസരിച്ച് യാത്രാ ക്രമീകരണങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനും പ്രത്യേക നടപടികൾ സ്വീകരിക്കുന്നതായും അധികൃതർ അറിയിച്ചു. പൗരന്മാരുടെയും താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷയ്ക്കാണ് യുഎഇ പരമപ്രാധാന്യം നൽകുന്നതെന്നും ബന്ധപ്പെട്ട ഏജൻസികൾ വ്യക്തമാക്കി. സംഘർഷാവസ്ഥയിലായിട്ടും വിവിധ വകുപ്പുകളുടെ ഏകോപിത പ്രവർത്തനത്തിലൂടെ ആയിരക്കണക്കിന് ആളുകളെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ കഴിഞ്ഞതായും അധികൃതർ കൂട്ടിച്ചേർത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt