
രാജ്യത്തിനെതിരെയുണ്ടായ മിസൈൽ, ഡ്രോൺ ആക്രമണ ഭീഷണികളെ തുടർന്ന് നിലവിലെ സാഹചര്യം പൂര്‍ണമായും നിയന്ത്രണത്തിലാണെന്ന് യുഎഇ അധികൃതർ അറിയിച്ചു. ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങാമെന്ന സന്ദേശവുമായി ‘ഓൾ ക്ലിയർ’ അലർട്ടും പുറത്തിറക്കിയിട്ടുണ്ട്. മേഖലയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ഭീഷണികളെ യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടഞ്ഞതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വീടുകളിൽ തുടരാൻ മുമ്പ് നൽകിയിരുന്ന നിർദ്ദേശം ഇപ്പോൾ പിൻവലിച്ചതായും അധികൃതർ അറിയിച്ചു. അതിനിടെ, ഭാവിയിൽ അടിയന്തര അലർട്ടുകൾ ഉണ്ടായാൽ ജനങ്ങൾ പാലിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങളും അധികൃതർ വീണ്ടും ഓർമ്മിപ്പിച്ചു. ആക്രമണങ്ങളോ പ്രതിരോധ നടപടികളോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതർ വ്യക്തമാക്കി.
റോഡിൽ യാത്ര ചെയ്യുന്നതിനിടെ വാഹനം നിർത്താതെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തി അവിടെ അഭയം തേടണമെന്നും നിർദേശിച്ചു. ഔദ്യോഗികമായി ‘ഓൾ ക്ലിയർ’ അറിയിപ്പ് ലഭിക്കുന്നതുവരെ വീടുകളിലോ സുരക്ഷിതമായ കെട്ടിടങ്ങളിലോ തുടരുന്നതാണ് ഉചിതമെന്നും വ്യക്തമാക്കി. അതേസമയം, അടിയന്തര സഹായത്തിനുള്ള 999 എന്ന നമ്പർ അത്യാവശ്യ സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കണമെന്നും ലൈനുകൾ അനാവശ്യമായി തിരക്കിലാക്കാതിരിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt