
ദുബായ്: പശ്ചിമേഷ്യയിൽ ഇസ്രായേൽ-ഇറാൻ-യുഎസ് സംഘർഷം ശക്തമാകുന്നതിനിടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായി. വിമാനത്താവള പരിസരത്തെ ഒരു ഇന്ധന ടാങ്കിന് തീപിടിച്ചതിനെ തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. തിങ്കളാഴ്ച പുലർച്ചെ നടന്ന സംഭവത്തിൽ ഇതുവരെ ആളപായമോ പരുക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വിമാനത്താവളത്തിലെ സർവീസുകൾ നിർത്തിവെച്ചതായും ചില വിമാനങ്ങൾ അൽ മക്തൂം വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടതായും അധികൃതർ അറിയിച്ചു.
ദുബായ് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികൾ സ്വീകരിക്കുകയും തീ പടരുന്നത് തടയുകയും ചെയ്തു. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് ദുബായ് മീഡിയ ഓഫീസ് വ്യക്തമാക്കി. വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡുകളിലും എയർപോർട്ട് ടണലിലും ദുബായ് പോലീസ് താൽക്കാലികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രാ തടസ്സം ഒഴിവാക്കാൻ ബദൽ പാതകൾ ഉപയോഗിക്കാൻ വാഹനയാത്രക്കാർക്ക് നിർദ്ദേശം നൽകി.
മേഖലയിൽ കഴിഞ്ഞ രണ്ടാഴ്ചയായി തുടരുന്ന സംഘർഷത്തിന്റെ ഭാഗമായാണ് പുതിയ ആക്രമണമെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ശനിയാഴ്ച ഫുജൈറ എണ്ണസംഭരണ ശാലയിൽ ആക്രമണം നടന്ന സമയത്ത് അവിടെയുണ്ടായിരുന്ന ഇന്ത്യൻ കപ്പൽ ‘ജഗ് ലാഡ്കി’ എണ്ണ നിറച്ച ശേഷം സുരക്ഷിതമായി പുറപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഖത്തർ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലും ഡ്രോൺ ആക്രമണങ്ങൾ പ്രതിരോധ സേന തകർത്തു. സാഹചര്യം വഷളാകുന്ന പശ്ചാത്തലത്തിൽ ഒമാനിലും സൗദിയിലുമുള്ള തങ്ങളുടെ പൗരന്മാരോട് രാജ്യം വിടാൻ അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. വിമാന സർവീസുകളെക്കുറിച്ചുള്ള പുതിയ വിവരങ്ങൾക്കായി അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെടാൻ യാത്രക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
യുഎഇയിലെ പ്രവാസി മലയാളിയുടെ അസ്വാഭാവിക മരണം: 23 ദിവസത്തെ കാത്തിരിപ്പിന് വിട, യാത്രാമൊഴി
ഷാർജയിൽ കഴിഞ്ഞ 18ന് മരിച്ച കാസർകോട് തെക്കേക്കര വണ്ണാത്തികടവ് അർജുൻ നിവാസിൽ വിജയചന്ദ്രൻ (50)യുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. അസ്വാഭാവിക മരണമായതിനാൽ ആവശ്യമായ നിയമനടപടികളും സാങ്കേതിക നടപടിക്രമങ്ങളും പൂർത്തിയാക്കേണ്ടി വന്നതും ഗൾഫ് മേഖലയിലെ നിലവിലെ സാഹചര്യം മൂലമുള്ള അനിശ്ചിതത്വവും കാരണം മൃതദേഹം എപ്പോൾ നാട്ടിലെത്തുമെന്ന ആശങ്കയിൽ ആയിരുന്നു കുടുംബാംഗങ്ങളും നാട്ടുകാരും. മൃതദേഹം വിട്ടുകിട്ടുന്നതിനായി യുഎഇയിലെ പാലക്കുന്ന് പ്രവാസി കൂട്ടായ്മകൾ ഇടപെട്ടിരുന്നു. അവരുടെ ശ്രമഫലമായി ഇന്ന് പുലർച്ചെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൃതദേഹം എത്തുമെന്ന വിവരം കഴിഞ്ഞ രാത്രി വീട്ടുകാർക്ക് ലഭിച്ചതായി ബന്ധുക്കൾ അറിയിച്ചു.
മൃതദേഹം സമയത്ത് എത്തിച്ചാൽ തെക്കേക്കരയിലെ വീട്ടിൽ മരണാനന്തര ചടങ്ങുകൾ നടത്തിയ ശേഷം ഉച്ചയ്ക്ക് 2.30ന് കാപ്പിൽ സമുദായ ശ്മശാനത്തിൽ സംസ്കാരം നടത്തുമെന്ന് തെക്കേക്കര പ്രാദേശിക സമിതി പ്രവർത്തകർ അറിയിച്ചു. യുഎഇയിൽ കഴിഞ്ഞ 15 വർഷത്തിലേറെയായി ഒരു പലചരക്ക് കടയിൽ ജോലി ചെയ്തുവരികയായിരുന്നു വിജയചന്ദ്രൻ. അവധി കഴിഞ്ഞ് എട്ട് മാസം മുൻപാണ് അദ്ദേഹം വീണ്ടും ഷാർജയിലേക്ക് തിരിച്ചുപോയത്. പരേതരായ പാലാട്ട് നാരായണന്റെയും കുണ്ടിൽ കുഞ്ഞമ്മയുടെയും മകനാണ്. ഭാര്യ: ശ്രീജ (മുക്കുന്നോത്ത്). മക്കൾ: അർജുൻ വിജയ് (ബാര ഗവ. ഹൈസ്കൂൾ, പത്താം ക്ലാസ് വിദ്യാർഥി), ആരുഷ് (ഉദുമ പടിഞ്ഞാർ അംബിക എഎൽപി സ്കൂൾ, രണ്ടാം ക്ലാസ്). സഹോദരങ്ങൾ: ചന്ദ്രൻ കുണ്ടിൽ, ചന്ദ്രിക, രോഹിണി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt