
യുഎഇയിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും നിരവധി വിമാന സർവീസുകൾ അപ്രതീക്ഷിതമായി റദ്ദാക്കിയതോടെ പെരുന്നാൾ ആഘോഷിക്കാൻ നാട്ടിലേക്ക് പോകാൻ തയ്യാറെടുത്തിരുന്ന പ്രവാസികൾ വലിയ പ്രതിസന്ധിയിലായി. ഇതിനൊപ്പം നിലവിൽ പ്രവർത്തിക്കുന്ന പരിമിത സർവീസുകളിലെ ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്നതും യാത്രക്കാരെ കൂടുതൽ ബുദ്ധിമുട്ടിലാക്കി. സാധാരണ നിരക്കിനെക്കാൾ നാലും അഞ്ചും ഇരട്ടി വരെ തുക നൽകേണ്ട സാഹചര്യം നിലനിൽക്കുന്നതിനാൽ സാധാരണക്കാരായ പ്രവാസികൾക്ക് നാട്ടിലേക്ക് യാത്ര ചെയ്യുന്നത് ദുഷ്കരമായി. മാസങ്ങൾക്ക് മുമ്പ് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവരാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്. റദ്ദാക്കിയ ടിക്കറ്റുകൾക്ക് പകരം മറ്റ് സർവീസുകളിൽ സീറ്റ് ഒരുക്കാൻ കഴിയാത്തത് വിമാനക്കമ്പനികൾക്കെതിരെ പ്രതിഷേധത്തിനും ഇടയാക്കി.
പെരുന്നാൾ ആഘോഷിക്കാൻ അവധി എടുത്ത് യാത്രക്ക് ഒരുങ്ങിയവരും ബാഗുകൾ വരെ തയ്യാറാക്കിയവരുമാണ് ഇപ്പോൾ അനിശ്ചിതത്വത്തിലായത്. യാത്ര എപ്പോൾ സാധ്യമാകുമെന്ന ആശങ്കയിൽ നിരവധി കുടുംബങ്ങൾ നിരാശയിലാണെന്ന് പ്രവാസികൾ പറയുന്നു. റദ്ദാക്കിയ വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് മുഴുവൻ തുകയും തിരികെ നൽകുകയോ മറ്റൊരു തീയതിയിലേക്ക് സൗജന്യമായി ടിക്കറ്റ് മാറ്റി നൽകുകയോ ചെയ്യുമെന്ന് വിമാനക്കമ്പനികൾ അറിയിച്ചിട്ടുണ്ട്. എന്നാൽ പല സെക്ടറുകളിലും ഒരേസമയം സർവീസുകൾ റദ്ദായതോടെ ഉദ്ദേശിച്ച ദിവസങ്ങളിൽ സീറ്റുകൾ ലഭ്യമാകാത്ത സാഹചര്യമാണുള്ളത്. ഇതോടെ ചിലർ റീഫണ്ട് വാങ്ങിയെങ്കിലും മറ്റ് വിമാനങ്ങളിൽ യാത്ര ചെയ്യാൻ ഇപ്പോൾ വലിയ തുക ചെലവാക്കേണ്ടിവരുന്നു. ഇതേസമയം, നാട്ടിലെ സ്കൂളുകളിൽ വാർഷിക പരീക്ഷകൾ കഴിഞ്ഞ് അവധിക്കാലം ഗൾഫിലെ മാതാപിതാക്കളോടൊപ്പം ചെലവഴിക്കാനായി യുഎഇയിലേക്ക് വരാൻ ഒരുങ്ങിയിരുന്ന കുട്ടികളും കുടുംബങ്ങളും യാത്ര മുടങ്ങിയതോടെ നിരാശയിലാണ്. വിമാന സർവീസുകളിലെ അനിശ്ചിതത്വം പ്രവാസി സമൂഹത്തെ മുഴുവൻ ബാധിക്കുന്ന സാഹചര്യമാണെന്നാണ് വിലയിരുത്തൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
അടിയന്തര സാഹചര്യങ്ങൾ: യുഎഇയിൽ പൊതുസുരക്ഷാ മാർഗനിർദേശങ്ങൾ പുറത്തിറക്കി
അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ വ്യക്തമാക്കിയുള്ള മാർഗനിർദേശങ്ങൾ ഷാർജ സർക്കാർ മീഡിയ ബ്യൂറോ പുറത്തിറക്കി. ഔദ്യോഗിക അറിയിപ്പുകൾ ലഭിക്കുമ്പോൾ പരിഭ്രാന്തരാകാതെ ശാന്തമായി പെരുമാറുകയും ബന്ധപ്പെട്ട അധികൃതർ നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കുകയും ചെയ്യണമെന്ന് ബ്യൂറോ അറിയിച്ചു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തിയതായും അധികൃതർ വ്യക്തമാക്കി.
കെട്ടിടങ്ങൾക്കുള്ളിൽ ഉള്ളവർ ശ്രദ്ധിക്കേണ്ടത്
വീടുകളിലോ ഓഫിസുകളിലോ ഉള്ളവർ ബാൽക്കണികളിലും ജനാലകളോടു ചേർന്ന തുറസ്സായ ഭാഗങ്ങളിലും നിൽക്കുന്നത് ഒഴിവാക്കി കെട്ടിടത്തിന്റെ ഉൾവശത്തുള്ള സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം. കെട്ടിടങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ ശ്രദ്ധാപൂർവം പാലിക്കണമെന്നും അധികൃതർ പറഞ്ഞു. ആവശ്യമായാൽ മാത്രമേ ലിഫ്റ്റ് ഉപയോഗിക്കാവൂ; സാധ്യമായിടത്ത് പടികൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഗ്ലാസ് ഭിത്തികളിലും ജനാലകളിലും നിന്ന് അകന്നുനിൽക്കുകയും യുഎഇ ആഭ്യന്തര മന്ത്രാലയം സ്ഥിതി സുരക്ഷിതമാണെന്ന് ഔദ്യോഗികമായി അറിയിക്കുന്നതുവരെ സുരക്ഷിതമായ സ്ഥലത്ത് തുടരുകയും വേണം.
പുറത്തുള്ളവർക്ക് നിർദേശങ്ങൾ
പുറത്തുള്ളവർ കഴിയുന്നത്ര വേഗത്തിൽ ഏറ്റവും അടുത്ത സുരക്ഷിതമായ കെട്ടിടത്തിലേക്ക് അഭയം തേടണം. വാഹനമോടിക്കുന്നവർ പരിഭ്രാന്തരാകാതെ അടുത്ത സുരക്ഷിത സ്ഥലത്ത് വാഹനം പാർക്ക് ചെയ്ത് സുരക്ഷിതമായി മാറണമെന്നും നിർദേശിച്ചു.
വ്യാജവാർത്തകൾ പ്രചരിപ്പിക്കരുത്
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന സ്ഥിരീകരിക്കാത്ത വാർത്തകളും വീഡിയോകളും ശബ്ദസന്ദേശങ്ങളും പങ്കുവയ്ക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഔദ്യോഗിക ചാനലുകൾ വഴി ലഭിക്കുന്ന വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും നിർദേശിച്ചു. സംഭവസ്ഥലങ്ങളിൽ നിന്ന് ഫോട്ടോകളോ വീഡിയോകളോ പകർത്തി പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും ഇത് കർശനമായി ഒഴിവാക്കണമെന്നും വ്യക്തമാക്കി.
അടിയന്തര സാഹചര്യങ്ങളിൽ സഹായം ആവശ്യമായാൽ 999 എന്ന നമ്പറിൽ ബന്ധപ്പെടാം. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സുരക്ഷാ ഏജൻസികൾ തുടർച്ചയായ നിരീക്ഷണം നടത്തുകയാണെന്നും അടിയന്തര ഘട്ടങ്ങളിൽ സുരക്ഷാസേനയുമായി പൂർണ സഹകരണം പുലർത്തണമെന്നും ഷാർജ സർക്കാർ മീഡിയ ബ്യൂറോ അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt