പ്രവാസികൾക്ക് കൈത്താങ്ങായി നോർക്ക കെയർ പ്ലസ്; ഇനി ഒരു കോടി വരെ ചികിത്സാ പരിരക്ഷ, രജിസ്‌ട്രേഷൻ ആരംഭിച്ചു!

ലോകമെമ്പാടുമുള്ള മലയാളി പ്രവാസികൾക്കായി കേരള സർക്കാർ ആവിഷ്കരിച്ച നോർക്ക കെയർ പദ്ധതിയുടെ കൂടുതൽ വിപുലീകരിച്ച രണ്ടാംഘട്ടമായ ‘നോർക്ക കെയർ പ്ലസ്’ എന്റോൾമെന്റിന് തുടക്കമായി. പ്രവാസികളുടെയും അവരുടെ കുടുംബങ്ങളുടെയും സുരക്ഷ മുൻനിർത്തി നടപ്പിലാക്കുന്ന ഈ പദ്ധതിയിൽ ഒരാൾക്ക് ഒരു കോടി രൂപ വരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്നതാണ് പ്രധാന ആകർഷണം. മലപ്പുറം നോർക്ക സെല്ലിൽ നടന്ന ചടങ്ങിൽ നോർക്ക റൂട്ട്‌സ് റെസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രവാസികളുടെ നിരന്തരമായ ആവശ്യങ്ങൾ പരിഗണിച്ചാണ് കൂടുതൽ സ്ലാബുകൾ ഉൾപ്പെടുത്തി നോർക്ക കെയർ പ്ലസ് വിഭാവനം ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി. ചടങ്ങിൽ നോർക്ക കെയർ പ്ലസ് മൊബൈൽ ആപ്ലിക്കേഷന്റെ ലോഞ്ചിങ്ങും നടന്നു.

പദ്ധതിയുടെ ആദ്യഘട്ടത്തിൽ നാലു മാസത്തിനുള്ളിൽ തന്നെ പതിനായിരത്തോളം പേർക്കായി 88 കോടിയിലധികം രൂപയുടെ ക്ലെയിം നൽകാൻ സാധിച്ചത് വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. 18 മുതൽ 70 വയസ്സുവരെയുള്ള, സാധുവായ നോർക്ക പ്രവാസി ഐഡിയോ സ്റ്റുഡന്റ് ഐഡിയോ കൈവശമുള്ള ഏതൊരു പ്രവാസി മലയാളിക്കും ഈ പദ്ധതിയിൽ അംഗമാകാം. നോർക്ക കെയർ പ്ലസ് പ്രകാരം 10 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെയുള്ള പോളിസികൾ തിരഞ്ഞെടുക്കുന്നവർക്ക്, അവരുടെ പങ്കാളിയുടെ 80 വയസ്സുവരെയുള്ള മാതാപിതാക്കളെയും ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്താൻ സാധിക്കും. അഞ്ച് ലക്ഷം മുതൽ ഒരു കോടി വരെ ഏഴ് വ്യത്യസ്ത സ്ലാബുകളിലായാണ് ഇൻഷുറൻസ് ലഭ്യമാവുക.

നിലവിൽ വിവിധ രോഗങ്ങളുള്ളവർക്കും ഈ ഇൻഷുറൻസിൽ ചേരാമെന്നത് പ്രവാസികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. കേരളത്തിലെ അഞ്ഞൂറോളം ആശുപത്രികൾ ഉൾപ്പെടെ ഇന്ത്യയിലുടനീളമുള്ള 18,000-ത്തോളം ആശുപത്രികളിൽ ക്യാഷ്‌ലെസ് ചികിത്സാ സൗകര്യം ഈ പദ്ധതി വഴി ഉറപ്പാക്കുന്നു. മാർച്ച് 12 മുതൽ ഏപ്രിൽ 12 വരെയാണ് രജിസ്‌ട്രേഷൻ കാലാവധി. താത്പര്യമുള്ളവർക്ക് നോർക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.norkaroots.kerala.gov.in വഴിയോ പുതിയ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ അപേക്ഷിക്കാം. ഏപ്രിൽ 15 മുതൽ ഒരു വർഷത്തേക്കായിരിക്കും പോളിസിയുടെ കാലാവധി. പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും വലിയൊരു സുരക്ഷാ കവചമായി നോർക്ക കെയർ പ്ലസ് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

യുഎഇയിലെ പ്രവാസി മലയാളിയുടെ അസ്വാഭാവിക മരണം: 23 ദിവസത്തെ കാത്തിരിപ്പിന് വിട, യാത്രാമൊഴി

ഷാർജയിൽ കഴിഞ്ഞ 18ന് മരിച്ച കാസർകോട് തെക്കേക്കര വണ്ണാത്തികടവ് അർജുൻ നിവാസിൽ വിജയചന്ദ്രൻ (50)യുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. അസ്വാഭാവിക മരണമായതിനാൽ ആവശ്യമായ നിയമനടപടികളും സാങ്കേതിക നടപടിക്രമങ്ങളും പൂർത്തിയാക്കേണ്ടി വന്നതും ഗൾഫ് മേഖലയിലെ നിലവിലെ സാഹചര്യം മൂലമുള്ള അനിശ്ചിതത്വവും കാരണം മൃതദേഹം എപ്പോൾ നാട്ടിലെത്തുമെന്ന ആശങ്കയിൽ ആയിരുന്നു കുടുംബാംഗങ്ങളും നാട്ടുകാരും. മൃതദേഹം വിട്ടുകിട്ടുന്നതിനായി യുഎഇയിലെ പാലക്കുന്ന് പ്രവാസി കൂട്ടായ്മകൾ ഇടപെട്ടിരുന്നു. അവരുടെ ശ്രമഫലമായി ഇന്ന് പുലർച്ചെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൃതദേഹം എത്തുമെന്ന വിവരം കഴിഞ്ഞ രാത്രി വീട്ടുകാർക്ക് ലഭിച്ചതായി ബന്ധുക്കൾ അറിയിച്ചു.

മൃതദേഹം സമയത്ത് എത്തിച്ചാൽ തെക്കേക്കരയിലെ വീട്ടിൽ മരണാനന്തര ചടങ്ങുകൾ നടത്തിയ ശേഷം ഉച്ചയ്ക്ക് 2.30ന് കാപ്പിൽ സമുദായ ശ്മശാനത്തിൽ സംസ്കാരം നടത്തുമെന്ന് തെക്കേക്കര പ്രാദേശിക സമിതി പ്രവർത്തകർ അറിയിച്ചു. യുഎഇയിൽ കഴിഞ്ഞ 15 വർഷത്തിലേറെയായി ഒരു പലചരക്ക് കടയിൽ ജോലി ചെയ്തുവരികയായിരുന്നു വിജയചന്ദ്രൻ. അവധി കഴിഞ്ഞ് എട്ട് മാസം മുൻപാണ് അദ്ദേഹം വീണ്ടും ഷാർജയിലേക്ക് തിരിച്ചുപോയത്. പരേതരായ പാലാട്ട് നാരായണന്റെയും കുണ്ടിൽ കുഞ്ഞമ്മയുടെയും മകനാണ്. ഭാര്യ: ശ്രീജ (മുക്കുന്നോത്ത്). മക്കൾ: അർജുൻ വിജയ് (ബാര ഗവ. ഹൈസ്കൂൾ, പത്താം ക്ലാസ് വിദ്യാർഥി), ആരുഷ് (ഉദുമ പടിഞ്ഞാർ അംബിക എഎൽപി സ്കൂൾ, രണ്ടാം ക്ലാസ്). സഹോദരങ്ങൾ: ചന്ദ്രൻ കുണ്ടിൽ, ചന്ദ്രിക, രോഹിണി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy