
അബുദാബി: മേഖലയിലെ അടിയന്തര സാഹചര്യങ്ങൾ കണക്കിലെടുത്ത് സുരക്ഷാ മുൻകരുതലുകൾ കർശനമാക്കി അബുദാബി ദുരന്തനിവാരണ അതോറിറ്റി. മിസൈൽ അല്ലെങ്കിൽ ഡ്രോൺ ഭീഷണിയുണ്ടായാൽ സൈറൺ മുഴങ്ങിയാലുടൻ ജനങ്ങൾ എങ്ങനെ പ്രതികരിക്കണമെന്നതിനെക്കുറിച്ച് വ്യക്തമായ മാർഗനിർദ്ദേശങ്ങൾ അധികൃതർ പുറത്തിറക്കി. അപകടസാധ്യത കുറയ്ക്കുന്നതിൽ മുന്നറിയിപ്പിന് ശേഷമുള്ള ആദ്യ മിനിറ്റുകൾ അതിനിർണ്ണായകമാണെന്ന് അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് സെന്റർ ഡയറക്ടർ ജനറൽ മതാർ സയീദ് അൽ നുഐമി വ്യക്തമാക്കി.
മുന്നറിയിപ്പ് ലഭിച്ചാലുടൻ ജനലുകൾ, ഗ്ലാസ് ഭിത്തികൾ, തുറസ്സായ സ്ഥലങ്ങൾ എന്നിവയിൽ നിന്ന് മാറി കെട്ടിടത്തിനുള്ളിലെ സുരക്ഷിതമായ ഭാഗത്തേക്ക് മാറണം. ഔദ്യോഗികമായി അപകടം ഒഴിഞ്ഞു എന്ന അറിയിപ്പ് വരുന്നത് വരെ സുരക്ഷിത സ്ഥാനങ്ങളിൽ തന്നെ തുടരാൻ ശ്രദ്ധിക്കണം. കൗതുകത്തിന്റെ പുറത്ത് സംഭവസ്ഥലങ്ങളിൽ തടിച്ചുകൂടാനോ ദൃശ്യങ്ങൾ പകർത്താനോ ശ്രമിക്കരുത്. ഇത്തരം പ്രവൃത്തികൾ രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതിനൊപ്പം സ്വന്തം ജീവന് ഭീഷണിയുയർത്തുകയും ചെയ്യും.
ഡ്രോണുകളുടെയോ മിസൈലുകളുടെയോ അവശിഷ്ടങ്ങൾ എവിടെയെങ്കിലും കണ്ടാൽ അവയിൽ തൊടാനോ ഫോട്ടോ എടുക്കാനോ മുതിരരുത്. ഉടൻ തന്നെ അധികൃതരെ വിവരം അറിയിച്ച് കൃത്യമായ സ്ഥലം പറഞ്ഞുനൽകുകയാണ് വേണ്ടത്. സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ വീഴരുതെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും നിർദ്ദേശമുണ്ട്. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കാൻ വ്യവസ്ഥയുണ്ടെങ്കിലും നിലവിൽ ജനങ്ങളുടെ ബോധവൽക്കരണത്തിനാണ് മുൻഗണന നൽകുന്നതെന്ന് അധികൃതർ കൂട്ടിച്ചേർത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
റമസാനിൽ വിലക്കയറ്റത്തിന് ‘ബ്രേക്ക്’! വിപണിയിൽ പിടിമുറുക്കി യുഎഇ; ഓരോ സാധനത്തിനും വിലവിവരപ്പട്ടിക നിർബന്ധം
റമസാൻ മാസത്തെ മുന്നോടിയായി വിപണിയിലെ വിലക്കയറ്റം തടയാൻ ശക്തമായ ഇടപെടലുമായി യുഎഇ സാമ്പത്തിക മന്ത്രാലയം രംഗത്ത്. കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്ന പ്രവണതകൾക്കും അനാവശ്യമായ വില വർധനയ്ക്കും കർശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്. 1,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള എല്ലാ റീട്ടെയിൽ കടകളിലും ഓരോ ഉൽപ്പന്നത്തിന്റെയും ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വില (ഉദാഹരണത്തിന് കിലോയ്ക്ക് എത്ര) വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഉപഭോക്താക്കൾക്ക് വ്യക്തമായ വില താരതമ്യം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം. ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമാണ്. അബ്ദുല്ല ബിൻ തൗഖ് അൽ മർറി യുഎഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രിയും ഉപഭോക്തൃ സംരക്ഷണ സമിതി അധ്യക്ഷനും, രാജ്യത്തെ ഭക്ഷ്യശേഖരം സുരക്ഷിതമാണെന്നും ദീർഘകാല വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും വ്യക്തമാക്കി. വിപണിയിലെ അവശ്യവസ്തുക്കളുടെ ലഭ്യതയും വിലസ്ഥിരതയും വിലയിരുത്താൻ അദ്ദേഹം എമിറേറ്റ്‌സ് കോ-ഓപറേറ്റീവ് സൊസൈറ്റി, സ്പിന്നീസ് തുടങ്ങിയ പ്രധാന ഔട്ട്‌ലെറ്റുകൾ സന്ദർശിച്ചു. 2022 ലെ കാബിനറ്റ് പ്രമേയം (നമ്പർ 120) പ്രകാരം, ഉൽപ്പന്നങ്ങളുടെ ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വിലയും നിർബന്ധമായും പ്രദർശിപ്പിക്കണം. നിയമലംഘനം കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് പരാതി നൽകാം.
ഇതിനോടകം തന്നെ പാചകഎണ്ണ, മുട്ട, പാൽ ഉൽപ്പന്നങ്ങൾ, അരി, പഞ്ചസാര, ചിക്കൻ, ഗോതമ്പ് തുടങ്ങിയ അടിസ്ഥാന സാധനങ്ങൾക്ക് മുൻകൂർ അനുമതിയില്ലാതെ വില വർധിപ്പിക്കുന്നത് മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. റമസാൻ പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും യാഥാർഥ്യമാണോയെന്ന് ഉറപ്പാക്കാൻ വിപണിയിൽ നേരിട്ടുള്ള നിരീക്ഷണവും തുടരും. വിപണിയിൽ ന്യായമായ മത്സരം ഉറപ്പാക്കുകയും അനാവശ്യ വിലക്കയറ്റം തടയുകയും ചെയ്യുക എന്നതാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. റമസാൻ മാസപ്പിറവി നിരീക്ഷണത്തിനായി ചൊവ്വാഴ്ച കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് മന്ത്രാലയത്തിന്റെ ഈ അടിയന്തര ഇടപെടൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt