
ദുബായ്:മധ്യപൂർവ മേഖലയിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി യുഎഇയിലെ നയതന്ത്ര കാര്യാലയങ്ങൾ ഓസ്‌ട്രേലിയ താൽക്കാലികമായി അടച്ചു. അബുദാബിയിലെ എംബസിയും ദുബായിലെ കോൺസുലേറ്റും പ്രവർത്തനങ്ങൾ നിർത്തിവെച്ചതിനൊപ്പം ഇസ്രയേലിലെ എംബസിയും അടച്ചുപൂട്ടിയതായി വിദേശകാര്യമന്ത്രി പെന്നി വോങ് അറിയിച്ചു. ഓസ്‌ട്രേലിയൻ നയതന്ത്ര കാര്യാലയങ്ങൾ സ്ഥിതി ചെയ്യുന്ന ഒമ്പതോളം പട്ടണങ്ങളിൽ ഇതിനോടകം വ്യോമാക്രമണം ഉണ്ടായതാണ് ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്. സംഘർഷം തുടങ്ങിയത് മുതൽ മേഖലയിൽ നിന്ന് ഏകദേശം 3200 ഓസ്‌ട്രേലിയൻ പൗരന്മാർ ഇതിനോടകം മാതൃരാജ്യത്തേക്ക് മടങ്ങിക്കഴിഞ്ഞു.
അതേസമയം പശ്ചിമേഷ്യയിലെ അശാന്തിയിൽ ആശങ്ക പ്രകടിപ്പിച്ചു കൊണ്ട് റഷ്യൻ പ്രസിഡന്റ് വ്ലാഡമീർ പുടിൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ഫോണിൽ ചർച്ച നടത്തി. ഇതിനിടെ ഗൾഫിലെ യുഎസ് സേനാ താവളങ്ങളെയാണ് ലക്ഷ്യമിടുന്നതെന്ന ഇറാന്റെ അവകാശവാദങ്ങൾ പച്ചക്കള്ളമാണെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് തുറന്നടിച്ചു. മേഖലയിൽ വന്നുപതിക്കുന്ന മിസൈലുകളും ഡ്രോണുകളും ലക്ഷ്യം വെക്കുന്നത് യുദ്ധത്തിൽ ഒരു പങ്കുമില്ലാത്ത സാധാരണക്കാരെയാണെന്നും ഇറാന്റെ വാദങ്ങൾ പൊള്ളയാണെന്നും അദ്ദേഹം വ്യക്തമാക്കി. സൈന്യത്തിന്റെ കരുത്തിൽ ഇത്തരം അതിക്രമങ്ങളെ രാജ്യം പ്രതിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
റമസാനിൽ വിലക്കയറ്റത്തിന് ‘ബ്രേക്ക്’! വിപണിയിൽ പിടിമുറുക്കി യുഎഇ; ഓരോ സാധനത്തിനും വിലവിവരപ്പട്ടിക നിർബന്ധം
റമസാൻ മാസത്തെ മുന്നോടിയായി വിപണിയിലെ വിലക്കയറ്റം തടയാൻ ശക്തമായ ഇടപെടലുമായി യുഎഇ സാമ്പത്തിക മന്ത്രാലയം രംഗത്ത്. കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്ന പ്രവണതകൾക്കും അനാവശ്യമായ വില വർധനയ്ക്കും കർശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്. 1,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള എല്ലാ റീട്ടെയിൽ കടകളിലും ഓരോ ഉൽപ്പന്നത്തിന്റെയും ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വില (ഉദാഹരണത്തിന് കിലോയ്ക്ക് എത്ര) വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഉപഭോക്താക്കൾക്ക് വ്യക്തമായ വില താരതമ്യം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം. ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമാണ്. അബ്ദുല്ല ബിൻ തൗഖ് അൽ മർറി യുഎഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രിയും ഉപഭോക്തൃ സംരക്ഷണ സമിതി അധ്യക്ഷനും, രാജ്യത്തെ ഭക്ഷ്യശേഖരം സുരക്ഷിതമാണെന്നും ദീർഘകാല വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും വ്യക്തമാക്കി. വിപണിയിലെ അവശ്യവസ്തുക്കളുടെ ലഭ്യതയും വിലസ്ഥിരതയും വിലയിരുത്താൻ അദ്ദേഹം എമിറേറ്റ്‌സ് കോ-ഓപറേറ്റീവ് സൊസൈറ്റി, സ്പിന്നീസ് തുടങ്ങിയ പ്രധാന ഔട്ട്‌ലെറ്റുകൾ സന്ദർശിച്ചു. 2022 ലെ കാബിനറ്റ് പ്രമേയം (നമ്പർ 120) പ്രകാരം, ഉൽപ്പന്നങ്ങളുടെ ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വിലയും നിർബന്ധമായും പ്രദർശിപ്പിക്കണം. നിയമലംഘനം കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് പരാതി നൽകാം.
ഇതിനോടകം തന്നെ പാചകഎണ്ണ, മുട്ട, പാൽ ഉൽപ്പന്നങ്ങൾ, അരി, പഞ്ചസാര, ചിക്കൻ, ഗോതമ്പ് തുടങ്ങിയ അടിസ്ഥാന സാധനങ്ങൾക്ക് മുൻകൂർ അനുമതിയില്ലാതെ വില വർധിപ്പിക്കുന്നത് മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. റമസാൻ പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും യാഥാർഥ്യമാണോയെന്ന് ഉറപ്പാക്കാൻ വിപണിയിൽ നേരിട്ടുള്ള നിരീക്ഷണവും തുടരും. വിപണിയിൽ ന്യായമായ മത്സരം ഉറപ്പാക്കുകയും അനാവശ്യ വിലക്കയറ്റം തടയുകയും ചെയ്യുക എന്നതാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. റമസാൻ മാസപ്പിറവി നിരീക്ഷണത്തിനായി ചൊവ്വാഴ്ച കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് മന്ത്രാലയത്തിന്റെ ഈ അടിയന്തര ഇടപെടൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt