ആശങ്ക വേണ്ട: ദുബായ് സുരക്ഷിതം, ടൂറിസം മേഖല വീണ്ടും തിരക്കിലേക്ക്

മേഖലയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങൾക്കിടയിലും ദുബായ് നഗരത്തിൽ ജനജീവിതം സാധാരണ നിലയിലാണെന്ന് അധികൃതർ വ്യക്തമാക്കി. പൊതുസേവനങ്ങളും സർക്കാർ സംവിധാനങ്ങളും തടസ്സമില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നും സ്ഥിതിഗതികൾ അധികൃതർ നിരന്തരം നിരീക്ഷിച്ചു വരികയാണെന്നും ദുബായ് സാമ്പത്തിക-വിനോദസഞ്ചാര വകുപ്പ് അറിയിച്ചു. ഡിഇടിയുടെ ട്രാവൽ അഡ്വൈസറിയിലാണ് ഈ വിശദീകരണം നൽകിയിരിക്കുന്നത്. നഗരത്തിലെ സുരക്ഷയും സേവനങ്ങളും സാധാരണ രീതിയിൽ തുടരുന്നതിനാൽ സന്ദർശകരും താമസക്കാരും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു.

വിമാന സർവീസുകൾ പുനരാരംഭിക്കുന്നു

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വ്യോമഗതാഗത തടസ്സങ്ങൾ പതുക്കെ മാറി വരികയാണ്. വിവിധ വിമാനക്കമ്പനികൾ അവരുടെ സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിച്ചു തുടങ്ങിയിട്ടുണ്ട്. എമിറേറ്റ്സ്, ഫ്ലൈ ദുബായ് തുടങ്ങിയ എയർലൈൻസുകൾ സർവീസുകൾ സാധാരണ നിലയിലാക്കാനുള്ള നടപടികൾ പുരോഗമിപ്പിക്കുകയാണ്. എന്നാൽ യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് തങ്ങളുടെ വിമാന സമയത്തെക്കുറിച്ച് എയർലൈൻസുമായി സ്ഥിരീകരണം നടത്തണമെന്ന് അധികൃതർ നിർദേശിച്ചു. അപ്രതീക്ഷിത ഷെഡ്യൂൾ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് ഈ മുന്നറിയിപ്പ്.

ടൂറിസം മേഖലയ്ക്ക് നിർദേശങ്ങൾ

യാത്രാ തടസ്സങ്ങൾ മൂലം ബുദ്ധിമുട്ടുന്ന വിനോദസഞ്ചാരികൾക്ക് സഹായം നൽകാൻ ഹോട്ടലുകളോടും ടൂറിസം സ്ഥാപനങ്ങളോടും അധികൃതർ ആവശ്യപ്പെട്ടു. ആവശ്യമായ സാഹചര്യങ്ങളിൽ താമസസൗകര്യം നീട്ടി നൽകുന്നതടക്കമുള്ള പിന്തുണ അതിഥികൾക്ക് ഉറപ്പാക്കണം. അതേസമയം, ഹോട്ടലുകളും ടൂറിസം കമ്പനികളും ഔദ്യോഗിക അറിയിപ്പുകൾ മാത്രമേ പിന്തുടരാവൂ എന്നും നിർദേശിച്ചിട്ടുണ്ട്. സന്ദർശകരുടെ സുരക്ഷയും സൗകര്യവുമാണ് പ്രധാന പരിഗണനയെന്ന് അധികൃതർ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

റമസാനിൽ വിലക്കയറ്റത്തിന് ‘ബ്രേക്ക്’! വിപണിയിൽ പിടിമുറുക്കി യുഎഇ; ഓരോ സാധനത്തിനും വിലവിവരപ്പട്ടിക നിർബന്ധം

റമസാൻ മാസത്തെ മുന്നോടിയായി വിപണിയിലെ വിലക്കയറ്റം തടയാൻ ശക്തമായ ഇടപെടലുമായി യുഎഇ സാമ്പത്തിക മന്ത്രാലയം രംഗത്ത്. കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്ന പ്രവണതകൾക്കും അനാവശ്യമായ വില വർധനയ്ക്കും കർശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്. 1,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള എല്ലാ റീട്ടെയിൽ കടകളിലും ഓരോ ഉൽപ്പന്നത്തിന്റെയും ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വില (ഉദാഹരണത്തിന് കിലോയ്ക്ക് എത്ര) വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഉപഭോക്താക്കൾക്ക് വ്യക്തമായ വില താരതമ്യം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം. ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമാണ്. അബ്ദുല്ല ബിൻ തൗഖ് അൽ മർറി യുഎഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രിയും ഉപഭോക്തൃ സംരക്ഷണ സമിതി അധ്യക്ഷനും, രാജ്യത്തെ ഭക്ഷ്യശേഖരം സുരക്ഷിതമാണെന്നും ദീർഘകാല വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും വ്യക്തമാക്കി. വിപണിയിലെ അവശ്യവസ്തുക്കളുടെ ലഭ്യതയും വിലസ്ഥിരതയും വിലയിരുത്താൻ അദ്ദേഹം എമിറേറ്റ്‌സ് കോ-ഓപറേറ്റീവ് സൊസൈറ്റി, സ്പിന്നീസ് തുടങ്ങിയ പ്രധാന ഔട്ട്‌ലെറ്റുകൾ സന്ദർശിച്ചു. 2022 ലെ കാബിനറ്റ് പ്രമേയം (നമ്പർ 120) പ്രകാരം, ഉൽപ്പന്നങ്ങളുടെ ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വിലയും നിർബന്ധമായും പ്രദർശിപ്പിക്കണം. നിയമലംഘനം കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് പരാതി നൽകാം.

ഇതിനോടകം തന്നെ പാചകഎണ്ണ, മുട്ട, പാൽ ഉൽപ്പന്നങ്ങൾ, അരി, പഞ്ചസാര, ചിക്കൻ, ഗോതമ്പ് തുടങ്ങിയ അടിസ്ഥാന സാധനങ്ങൾക്ക് മുൻകൂർ അനുമതിയില്ലാതെ വില വർധിപ്പിക്കുന്നത് മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. റമസാൻ പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും യാഥാർഥ്യമാണോയെന്ന് ഉറപ്പാക്കാൻ വിപണിയിൽ നേരിട്ടുള്ള നിരീക്ഷണവും തുടരും. വിപണിയിൽ ന്യായമായ മത്സരം ഉറപ്പാക്കുകയും അനാവശ്യ വിലക്കയറ്റം തടയുകയും ചെയ്യുക എന്നതാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. റമസാൻ മാസപ്പിറവി നിരീക്ഷണത്തിനായി ചൊവ്വാഴ്ച കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് മന്ത്രാലയത്തിന്റെ ഈ അടിയന്തര ഇടപെടൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version