
യുഎഇ ഉൾപ്പെടെയുള്ള ഏഴ് ഗൾഫ് രാജ്യങ്ങളിൽ മാർച്ച് 9 മുതൽ 11 വരെ നടത്താനിരുന്ന സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾ മാറ്റിവച്ചു. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യങ്ങൾ കണക്കിലെടുത്താണ് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷന്റെ (CBSE) ഈ തീരുമാനം. പുതുക്കിയ തീയതികൾ ഉടൻ പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു.
യുഎഇക്ക് പുറമെ ബഹ്‌റൈൻ, ഇറാൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളെയാണ് ഈ തീരുമാനം ബാധിക്കുക. നേരത്തെ പത്താം ക്ലാസിലെ ബാക്കിയുള്ള പരീക്ഷകൾ റദ്ദാക്കുകയും പന്ത്രണ്ടാം ക്ലാസിലെ ചില പരീക്ഷകൾ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. മാർച്ച് 10-ന് സാഹചര്യം വീണ്ടും വിലയിരുത്തിയ ശേഷം 12-ാം തീയതി മുതലുള്ള പരീക്ഷകളുടെ കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
പരീക്ഷകൾ നീണ്ടുപോകുന്നത് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഇടയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ഏപ്രിലിൽ നീറ്റ് (NEET) പരീക്ഷയ്ക്കായി നാട്ടിലേക്ക് പോകാൻ തയാറെടുക്കുന്നവർക്കും തുടർപഠനത്തിനായി തയ്യാറെടുക്കുന്നവർക്കും ഈ അനിശ്ചിതത്വം വെല്ലുവിളിയാകുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കായി സ്കൂളുകളുമായും ഔദ്യോഗിക അറിയിപ്പുകളുമായും ബന്ധപ്പെടാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
റമസാനിൽ വിലക്കയറ്റത്തിന് ‘ബ്രേക്ക്’! വിപണിയിൽ പിടിമുറുക്കി യുഎഇ; ഓരോ സാധനത്തിനും വിലവിവരപ്പട്ടിക നിർബന്ധം
റമസാൻ മാസത്തെ മുന്നോടിയായി വിപണിയിലെ വിലക്കയറ്റം തടയാൻ ശക്തമായ ഇടപെടലുമായി യുഎഇ സാമ്പത്തിക മന്ത്രാലയം രംഗത്ത്. കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്ന പ്രവണതകൾക്കും അനാവശ്യമായ വില വർധനയ്ക്കും കർശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്. 1,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള എല്ലാ റീട്ടെയിൽ കടകളിലും ഓരോ ഉൽപ്പന്നത്തിന്റെയും ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വില (ഉദാഹരണത്തിന് കിലോയ്ക്ക് എത്ര) വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഉപഭോക്താക്കൾക്ക് വ്യക്തമായ വില താരതമ്യം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം. ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമാണ്. അബ്ദുല്ല ബിൻ തൗഖ് അൽ മർറി യുഎഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രിയും ഉപഭോക്തൃ സംരക്ഷണ സമിതി അധ്യക്ഷനും, രാജ്യത്തെ ഭക്ഷ്യശേഖരം സുരക്ഷിതമാണെന്നും ദീർഘകാല വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും വ്യക്തമാക്കി. വിപണിയിലെ അവശ്യവസ്തുക്കളുടെ ലഭ്യതയും വിലസ്ഥിരതയും വിലയിരുത്താൻ അദ്ദേഹം എമിറേറ്റ്‌സ് കോ-ഓപറേറ്റീവ് സൊസൈറ്റി, സ്പിന്നീസ് തുടങ്ങിയ പ്രധാന ഔട്ട്‌ലെറ്റുകൾ സന്ദർശിച്ചു. 2022 ലെ കാബിനറ്റ് പ്രമേയം (നമ്പർ 120) പ്രകാരം, ഉൽപ്പന്നങ്ങളുടെ ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വിലയും നിർബന്ധമായും പ്രദർശിപ്പിക്കണം. നിയമലംഘനം കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് പരാതി നൽകാം.
ഇതിനോടകം തന്നെ പാചകഎണ്ണ, മുട്ട, പാൽ ഉൽപ്പന്നങ്ങൾ, അരി, പഞ്ചസാര, ചിക്കൻ, ഗോതമ്പ് തുടങ്ങിയ അടിസ്ഥാന സാധനങ്ങൾക്ക് മുൻകൂർ അനുമതിയില്ലാതെ വില വർധിപ്പിക്കുന്നത് മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. റമസാൻ പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും യാഥാർഥ്യമാണോയെന്ന് ഉറപ്പാക്കാൻ വിപണിയിൽ നേരിട്ടുള്ള നിരീക്ഷണവും തുടരും. വിപണിയിൽ ന്യായമായ മത്സരം ഉറപ്പാക്കുകയും അനാവശ്യ വിലക്കയറ്റം തടയുകയും ചെയ്യുക എന്നതാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. റമസാൻ മാസപ്പിറവി നിരീക്ഷണത്തിനായി ചൊവ്വാഴ്ച കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് മന്ത്രാലയത്തിന്റെ ഈ അടിയന്തര ഇടപെടൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt