
ദുബായ്: യുഎഇ വിദ്യാഭ്യാസ മന്ത്രാലയം വസന്തകാല അവധി ഈ മാസം 9 മുതൽ 22 വരെയായി പുനർനിശ്ചയിച്ചതിനെത്തുടർന്ന് രാജ്യത്തെ ഇന്ത്യൻ സ്കൂളുകളുടെ പരീക്ഷാ കലണ്ടറിലും അധ്യയന വർഷാരംഭത്തിലും മാറ്റങ്ങൾ വരുത്തി. ഷാർജയിലെ സ്കൂളുകൾ പുതിയ അധ്യയന വർഷം ആരംഭിക്കുന്നത് ഒരാഴ്ച കൂടി നീട്ടിയിട്ടുണ്ട്. ഈ മാസം 23ന് തുറക്കേണ്ടിയിരുന്ന സ്കൂളുകൾ ഇനി മാർച്ച് 30നായിരിക്കും പ്രവർത്തനം തുടങ്ങുക.
അവധിക്കാലം നേരത്തെയാക്കിയ സാഹചര്യത്തിൽ സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ അവസാനഘട്ട പരീക്ഷകളിൽ ആവശ്യമായ ക്രമീകരണങ്ങൾ വരുത്തിയിട്ടുണ്ട്. ചില സ്കൂളുകൾ പരീക്ഷകൾ ഓൺലൈൻ മോഡിലേക്ക് മാറ്റാൻ തീരുമാനിച്ചു. പരീക്ഷകൾ പൂർത്തിയാക്കാൻ സാധിക്കാത്ത സാഹചര്യമുണ്ടായാൽ വിദ്യാർഥികളുടെ മുൻകാല പ്രകടനം അടിസ്ഥാനമാക്കി ഫലം നിശ്ചയിക്കാൻ സ്കൂളുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. പരീക്ഷാ ഫലങ്ങൾ തയ്യാറാക്കുന്നതിനും രക്ഷിതാക്കൾക്കുള്ള ഓറിയന്റേഷൻ ക്ലാസുകൾക്കുമായി സ്കൂൾ പ്രിൻസിപ്പൽമാർ നൽകിയ അപേക്ഷ പരിഗണിച്ചാണ് ഷാർജ വിദ്യാഭ്യാസ അതോറിറ്റി ഒരാഴ്ചത്തെ ഇളവ് അനുവദിച്ചത്. വരാനിരിക്കുന്ന റമസാൻ മാസത്തെ കൂടി പരിഗണിച്ചാണ് ഈ മാറ്റങ്ങൾ നടപ്പിലാക്കുന്നത്.
ഇന്ത്യൻ സ്കൂളുകൾക്ക് മാർച്ച് അവസാനത്തോടെ അധ്യയന വർഷം അവസാനിക്കുന്നതിനാൽ നിലവിലെ മാറ്റങ്ങൾ വലിയ പ്രതിസന്ധിയുണ്ടാക്കില്ലെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. അജ്മാനിലെ സ്കൂളുകളും മന്ത്രാലയത്തിന്റെ നിർദ്ദേശാനുസരണം അവധി ക്രമീകരിച്ചിട്ടുണ്ട്. വിദ്യാർഥികളുടെ പഠനനിലവാരത്തോടൊപ്പം തന്നെ അവരുടെ മാനസിക ഉല്ലാസത്തിനും മുൻഗണന നൽകുന്ന രീതിയിലാണ് പുതിയ ക്രമീകരണങ്ങളെന്ന് സ്കൂൾ പ്രിൻസിപ്പൽമാർ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
റമസാനിൽ വിലക്കയറ്റത്തിന് ‘ബ്രേക്ക്’! വിപണിയിൽ പിടിമുറുക്കി യുഎഇ; ഓരോ സാധനത്തിനും വിലവിവരപ്പട്ടിക നിർബന്ധം
റമസാൻ മാസത്തെ മുന്നോടിയായി വിപണിയിലെ വിലക്കയറ്റം തടയാൻ ശക്തമായ ഇടപെടലുമായി യുഎഇ സാമ്പത്തിക മന്ത്രാലയം രംഗത്ത്. കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്ന പ്രവണതകൾക്കും അനാവശ്യമായ വില വർധനയ്ക്കും കർശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്. 1,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള എല്ലാ റീട്ടെയിൽ കടകളിലും ഓരോ ഉൽപ്പന്നത്തിന്റെയും ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വില (ഉദാഹരണത്തിന് കിലോയ്ക്ക് എത്ര) വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഉപഭോക്താക്കൾക്ക് വ്യക്തമായ വില താരതമ്യം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം. ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമാണ്. അബ്ദുല്ല ബിൻ തൗഖ് അൽ മർറി യുഎഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രിയും ഉപഭോക്തൃ സംരക്ഷണ സമിതി അധ്യക്ഷനും, രാജ്യത്തെ ഭക്ഷ്യശേഖരം സുരക്ഷിതമാണെന്നും ദീർഘകാല വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും വ്യക്തമാക്കി. വിപണിയിലെ അവശ്യവസ്തുക്കളുടെ ലഭ്യതയും വിലസ്ഥിരതയും വിലയിരുത്താൻ അദ്ദേഹം എമിറേറ്റ്‌സ് കോ-ഓപറേറ്റീവ് സൊസൈറ്റി, സ്പിന്നീസ് തുടങ്ങിയ പ്രധാന ഔട്ട്‌ലെറ്റുകൾ സന്ദർശിച്ചു. 2022 ലെ കാബിനറ്റ് പ്രമേയം (നമ്പർ 120) പ്രകാരം, ഉൽപ്പന്നങ്ങളുടെ ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വിലയും നിർബന്ധമായും പ്രദർശിപ്പിക്കണം. നിയമലംഘനം കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് പരാതി നൽകാം.
ഇതിനോടകം തന്നെ പാചകഎണ്ണ, മുട്ട, പാൽ ഉൽപ്പന്നങ്ങൾ, അരി, പഞ്ചസാര, ചിക്കൻ, ഗോതമ്പ് തുടങ്ങിയ അടിസ്ഥാന സാധനങ്ങൾക്ക് മുൻകൂർ അനുമതിയില്ലാതെ വില വർധിപ്പിക്കുന്നത് മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. റമസാൻ പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും യാഥാർഥ്യമാണോയെന്ന് ഉറപ്പാക്കാൻ വിപണിയിൽ നേരിട്ടുള്ള നിരീക്ഷണവും തുടരും. വിപണിയിൽ ന്യായമായ മത്സരം ഉറപ്പാക്കുകയും അനാവശ്യ വിലക്കയറ്റം തടയുകയും ചെയ്യുക എന്നതാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. റമസാൻ മാസപ്പിറവി നിരീക്ഷണത്തിനായി ചൊവ്വാഴ്ച കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് മന്ത്രാലയത്തിന്റെ ഈ അടിയന്തര ഇടപെടൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt