പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം; ഗൾഫ് രാജ്യങ്ങളിൽ പകൽ ശാന്തം, രാത്രിയാക്രമണം കടുപ്പിച്ച് ഇറാൻ

പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷം രൂക്ഷമാകുന്നതിനിടെ ഗൾഫ് രാജ്യങ്ങളിലേക്ക് ഇറാൻ വീണ്ടും ആക്രമണം ശക്തമാക്കി. പകൽ സമയത്ത് സ്ഥിതി ഏറെക്കുറെ ശാന്തമായിരുന്നുവെങ്കിലും രാത്രി ആക്രമണങ്ങൾ വീണ്ടും ശക്തമായതോടെ മേഖലയിൽ ആശങ്ക ഉയർന്നിരിക്കുകയാണ്. വിവിധ ഗൾഫ് രാജ്യങ്ങളിൽ ഡ്രോൺ, മിസൈൽ ആക്രമണങ്ങളുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. യുഎഇയിലെ അബുദാബി മുസഫയിലെ ഐകാഡ്-2 വ്യവസായ മേഖലയിലേക്കുള്ള ഡ്രോൺ ആക്രമണം പ്രതിരോധിക്കുന്നതിനിടെ അവശിഷ്ടങ്ങൾ പതിച്ച് ആറു പേർക്ക് പരുക്കേറ്റതായി അധികൃതർ സ്ഥിരീകരിച്ചു. പാക്കിസ്ഥാൻ, നേപ്പാൾ സ്വദേശികളാണ് പരുക്കേറ്റവരിൽ ഉൾപ്പെടുന്നത്. ഇതോടെ ഇറാൻ ആക്രമണങ്ങളിൽ യുഎഇയിൽ പരുക്കേറ്റവരുടെ എണ്ണം 94 ആയി ഉയർന്നതായും മൂന്ന് പേർ മരണപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

കുവൈത്തിലെ വടക്ക്-പടിഞ്ഞാറൻ മേഖലയിലുള്ള യുഎസ് സൈനിക താവളമായ ക്യാംപ് ബ്യൂറിങ്ങിനെ ലക്ഷ്യമിട്ട് ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതായും വിവരം പുറത്തുവന്നു. അതേസമയം ഒമാനിലെ ഒരു എണ്ണ സംഭരണ ടാങ്കിന് നേരെ ഉണ്ടായ മിസൈൽ ആക്രമണത്തിൽ ചില കേടുപാടുകൾ ഉണ്ടായെങ്കിലും വലിയ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് ഒമാൻ അധികൃതർ അറിയിച്ചു.

ഖത്തറിലെ ദോഹയിൽ യുഎസ് എംബസിക്ക് സമീപമുള്ള താമസക്കാരെ മുൻകരുതൽ നടപടിയായി താൽക്കാലികമായി ഒഴിപ്പിച്ചതായി ഖത്തർ അറിയിച്ചു. അതേസമയം കുവൈത്തിലെ മുബാറക് അൽ കബീർ തുറമുഖത്ത് ഇറാൻ ആക്രമണം നടന്നെന്ന വാർത്തകൾ കുവൈത്ത് സർക്കാർ നിഷേധിച്ചു. രാജ്യത്തിന്റെ സമുദ്രാതിർത്തിയിൽ നിന്ന് ഏകദേശം 37 മൈൽ അകലെയായിരുന്നു സംഭവം നടന്നതെന്ന് അധികൃതർ വ്യക്തമാക്കി. യുഎഇക്കെതിരെ ഇന്നലെ ഏഴ് ബാലിസ്റ്റിക് മിസൈലുകളും 131 ഡ്രോണുകളും ഇറാൻ പ്രയോഗിച്ചതായി റിപ്പോർട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞുവെന്നാണ് വിവരം. ഒരു ബാലിസ്റ്റിക് മിസൈൽ ഭൂമിയിൽ പതിച്ചതായും 125 ഡ്രോണുകൾ പ്രതിരോധിച്ചെന്നും ആറു ഡ്രോണുകൾ നിലത്ത് വീണതായും അധികൃതർ അറിയിച്ചു.

സംഘർഷാവസ്ഥ തുടരുന്നതിനിടെ വിമാന സർവീസുകളും ഭാഗികമായി പുനരാരംഭിക്കുന്നുണ്ട്. യുഎഇയിൽ നിന്നായി ഇന്നലെയും ഇന്നുമായി ഏകദേശം 100 വിമാന സർവീസുകൾ പ്രഖ്യാപിച്ചതായി എമിറേറ്റ്സ് അറിയിച്ചു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളവും ഭാഗികമായി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന വിദേശികൾക്ക് ആവശ്യത്തിന് വിമാന സർവീസുകൾ ഒരുക്കാൻ തയ്യാറാണെന്ന് ഒമാൻ വിദേശകാര്യ മന്ത്രി ബദർ ബിൻ ഹമദ് അൽ ബുസെയ്ദി അറിയിച്ചു. വിവിധ രാജ്യങ്ങളുമായി ഇതുസംബന്ധിച്ച് ചർച്ചകൾ തുടരുകയാണെന്നും എല്ലാ രാജ്യക്കാരെയും സുരക്ഷിതമായി വീടുകളിലെത്തിക്കാൻ ഒമാൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ യുഎഇയ്ക്ക് പുറത്തു കുടുങ്ങിയ യുഎഇ താമസ വീസക്കാർക്ക് സഹായമായി 15 ജിബി ഡാറ്റയും പരിധിയില്ലാത്ത ഔട്ട്‌ഗോയിങ് കോളുകളും അനുവദിച്ചതായി ഡു ടെലികോം അറിയിച്ചു.

സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങൾക്ക് വ്യോമ പ്രതിരോധ സഹായം നൽകുമെന്ന് യൂറോപ്യൻ യൂണിയനും ഇറ്റലിയും പ്രഖ്യാപിച്ചു. ബഹ്റൈനിലും സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തികരമായ വിഡിയോകൾ പ്രചരിപ്പിച്ചതിനും ഇറാൻ ആക്രമണവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ ചിത്രീകരിച്ച് പങ്കുവെച്ചതിനുമായി ബഹ്റൈനിൽ നാല് പേരെ അറസ്റ്റ് ചെയ്തു. കുവൈത്ത് സായുധ സേനയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പോസ്റ്റുകൾ പങ്കുവെച്ചതിനും രാജ്യാന്തര ബന്ധങ്ങളെ ബാധിക്കുന്ന രീതിയിൽ പ്രതികരിച്ചതിനും മൂന്ന് പേരെ കുവൈത്ത് അധികൃതർ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

റമസാനിൽ വിലക്കയറ്റത്തിന് ‘ബ്രേക്ക്’! വിപണിയിൽ പിടിമുറുക്കി യുഎഇ; ഓരോ സാധനത്തിനും വിലവിവരപ്പട്ടിക നിർബന്ധം

റമസാൻ മാസത്തെ മുന്നോടിയായി വിപണിയിലെ വിലക്കയറ്റം തടയാൻ ശക്തമായ ഇടപെടലുമായി യുഎഇ സാമ്പത്തിക മന്ത്രാലയം രംഗത്ത്. കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്ന പ്രവണതകൾക്കും അനാവശ്യമായ വില വർധനയ്ക്കും കർശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്. 1,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള എല്ലാ റീട്ടെയിൽ കടകളിലും ഓരോ ഉൽപ്പന്നത്തിന്റെയും ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വില (ഉദാഹരണത്തിന് കിലോയ്ക്ക് എത്ര) വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഉപഭോക്താക്കൾക്ക് വ്യക്തമായ വില താരതമ്യം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം. ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമാണ്. അബ്ദുല്ല ബിൻ തൗഖ് അൽ മർറി യുഎഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രിയും ഉപഭോക്തൃ സംരക്ഷണ സമിതി അധ്യക്ഷനും, രാജ്യത്തെ ഭക്ഷ്യശേഖരം സുരക്ഷിതമാണെന്നും ദീർഘകാല വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും വ്യക്തമാക്കി. വിപണിയിലെ അവശ്യവസ്തുക്കളുടെ ലഭ്യതയും വിലസ്ഥിരതയും വിലയിരുത്താൻ അദ്ദേഹം എമിറേറ്റ്‌സ് കോ-ഓപറേറ്റീവ് സൊസൈറ്റി, സ്പിന്നീസ് തുടങ്ങിയ പ്രധാന ഔട്ട്‌ലെറ്റുകൾ സന്ദർശിച്ചു. 2022 ലെ കാബിനറ്റ് പ്രമേയം (നമ്പർ 120) പ്രകാരം, ഉൽപ്പന്നങ്ങളുടെ ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വിലയും നിർബന്ധമായും പ്രദർശിപ്പിക്കണം. നിയമലംഘനം കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് പരാതി നൽകാം.

ഇതിനോടകം തന്നെ പാചകഎണ്ണ, മുട്ട, പാൽ ഉൽപ്പന്നങ്ങൾ, അരി, പഞ്ചസാര, ചിക്കൻ, ഗോതമ്പ് തുടങ്ങിയ അടിസ്ഥാന സാധനങ്ങൾക്ക് മുൻകൂർ അനുമതിയില്ലാതെ വില വർധിപ്പിക്കുന്നത് മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. റമസാൻ പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും യാഥാർഥ്യമാണോയെന്ന് ഉറപ്പാക്കാൻ വിപണിയിൽ നേരിട്ടുള്ള നിരീക്ഷണവും തുടരും. വിപണിയിൽ ന്യായമായ മത്സരം ഉറപ്പാക്കുകയും അനാവശ്യ വിലക്കയറ്റം തടയുകയും ചെയ്യുക എന്നതാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. റമസാൻ മാസപ്പിറവി നിരീക്ഷണത്തിനായി ചൊവ്വാഴ്ച കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് മന്ത്രാലയത്തിന്റെ ഈ അടിയന്തര ഇടപെടൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy