
അജ്മാൻ എമിറേറ്റിൽ ഉടമസ്ഥരില്ലാത്തതോ കളഞ്ഞുകിട്ടിയതോ ആയ വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിന് പുതിയ നിയമപരിഷ്കാരവുമായി ഭരണാധികാരി ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി. 2026-ലെ രണ്ടാം നമ്പർ നിയമപ്രകാരം, വഴിയിൽ നിന്നോ പൊതുസ്ഥലങ്ങളിൽ നിന്നോ ലഭിക്കുന്ന മൂല്യമുള്ള ഏതൊരു വസ്തുവും 48 മണിക്കൂറിനുള്ളിൽ തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കേണ്ടത് ഇനി നിർബന്ധമാണ്. മതിയായ കാരണങ്ങളില്ലാതെ ഇത്തരം വസ്തുക്കൾ കൈവശം വയ്ക്കുന്നത് നിയമലംഘനമായി കണക്കാക്കും.
പുതിയ നിയമം അനുസരിച്ച്, കളഞ്ഞുകിട്ടുന്ന വസ്തുക്കൾ സത്യസന്ധമായി കൈമാറുന്ന വ്യക്തികൾക്ക് അജ്മാൻ പോലീസ് പ്രശംസാപത്രമോ സാമ്പത്തിക പാരിതോഷികമോ നൽകി ആദരിക്കും. അതേസമയം, ലഭിച്ച സാധനങ്ങൾ സ്വന്തം ആവശ്യത്തിനായി ഉപയോഗിക്കുകയോ ഒളിപ്പിച്ചു വെക്കുകയോ ചെയ്താൽ കർശനമായ നിയമനടപടികൾ നേരിടേണ്ടി വരും. പോലീസ് ഈ വസ്തുക്കൾ പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തുകയും യഥാർത്ഥ ഉടമസ്ഥനെ കണ്ടെത്താൻ പരസ്യമായ അറിയിപ്പുകൾ നൽകുകയും ചെയ്യും.
കളഞ്ഞുപോയ സാധനങ്ങൾ വിറ്റഴിക്കുന്നതിന് മുൻപ് ഉടമസ്ഥന് പോലീസിൽ നിന്ന് അത് തിരികെ വാങ്ങാം. പോലീസ് ലേലം ചെയ്ത വസ്തുവാണെങ്കിൽ പോലും, വിറ്റ തുക അഞ്ച് വർഷത്തിനുള്ളിൽ ഉടമയ്ക്ക് ക്ലെയിം ചെയ്യാവുന്നതാണ്. എന്നാൽ 15 വർഷം കഴിഞ്ഞാൽ ഇത്തരം പരാതികളിൽ അവകാശവാദം ഉന്നയിക്കാൻ സാധിക്കില്ലെന്ന് നിയമം വ്യക്തമാക്കുന്നു. അതേസമയം, അലഞ്ഞുതിരിയുന്ന മൃഗങ്ങൾ ഈ നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന കാര്യവും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. റമസാൻ മാസത്തിന്റെ പുണ്യം ഉൾക്കൊണ്ട് പൊതുമുതൽ ദുരുപയോഗം ചെയ്യാതെ നിയമം കർശനമായി പാലിക്കണമെന്ന് അജ്മാൻ പോലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
റമസാനിൽ വിലക്കയറ്റത്തിന് ‘ബ്രേക്ക്’! വിപണിയിൽ പിടിമുറുക്കി യുഎഇ; ഓരോ സാധനത്തിനും വിലവിവരപ്പട്ടിക നിർബന്ധം
റമസാൻ മാസത്തെ മുന്നോടിയായി വിപണിയിലെ വിലക്കയറ്റം തടയാൻ ശക്തമായ ഇടപെടലുമായി യുഎഇ സാമ്പത്തിക മന്ത്രാലയം രംഗത്ത്. കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്ന പ്രവണതകൾക്കും അനാവശ്യമായ വില വർധനയ്ക്കും കർശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്. 1,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള എല്ലാ റീട്ടെയിൽ കടകളിലും ഓരോ ഉൽപ്പന്നത്തിന്റെയും ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വില (ഉദാഹരണത്തിന് കിലോയ്ക്ക് എത്ര) വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഉപഭോക്താക്കൾക്ക് വ്യക്തമായ വില താരതമ്യം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം. ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമാണ്. അബ്ദുല്ല ബിൻ തൗഖ് അൽ മർറി യുഎഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രിയും ഉപഭോക്തൃ സംരക്ഷണ സമിതി അധ്യക്ഷനും, രാജ്യത്തെ ഭക്ഷ്യശേഖരം സുരക്ഷിതമാണെന്നും ദീർഘകാല വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും വ്യക്തമാക്കി. വിപണിയിലെ അവശ്യവസ്തുക്കളുടെ ലഭ്യതയും വിലസ്ഥിരതയും വിലയിരുത്താൻ അദ്ദേഹം എമിറേറ്റ്സ് കോ-ഓപറേറ്റീവ് സൊസൈറ്റി, സ്പിന്നീസ് തുടങ്ങിയ പ്രധാന ഔട്ട്ലെറ്റുകൾ സന്ദർശിച്ചു. 2022 ലെ കാബിനറ്റ് പ്രമേയം (നമ്പർ 120) പ്രകാരം, ഉൽപ്പന്നങ്ങളുടെ ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വിലയും നിർബന്ധമായും പ്രദർശിപ്പിക്കണം. നിയമലംഘനം കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് പരാതി നൽകാം.
ഇതിനോടകം തന്നെ പാചകഎണ്ണ, മുട്ട, പാൽ ഉൽപ്പന്നങ്ങൾ, അരി, പഞ്ചസാര, ചിക്കൻ, ഗോതമ്പ് തുടങ്ങിയ അടിസ്ഥാന സാധനങ്ങൾക്ക് മുൻകൂർ അനുമതിയില്ലാതെ വില വർധിപ്പിക്കുന്നത് മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. റമസാൻ പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും യാഥാർഥ്യമാണോയെന്ന് ഉറപ്പാക്കാൻ വിപണിയിൽ നേരിട്ടുള്ള നിരീക്ഷണവും തുടരും. വിപണിയിൽ ന്യായമായ മത്സരം ഉറപ്പാക്കുകയും അനാവശ്യ വിലക്കയറ്റം തടയുകയും ചെയ്യുക എന്നതാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. റമസാൻ മാസപ്പിറവി നിരീക്ഷണത്തിനായി ചൊവ്വാഴ്ച കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് മന്ത്രാലയത്തിന്റെ ഈ അടിയന്തര ഇടപെടൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt