ഐസിയുവിൽ നിന്ന് ജയിലിലേക്ക്, ഒടുവിൽ രണ്ടാം ജന്മം! ‍വേദനകളും വീഴ്ചകളും തുറന്നുപറഞ്ഞ് പ്രമുഖ നടി

കുവൈത്തിലും യുഎഇയിലുമായി ജീവിക്കുന്ന റവാൻ ബിൻ ഹുസൈൻ മധ്യപൂർവേഷ്യയിലെ ഏറ്റവും പ്രശസ്തയായ ഡിജിറ്റൽ വ്യക്തിത്വങ്ങളിൽ ഒരാളാണ്. ഇൻസ്റ്റഗ്രാമിൽ മാത്രം 70 ലക്ഷത്തിലേറെ ആരാധകരുള്ള അവർ ഫാഷൻ, സൗന്ദര്യം, ലൈഫ് സ്റ്റൈൽ രംഗത്തെ പ്രമുഖ ബ്രാൻഡുകളുടെ മുഖമായിരുന്നു. വെറുമൊരു ഇൻഫ്ലുവൻസർ എന്നതിലുപരി സംരംഭകയായും ഗായികയായും നടിയായും തന്റെ സാമ്രാജ്യം വളർത്തിയ റവാന്റെ ജീവിതത്തിന് പുറമെ കണ്ട തിളക്കം മാത്രമായിരുന്നില്ല ഉണ്ടായിരുന്നതെന്ന് താരം ഇപ്പോൾ സമ്മതിക്കുന്നു. 2024 നവംബറിൽ താൻ ഐസിയുവിലായിരുന്നുവെന്നും ലോകത്തിന് മുന്നിൽ എല്ലാം ഉണ്ടായിരുന്നുവെങ്കിലും ഉള്ളാലെ തകർന്നുപോയ അവസ്ഥയിലായിരുന്നുവെന്നും താരം വെളിപ്പെടുത്തി.

വിവാഹമോചനവും അതിന് പിന്നാലെ വന്ന അമ്മയുടെ മരണവും റവാനെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കി. ഈ വേദനകൾ മറക്കാൻ ലഹരിമരുന്നുകളെ ആശ്രയിച്ചതും തെറ്റായ സുഹൃദ്‌വലയങ്ങളിൽ ചെന്നുപെട്ടതും ജീവിതത്തിന്റെ പ്രഭ കെടുത്തി. അമിതമായി ജോലി ചെയ്തും മണിക്കൂറുകളോളം വ്യായാമം ചെയ്തും സ്വയം ശിക്ഷിച്ച ആ കാലഘട്ടത്തെ താരം അതീവ വികാരാധീനയായാണ് ഓർത്തെടുക്കുന്നത്. പൊതുരംഗത്തെ അപമര്യാദയായ പെരുമാറ്റവുമായി ബന്ധപ്പെട്ട ഒരു കേസിൽ യുഎഇയിൽ ആറുമാസത്തെ ജയിൽശിക്ഷ അനുഭവിച്ച് ഈ മാസമാദ്യമാണ് താരം പുറത്തിറങ്ങിയത്. ആ ജയിൽവാസം തന്നെ വലിയൊരു ദുരന്തത്തിൽ നിന്ന് രക്ഷിച്ചുവെന്നും എല്ലാം നഷ്ടപ്പെട്ടപ്പോഴാണ് താൻ എത്രമാത്രം അനുഗ്രഹിക്കപ്പെട്ടവളാണെന്ന് തിരിച്ചറിഞ്ഞതെന്നും താരം പറയുന്നു.

മുൻകാലങ്ങളിൽ ആഡംബര വസ്ത്രങ്ങളും വിപുലമായ ഇഫ്താർ വിരുന്നുകളും സമൂഹമാധ്യമത്തിൽ ആഘോഷമാക്കിയിരുന്ന താരം ഇത്തവണ മാറ്റത്തിന്റെ പാതയിലാണ്. ഈ വർഷത്തെ റമസാൻ സ്രഷ്ടാവിനായി സമർപ്പിക്കുന്നുവെന്നും തന്റെ രണ്ടാം ജന്മം വളർച്ചയ്ക്കും മാറ്റത്തിനുമായി മാറ്റിവയ്ക്കുന്നുവെന്നും റവാൻ പ്രഖ്യാപിച്ചു. ഹോളിവുഡ് നടി ബ്രൂക്ക് ഷീൽഡ്‌സുമായുള്ള രൂപസാദൃശ്യം കാരണം ‘കുവൈത്തിലെ ബ്രൂക്ക് ഷീൽഡ്സ്’ എന്ന് അറിയപ്പെടുന്ന റവാൻ ലണ്ടനിൽ നിന്നാണ് നിയമബിരുദം പൂർത്തിയാക്കിയത്. തന്റെ വീഴ്ചകളിൽ നിന്ന് കരുത്തോടെ എഴുന്നേൽക്കുന്ന ഒരു വനിതയുടെ ആത്മവിശ്വാസമാണ് ഇപ്പോൾ ആരാധകർക്ക് മുന്നിൽ റവാൻ പങ്കുവയ്ക്കുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

റമസാനിൽ വിലക്കയറ്റത്തിന് ‘ബ്രേക്ക്’! വിപണിയിൽ പിടിമുറുക്കി യുഎഇ; ഓരോ സാധനത്തിനും വിലവിവരപ്പട്ടിക നിർബന്ധം

റമസാൻ മാസത്തെ മുന്നോടിയായി വിപണിയിലെ വിലക്കയറ്റം തടയാൻ ശക്തമായ ഇടപെടലുമായി യുഎഇ സാമ്പത്തിക മന്ത്രാലയം രംഗത്ത്. കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്ന പ്രവണതകൾക്കും അനാവശ്യമായ വില വർധനയ്ക്കും കർശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്. 1,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള എല്ലാ റീട്ടെയിൽ കടകളിലും ഓരോ ഉൽപ്പന്നത്തിന്റെയും ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വില (ഉദാഹരണത്തിന് കിലോയ്ക്ക് എത്ര) വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഉപഭോക്താക്കൾക്ക് വ്യക്തമായ വില താരതമ്യം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം. ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമാണ്. അബ്ദുല്ല ബിൻ തൗഖ് അൽ മർറി യുഎഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രിയും ഉപഭോക്തൃ സംരക്ഷണ സമിതി അധ്യക്ഷനും, രാജ്യത്തെ ഭക്ഷ്യശേഖരം സുരക്ഷിതമാണെന്നും ദീർഘകാല വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും വ്യക്തമാക്കി. വിപണിയിലെ അവശ്യവസ്തുക്കളുടെ ലഭ്യതയും വിലസ്ഥിരതയും വിലയിരുത്താൻ അദ്ദേഹം എമിറേറ്റ്‌സ് കോ-ഓപറേറ്റീവ് സൊസൈറ്റി, സ്പിന്നീസ് തുടങ്ങിയ പ്രധാന ഔട്ട്‌ലെറ്റുകൾ സന്ദർശിച്ചു. 2022 ലെ കാബിനറ്റ് പ്രമേയം (നമ്പർ 120) പ്രകാരം, ഉൽപ്പന്നങ്ങളുടെ ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വിലയും നിർബന്ധമായും പ്രദർശിപ്പിക്കണം. നിയമലംഘനം കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് പരാതി നൽകാം.

ഇതിനോടകം തന്നെ പാചകഎണ്ണ, മുട്ട, പാൽ ഉൽപ്പന്നങ്ങൾ, അരി, പഞ്ചസാര, ചിക്കൻ, ഗോതമ്പ് തുടങ്ങിയ അടിസ്ഥാന സാധനങ്ങൾക്ക് മുൻകൂർ അനുമതിയില്ലാതെ വില വർധിപ്പിക്കുന്നത് മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. റമസാൻ പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും യാഥാർഥ്യമാണോയെന്ന് ഉറപ്പാക്കാൻ വിപണിയിൽ നേരിട്ടുള്ള നിരീക്ഷണവും തുടരും. വിപണിയിൽ ന്യായമായ മത്സരം ഉറപ്പാക്കുകയും അനാവശ്യ വിലക്കയറ്റം തടയുകയും ചെയ്യുക എന്നതാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. റമസാൻ മാസപ്പിറവി നിരീക്ഷണത്തിനായി ചൊവ്വാഴ്ച കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് മന്ത്രാലയത്തിന്റെ ഈ അടിയന്തര ഇടപെടൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version