ആകാശം കീഴടക്കാൻ ഇത്തിഹാദ്; ആയിരക്കണക്കിന് തൊഴിലവസരങ്ങളും കോടികളുടെ നിക്ഷേപവുമായി വമ്പൻ കുതിപ്പ്!

അബൂദബി: ആഗോള വ്യോമയാന വിപണിയിൽ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനൊരുങ്ങി യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേയ്‌സ്. കഴിഞ്ഞ സാമ്പത്തിക വർഷം ലാഭത്തിൽ 47 ശതമാനത്തിന്റെ വൻ വർധന രേഖപ്പെടുത്തിയതോടെയാണ് തൊഴിലന്വേഷകർക്കും യാത്രക്കാർക്കും ഒരുപോലെ ആവേശകരമായ പുതിയ പ്രഖ്യാപനങ്ങൾ കമ്പനി നടത്തിയത്.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പ്രതിവർഷം മൂവായിരത്തോളം പുതിയ ജീവനക്കാരെ നിയമിക്കാനാണ് ഇത്തിഹാദിന്റെ മെഗാ റിക്രൂട്ട്‌മെന്റ് പ്ലാൻ ലക്ഷ്യമിടുന്നത്. പൈലറ്റുമാർ, കാബിൻ ക്രൂ തുടങ്ങിയ തസ്തികകളിലായിരിക്കും പ്രധാനമായും നിയമനം നടക്കുക. ഇതിനോടകം തന്നെ 152 രാജ്യങ്ങളിൽ നിന്നുള്ളവർ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ വരും വർഷങ്ങളിൽ കൂടുതൽ ഇന്ത്യക്കാർക്കും അവസരം ലഭിക്കുമെന്ന് ഉറപ്പാണ്. കഴിഞ്ഞ വർഷം മാത്രം 3,200 പേരെ പുതുതായി നിയമിച്ച കമ്പനി, നിലവിലുള്ള രണ്ടായിരത്തിലധികം ജീവനക്കാർക്ക് സ്ഥാനക്കയറ്റവും നൽകിയിരുന്നു.

തൊഴിൽ അവസരങ്ങൾക്കൊപ്പം തന്നെ വിമാനശൃംഖല വിപുലീകരിക്കാനും ഇത്തിഹാദ് വൻ നിക്ഷേപമാണ് നടത്തുന്നത്. പുതിയ വിമാനങ്ങൾ വാങ്ങുന്നതിനായി മാത്രം 8,000 കോടി ദിർഹം അഥവാ ഏകദേശം 1.8 ലക്ഷം കോടി രൂപയാണ് കമ്പനി മാറ്റിവെച്ചിരിക്കുന്നത്. ഓരോ വർഷവും ശരാശരി 20 പുതിയ വിമാനങ്ങൾ വീതം പുറത്തിറക്കി സർവീസുകൾ കൂടുതൽ കാര്യക്ഷമമാക്കാനാണ് സി.ഇ.ഒ അന്‍റോനോൾഡോ നെവ്​സിന്റെ നേതൃത്വത്തിലുള്ള തീരുമാനം.

കണക്കുകൾ പരിശോധിക്കുമ്പോൾ ഇത്തിഹാദിന്റെ വളർച്ച വിസ്മയിപ്പിക്കുന്നതാണ്. 2025-ൽ കമ്പനിയുടെ ലാഭം 260 കോടി ദിർഹമായി ഉയർന്നു. യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായ 21 ശതമാനത്തിന്റെ വർധനവാണ് ഈ നേട്ടത്തിന് പ്രധാനമായും കരുത്തേകിയത്. ഇതോടെ ഇത്തിഹാദിന്റെ വിമാനങ്ങളുടെ എണ്ണം ചരിത്രത്തിലാദ്യമായി 127 ആയി ഉയർന്നു. പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനൊപ്പം തന്നെ യുഎഇയുടെ ദേശീയ പ്രതിഭകളെ കാഡറ്റ് പൈലറ്റ് പ്രോഗ്രാമുകളിലൂടെയും മറ്റും വളർത്തിയെടുക്കാനും കമ്പനി പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

റമസാനിൽ വിലക്കയറ്റത്തിന് ‘ബ്രേക്ക്’! വിപണിയിൽ പിടിമുറുക്കി യുഎഇ; ഓരോ സാധനത്തിനും വിലവിവരപ്പട്ടിക നിർബന്ധം

റമസാൻ മാസത്തെ മുന്നോടിയായി വിപണിയിലെ വിലക്കയറ്റം തടയാൻ ശക്തമായ ഇടപെടലുമായി യുഎഇ സാമ്പത്തിക മന്ത്രാലയം രംഗത്ത്. കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്ന പ്രവണതകൾക്കും അനാവശ്യമായ വില വർധനയ്ക്കും കർശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്. 1,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള എല്ലാ റീട്ടെയിൽ കടകളിലും ഓരോ ഉൽപ്പന്നത്തിന്റെയും ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വില (ഉദാഹരണത്തിന് കിലോയ്ക്ക് എത്ര) വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഉപഭോക്താക്കൾക്ക് വ്യക്തമായ വില താരതമ്യം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം. ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമാണ്. അബ്ദുല്ല ബിൻ തൗഖ് അൽ മർറി യുഎഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രിയും ഉപഭോക്തൃ സംരക്ഷണ സമിതി അധ്യക്ഷനും, രാജ്യത്തെ ഭക്ഷ്യശേഖരം സുരക്ഷിതമാണെന്നും ദീർഘകാല വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും വ്യക്തമാക്കി. വിപണിയിലെ അവശ്യവസ്തുക്കളുടെ ലഭ്യതയും വിലസ്ഥിരതയും വിലയിരുത്താൻ അദ്ദേഹം എമിറേറ്റ്‌സ് കോ-ഓപറേറ്റീവ് സൊസൈറ്റി, സ്പിന്നീസ് തുടങ്ങിയ പ്രധാന ഔട്ട്‌ലെറ്റുകൾ സന്ദർശിച്ചു. 2022 ലെ കാബിനറ്റ് പ്രമേയം (നമ്പർ 120) പ്രകാരം, ഉൽപ്പന്നങ്ങളുടെ ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വിലയും നിർബന്ധമായും പ്രദർശിപ്പിക്കണം. നിയമലംഘനം കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് പരാതി നൽകാം.

ഇതിനോടകം തന്നെ പാചകഎണ്ണ, മുട്ട, പാൽ ഉൽപ്പന്നങ്ങൾ, അരി, പഞ്ചസാര, ചിക്കൻ, ഗോതമ്പ് തുടങ്ങിയ അടിസ്ഥാന സാധനങ്ങൾക്ക് മുൻകൂർ അനുമതിയില്ലാതെ വില വർധിപ്പിക്കുന്നത് മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. റമസാൻ പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും യാഥാർഥ്യമാണോയെന്ന് ഉറപ്പാക്കാൻ വിപണിയിൽ നേരിട്ടുള്ള നിരീക്ഷണവും തുടരും. വിപണിയിൽ ന്യായമായ മത്സരം ഉറപ്പാക്കുകയും അനാവശ്യ വിലക്കയറ്റം തടയുകയും ചെയ്യുക എന്നതാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. റമസാൻ മാസപ്പിറവി നിരീക്ഷണത്തിനായി ചൊവ്വാഴ്ച കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് മന്ത്രാലയത്തിന്റെ ഈ അടിയന്തര ഇടപെടൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy