
കുവൈത്തിലെ സ്വർണ്ണക്കടയിൽ നിന്ന് ഏകദേശം രണ്ട് മില്യൺ കുവൈത്ത് ദിനാറോളം വിലവരുന്ന ആഭരണങ്ങളും സ്വർണ്ണക്കട്ടികളും മോഷ്ടിച്ച കേസിൽ ഏഷ്യൻ പ്രവാസിയെ അറസ്റ്റ് ചെയ്തു. ക്യാപിറ്റൽ ഗവർണറേറ്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റാണ് പ്രതിയെ പിടികൂടിയത്.
സ്വർണ്ണക്കടയിലെ മാനേജരായി ജോലി ചെയ്തിരുന്ന പ്രതി ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ നാല് വർഷത്തിനിടെ സ്വർണ്ണവിലയിൽ ഉണ്ടായ വൻ വർദ്ധനവ് മുതലെടുത്താണ് ഇയാൾ തട്ടിപ്പ് ആസൂത്രണം ചെയ്തതെന്ന് കണ്ടെത്തി. മാനേജർ എന്ന പദവി ദുരുപയോഗം ചെയ്ത് ഇൻവോയ്സുകളിൽ തിരിമറി നടത്തിയാണ് ഇയാൾ സ്വർണം കടത്തിയത്. ഒന്നിലധികം സ്വർണ്ണക്കടകളുടെ ഉടമയായ സ്വദേശി പൗരൻ തന്റെ സ്ഥാപനങ്ങളിൽ പ്രൊഫഷണൽ ഓഡിറ്റിംഗ് നടത്തിയപ്പോഴാണ് ഒരു കടയിൽ മാത്രം രണ്ട് മില്യൺ ദിനാറിന്റെ കുറവ് കണ്ടെത്തിയത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
പോലീസ് അന്വേഷണത്തിൽ പ്രതി കുറ്റം സമ്മതിച്ചതിനെ തുടർന്ന് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. നിലവിൽ പ്രതി സെൻട്രൽ ജയിലിൽ റിമാൻഡിലാണ്. മോഷ്ടിച്ച ആസ്തികൾ വീണ്ടെടുക്കുന്നതുവരെ ഇയാൾക്ക് യാത്രാവിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. സ്ഥാപനങ്ങളിൽ കൃത്യമായ ഇടവേളകളിൽ സ്റ്റോക്ക് പരിശോധനയും അക്കൗണ്ടിംഗ് സംവിധാനങ്ങളും ഉറപ്പാക്കുന്നത് ഇത്തരം വഞ്ചനകൾ തടയാൻ അത്യാവശ്യമാണെന്ന് ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.
മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL