എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് യുഎഇക്ക് നേരെ വൻ സൈബർ ആക്രമണം; ശക്തമായ പ്രതിരോധവുമായി രാജ്യം

യുഎഇയുടെ സുപ്രധാന ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളെയും സേവനങ്ങളെയും ലക്ഷ്യമിട്ട് നടന്ന വൻ സൈബർ ഭീകരാക്രമണത്തെ രാജ്യം വിജയകരമായി ചെറുത്തു. രാജ്യത്തിന്റെ സുസ്ഥിരത തകർക്കാനും അവശ്യസേവനങ്ങൾ തടസ്സപ്പെടുത്താനും ലക്ഷ്യമിട്ട് ഭീകരസ്വഭാവമുള്ള സംഘടനകൾ നടത്തിയ ആസൂത്രിത നീക്കമാണ് ദേശീയ സൈബർ പ്രതിരോധ സംവിധാനം തകർത്തതെന്ന് യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ അറിയിച്ചു. നെറ്റ്‌വർക്കുകളിൽ നുഴഞ്ഞുകയറാനും വ്യക്തിഗത വിവരങ്ങൾ ചോർത്താനുമുള്ള ശ്രമങ്ങൾക്ക് പുറമെ റാൻസംവെയർ, ആസൂത്രിതമായ ഫിഷിങ് ക്യാംപെയ്നുകൾ എന്നിവയാണ് പ്രധാനമായും നടന്നത്. ഭീകരസംഘടനകൾ ഡിജിറ്റൽ ആക്രമണങ്ങൾക്കായി നിർമിതബുദ്ധി അഥവാ എഐ സാങ്കേതികവിദ്യ വലിയ തോതിൽ ദുരുപയോഗം ചെയ്തു എന്നത് ഈ ആക്രമണത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. അത്യാധുനിക എഐ ടൂളുകൾ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയറുകൾ വഴിയായിരുന്നു ഈ കടന്നാക്രമണ ശ്രമം നടന്നത്.

പൊതുജനങ്ങളുടെ സുരക്ഷയ്ക്കും ഡാറ്റാ സംരക്ഷണത്തിനുമാണ് പ്രഥമ പരിഗണനയെന്ന് വ്യക്തമാക്കിയ കൗൺസിൽ, ദേശീയ-രാജ്യാന്തര ഏജൻസികളുമായും സർവീസ് പ്രൊവൈഡർമാരുമായും സഹകരിച്ച് 24 മണിക്കൂറും സജ്ജമായ സൈബർ പ്രതിരോധ സംവിധാനമാണ് രാജ്യത്തുള്ളതെന്ന് അറിയിച്ചു. അത്യാധുനിക സാങ്കേതിക വിദ്യയുടെ കരുത്തിൽ ഇത്തരം ഏത് വെല്ലുവിളികളെയും നേരിടാനും വേഗത്തിൽ സാധാരണ നിലയിലേക്ക് തിരിച്ചുവരാനും യുഎഇക്ക് സാധിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഡിജിറ്റൽ മേഖലയുടെ സുരക്ഷ ഉറപ്പാക്കുന്നതിലും അടിസ്ഥാന സൗകര്യങ്ങളെ സംരക്ഷിക്കുന്നതിലും രാജ്യം പ്രതിജ്ഞാബദ്ധമാണ്. സംശയാസ്പദമായ ഏതെങ്കിലും നീക്കങ്ങളോ ഭീഷണികളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഔദ്യോഗിക ചാനലുകൾ വഴി റിപ്പോർട്ട് ചെയ്യണമെന്ന് സൈബർ സെക്യൂരിറ്റി കൗൺസിൽ പൊതുജനങ്ങളോട് അഭ്യർഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

റമസാനിൽ വിലക്കയറ്റത്തിന് ‘ബ്രേക്ക്’! വിപണിയിൽ പിടിമുറുക്കി യുഎഇ; ഓരോ സാധനത്തിനും വിലവിവരപ്പട്ടിക നിർബന്ധം

റമസാൻ മാസത്തെ മുന്നോടിയായി വിപണിയിലെ വിലക്കയറ്റം തടയാൻ ശക്തമായ ഇടപെടലുമായി യുഎഇ സാമ്പത്തിക മന്ത്രാലയം രംഗത്ത്. കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്ന പ്രവണതകൾക്കും അനാവശ്യമായ വില വർധനയ്ക്കും കർശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്. 1,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള എല്ലാ റീട്ടെയിൽ കടകളിലും ഓരോ ഉൽപ്പന്നത്തിന്റെയും ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വില (ഉദാഹരണത്തിന് കിലോയ്ക്ക് എത്ര) വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഉപഭോക്താക്കൾക്ക് വ്യക്തമായ വില താരതമ്യം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം. ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമാണ്. അബ്ദുല്ല ബിൻ തൗഖ് അൽ മർറി യുഎഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രിയും ഉപഭോക്തൃ സംരക്ഷണ സമിതി അധ്യക്ഷനും, രാജ്യത്തെ ഭക്ഷ്യശേഖരം സുരക്ഷിതമാണെന്നും ദീർഘകാല വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും വ്യക്തമാക്കി. വിപണിയിലെ അവശ്യവസ്തുക്കളുടെ ലഭ്യതയും വിലസ്ഥിരതയും വിലയിരുത്താൻ അദ്ദേഹം എമിറേറ്റ്‌സ് കോ-ഓപറേറ്റീവ് സൊസൈറ്റി, സ്പിന്നീസ് തുടങ്ങിയ പ്രധാന ഔട്ട്‌ലെറ്റുകൾ സന്ദർശിച്ചു. 2022 ലെ കാബിനറ്റ് പ്രമേയം (നമ്പർ 120) പ്രകാരം, ഉൽപ്പന്നങ്ങളുടെ ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വിലയും നിർബന്ധമായും പ്രദർശിപ്പിക്കണം. നിയമലംഘനം കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് പരാതി നൽകാം.

ഇതിനോടകം തന്നെ പാചകഎണ്ണ, മുട്ട, പാൽ ഉൽപ്പന്നങ്ങൾ, അരി, പഞ്ചസാര, ചിക്കൻ, ഗോതമ്പ് തുടങ്ങിയ അടിസ്ഥാന സാധനങ്ങൾക്ക് മുൻകൂർ അനുമതിയില്ലാതെ വില വർധിപ്പിക്കുന്നത് മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. റമസാൻ പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും യാഥാർഥ്യമാണോയെന്ന് ഉറപ്പാക്കാൻ വിപണിയിൽ നേരിട്ടുള്ള നിരീക്ഷണവും തുടരും. വിപണിയിൽ ന്യായമായ മത്സരം ഉറപ്പാക്കുകയും അനാവശ്യ വിലക്കയറ്റം തടയുകയും ചെയ്യുക എന്നതാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. റമസാൻ മാസപ്പിറവി നിരീക്ഷണത്തിനായി ചൊവ്വാഴ്ച കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് മന്ത്രാലയത്തിന്റെ ഈ അടിയന്തര ഇടപെടൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy