
കുവൈറ്റ് സിറ്റി: രാജ്യത്തെ റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ അടിമുടി പരിഷ്കരിക്കാനൊരുങ്ങി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. കേവലം വാഹനം പാർക്ക് ചെയ്യാനോ ഓടിക്കാനോ പഠിച്ചതുകൊണ്ട് മാത്രം ഇനി ആർക്കും ലൈസൻസ് നൽകില്ലെന്നും, കർശനമായ പരിശീലന മുറകൾ പൂർത്തിയാക്കിയാൽ മാത്രമേ ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കൂ എന്നും ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് വ്യക്തമാക്കി. രാജ്യാന്തര നിലവാരത്തിലുള്ള സ്മാർട്ട് ഡ്രൈവിംഗ് സിസ്റ്റം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇനി മുതൽ അപേക്ഷകർ നിശ്ചിത മണിക്കൂർ പരിശീലനം നിർബന്ധമായും പൂർത്തിയാക്കേണ്ടി വരും.
നിലവിൽ രാജ്യത്ത് താമസിക്കുന്നവർക്ക് 20 മണിക്കൂറും, പുതിയതായി വിദേശത്തുനിന്ന് എത്തുന്നവർക്ക് 40 മണിക്കൂറുമാണ് പരിശീലന സമയം നിശ്ചയിച്ചിരിക്കുന്നത്. ഇതിനായി സബാഹിയ, സൗത്ത് ഖൈത്താൻ, ജഹ്‌റ എന്നിവിടങ്ങളിൽ അത്യാധുനിക സംവിധാനങ്ങളുള്ള നാല് ഡ്രൈവിംഗ് അക്കാദമികൾ മന്ത്രാലയം ഉടൻ സ്ഥാപിക്കും. ട്രാഫിക് നിയമങ്ങൾ ശരിയായി മനസ്സിലാക്കുന്നതിനായി ഡ്രൈവർമാരുടെ മാതൃഭാഷയിൽ തന്നെ ക്ലാസുകൾ നൽകാൻ വിദേശത്തുനിന്ന് ഇൻസ്ട്രക്ടർമാരെ എത്തിക്കാനും പദ്ധതിയുണ്ട്.
ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങൾ നടത്തുന്ന പ്രവാസികളെ നാടുകടത്തുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ തുടരുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. വിദേശത്തുനിന്ന് ഡ്രൈവർമാരെ എത്തിക്കുന്ന കമ്പനികൾ അവരുടെ സ്വന്തം രാജ്യങ്ങളിൽ വെച്ച് തന്നെ കുവൈറ്റിലെ ട്രാഫിക് നിയമങ്ങളിൽ പരിശീലനം നൽകണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു. 2035-ഓടെ റോഡപകടങ്ങൾ 50 ശതമാനമായി കുറയ്ക്കുക എന്ന വലിയ ലക്ഷ്യത്തോടെയാണ് കുവൈറ്റ് ഈ കർശന മാറ്റങ്ങളിലേക്ക് നീങ്ങുന്നത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്ത് സെൻട്രൽ ജയിലിലെ തീപിടിത്തം: പരിക്കേറ്റ കേണൽ അന്തരിച്ചു
സുലൈബിയ സെൻട്രൽ ജയിലിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ കേണൽ സൗദ് അൽ-ഖംസാനാണ് അന്തരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ജയിലിന്റെ കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഇടനാഴിയിൽ കാർപെറ്റുകളും ഫർണിച്ചറുകളും മാറ്റുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയായിരുന്ന സമയത്തായിരുന്നു അപകടം. അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വലിയ സ്ഫോടനം സംഭവിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ കേണൽ സൗദ് അൽ-ഖംസാൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കേണലിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കേണൽ സൗദ് അൽ-ഖംസാന്റെ നിര്യാണത്തിൽ കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് അനുശോചനം രേഖപ്പെടുത്തി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് അദ്ദേഹം ജീവൻ ബലിയർപ്പിച്ചതെന്നും, അദ്ദേഹത്തിന്റെ വേർപാട് പോലീസ് സേനയ്ക്ക് വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL