
കുവൈറ്റ് സിറ്റി: വരാനിരിക്കുന്ന വിശുദ്ധ റമദാൻ മാസത്തിൽ പള്ളികളിൽ സംഘടിപ്പിക്കുന്ന ഇഫ്താർ വിരുന്നുകൾക്ക് കുവൈറ്റ് ഇസ്ലാമിക കാര്യ മന്ത്രാലയം പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പള്ളികളുടെ വിശുദ്ധിയും ശുചിത്വവും വിശ്വാസികളുടെ സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയം കർശന നിർദ്ദേശങ്ങൾ അടങ്ങിയ സർക്കുലർ പുറത്തിറക്കിയത്.
പുതിയ നിയമപ്രകാരം പള്ളിക്കുള്ളിൽ ഇഫ്താർ വിരുന്നുകൾ നടത്താൻ അനുവാദമില്ല. പള്ളി അങ്കണങ്ങളിലും മുറ്റങ്ങളിലും മാത്രമേ ഭക്ഷണം വിളമ്പാൻ പാടുള്ളൂ. പള്ളി പരിസരങ്ങളിൽ താൽക്കാലിക ടെന്റുകൾ നിർമ്മിക്കുന്നതിനും മന്ത്രാലയം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഇഫ്താർ വിരുന്നുകൾ സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികളോ സ്ഥാപനങ്ങളോ പള്ളിയിലെ ഇമാമുമായി ഏകോപിപ്പിച്ച് മന്ത്രാലയത്തിൽ നിന്ന് മുൻകൂട്ടി അനുമതി വാങ്ങിയിരിക്കണം.
മഗ്രിബ് ബാങ്കിന് 30 മിനിറ്റ് മുമ്പ് മാത്രമേ ഭക്ഷണത്തിനുള്ള ക്രമീകരണങ്ങൾ ആരംഭിക്കാവൂ എന്നും നോമ്പ് തുറ കഴിഞ്ഞാലുടൻ പള്ളി പരിസരം വൃത്തിയാക്കി അവശിഷ്ടങ്ങൾ നീക്കം ചെയ്യണമെന്നും മന്ത്രാലയം പ്രത്യേകം നിർദ്ദേശിക്കുന്നു. ഭക്ഷണാവശിഷ്ടങ്ങൾ നിക്ഷേപിക്കാൻ സംഘാടകർ നിർബന്ധമായും വേസ്റ്റ് ബാഗുകൾ കരുതണം. ബാങ്ക് വിളിച്ച് 15 മിനിറ്റിനുള്ളിൽ മഗ്രിബ് നമസ്കാരം ആരംഭിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. റമദാനിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ ക്രമബദ്ധമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടികൾ.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്ത് സെൻട്രൽ ജയിലിലെ തീപിടിത്തം: പരിക്കേറ്റ കേണൽ അന്തരിച്ചു
സുലൈബിയ സെൻട്രൽ ജയിലിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ കേണൽ സൗദ് അൽ-ഖംസാനാണ് അന്തരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ജയിലിന്റെ കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഇടനാഴിയിൽ കാർപെറ്റുകളും ഫർണിച്ചറുകളും മാറ്റുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയായിരുന്ന സമയത്തായിരുന്നു അപകടം. അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വലിയ സ്ഫോടനം സംഭവിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ കേണൽ സൗദ് അൽ-ഖംസാൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കേണലിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കേണൽ സൗദ് അൽ-ഖംസാന്റെ നിര്യാണത്തിൽ കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് അനുശോചനം രേഖപ്പെടുത്തി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് അദ്ദേഹം ജീവൻ ബലിയർപ്പിച്ചതെന്നും, അദ്ദേഹത്തിന്റെ വേർപാട് പോലീസ് സേനയ്ക്ക് വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL