
കുവൈറ്റ് സിറ്റി: ഓൺലൈൻ ചൂതാട്ടത്തിലൂടെയും പണം വെളുപ്പിക്കലിലൂടെയും ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ പ്രവാസികൾക്ക് കുവൈറ്റ് ക്രിമിനൽ കോടതി കഠിനശിക്ഷ വിധിച്ചു. കേസിൽ ഉൾപ്പെട്ട ഒരു സ്ത്രീയും ബാങ്ക് ജീവനക്കാരനും ഉൾപ്പെടെയുള്ള പ്രവാസികൾക്ക് 10 വർഷം തടവും 10 ലക്ഷം കുവൈറ്റ് ദീനാർ (ഏകദേശം 27 കോടിയിലധികം ഇന്ത്യൻ രൂപ) പിഴയുമാണ് കോടതി വിധിച്ചത്.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ആന്റി ടെററിസം ആൻഡ് മണി ലോണ്ടറിംഗ് വിഭാഗം നടത്തിയ അതീവ രഹസ്യവും കൃത്യവുമായ അന്വേഷണത്തിനൊടുവിലാണ് സംഘം പിടിയിലായത്. സംഘവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ഒരു ഇംപോർട്ട് കമ്പനിക്ക് 18 ലക്ഷത്തിലധികം ദീനാർ പിഴ ചുമത്തുകയും കമ്പനിയെ എല്ലാവിധ വാണിജ്യ പ്രവർത്തനങ്ങളിൽ നിന്നും സ്ഥിരമായി വിലക്കുകയും ചെയ്തു.
ചൂതാട്ടത്തിലൂടെ ലഭിക്കുന്ന പണം ഒരു മെഡിക്കൽ ക്ലിനിക്കിന്റെയും വിവിധ വാണിജ്യ സ്ഥാപനങ്ങളുടെയും ബാങ്ക് അക്കൗണ്ടുകൾ വഴി വെളുപ്പിച്ചെടുക്കുകയായിരുന്നു ഇവരുടെ രീതി. കേസിൽ ഉൾപ്പെട്ട മറ്റ് അഞ്ച് പേരോട് കോടതി ദയ കാണിച്ചെങ്കിലും 500 ദീനാർ വീതം കെട്ടിവെക്കാനും ഒരു വർഷത്തേക്ക് സൽസ്വഭാവം പാലിക്കണമെന്ന വ്യവസ്ഥയിൽ വിട്ടയക്കാനും ഉത്തരവിട്ടു. ഇത്തരം അനധികൃത വെബ്‌സൈറ്റുകൾ വഴി പണം ഇടപാട് നടത്തുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്ത് സെൻട്രൽ ജയിലിലെ തീപിടിത്തം: പരിക്കേറ്റ കേണൽ അന്തരിച്ചു
സുലൈബിയ സെൻട്രൽ ജയിലിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ കേണൽ സൗദ് അൽ-ഖംസാനാണ് അന്തരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ജയിലിന്റെ കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഇടനാഴിയിൽ കാർപെറ്റുകളും ഫർണിച്ചറുകളും മാറ്റുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയായിരുന്ന സമയത്തായിരുന്നു അപകടം. അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വലിയ സ്ഫോടനം സംഭവിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ കേണൽ സൗദ് അൽ-ഖംസാൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കേണലിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കേണൽ സൗദ് അൽ-ഖംസാന്റെ നിര്യാണത്തിൽ കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് അനുശോചനം രേഖപ്പെടുത്തി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് അദ്ദേഹം ജീവൻ ബലിയർപ്പിച്ചതെന്നും, അദ്ദേഹത്തിന്റെ വേർപാട് പോലീസ് സേനയ്ക്ക് വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL