
കുവൈറ്റ് സിറ്റി: കുവൈറ്റിലെ റോഡുകളിൽ തകരാറിലാകുന്ന വാഹനങ്ങൾ വലിച്ചുകൊണ്ടുപോകുന്ന ടോയിംഗ് വാഹനങ്ങൾക്കും ക്രെയിനുകൾക്കുമായി ആഭ്യന്തര മന്ത്രാലയം പുതിയ കർശന നിയമങ്ങൾ പുറപ്പെടുവിച്ചു. റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ടോയിംഗ് സമയത്തുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനുമാണ് ഈ നീക്കം. ഇനി മുതൽ എല്ലാ ടോയിംഗ് വാഹനങ്ങളും മന്ത്രാലയം നിഷ്കർഷിക്കുന്ന പ്രത്യേക സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം.
പുതിയ നിയമപ്രകാരം, ടോയിംഗ് വാഹനങ്ങൾ കൃത്യമായ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയിരിക്കണം. വാഹനത്തിന്റെ ഭാരത്തിനനുസരിച്ചുള്ള പ്രത്യേക പെർമിറ്റുകളും ലൈസൻസും ഡ്രൈവർമാർ കരുതിയിരിക്കണം. കൂടാതെ, വലിച്ചുകൊണ്ടുപോകുന്ന വാഹനം സുരക്ഷിതമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ ആധുനികമായ സുരക്ഷാ ഉപകരണങ്ങൾ നിർബന്ധമാക്കിയിട്ടുണ്ട്. രാത്രികാലങ്ങളിൽ ടോയിംഗ് നടത്തുമ്പോൾ ദൂരെയുള്ളവർക്കും വ്യക്തമായി കാണാൻ സാധിക്കുന്ന രീതിയിലുള്ള റിഫ്ലക്ടീവ് സ്റ്റിക്കറുകളും മഞ്ഞ നിറത്തിലുള്ള മുന്നറിയിപ്പ് ലൈറ്റുകളും വാഹനത്തിൽ ഉണ്ടായിരിക്കണം.
ടോയിംഗ് വാഹനങ്ങളുടെ പഴക്കവും മെക്കാനിക്കൽ അവസ്ഥയും മന്ത്രാലയം പരിശോധിക്കും. നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനങ്ങളെ സർവീസ് നടത്താൻ അനുവദിക്കില്ല. റോഡുകളിൽ മറ്റ് യാത്രക്കാർക്ക് തടസ്സമുണ്ടാക്കാത്ത രീതിയിൽ മാത്രമേ ടോയിംഗ് പ്രവർത്തനങ്ങൾ നടത്താവൂ എന്നും നിർദ്ദേശമുണ്ട്. നിയമലംഘനം നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും ഡ്രൈവർമാർക്കെതിരെ പിഴ ഉൾപ്പെടെയുള്ള കടുത്ത നടപടികൾ സ്വീകരിക്കുമെന്നും കുവൈറ്റ് ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകി. റോഡുകളിലെ സുരക്ഷ ഉറപ്പാക്കാൻ പൊതുജനങ്ങളും ടോയിംഗ് കമ്പനികളും ഈ നിയമങ്ങളുമായി സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്ത് സെൻട്രൽ ജയിലിലെ തീപിടിത്തം: പരിക്കേറ്റ കേണൽ അന്തരിച്ചു
സുലൈബിയ സെൻട്രൽ ജയിലിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ കേണൽ സൗദ് അൽ-ഖംസാനാണ് അന്തരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ജയിലിന്റെ കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഇടനാഴിയിൽ കാർപെറ്റുകളും ഫർണിച്ചറുകളും മാറ്റുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയായിരുന്ന സമയത്തായിരുന്നു അപകടം. അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വലിയ സ്ഫോടനം സംഭവിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ കേണൽ സൗദ് അൽ-ഖംസാൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കേണലിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കേണൽ സൗദ് അൽ-ഖംസാന്റെ നിര്യാണത്തിൽ കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് അനുശോചനം രേഖപ്പെടുത്തി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് അദ്ദേഹം ജീവൻ ബലിയർപ്പിച്ചതെന്നും, അദ്ദേഹത്തിന്റെ വേർപാട് പോലീസ് സേനയ്ക്ക് വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL