
കുവൈത്ത് സിറ്റി: കുവൈത്തിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ വൻ മാറ്റങ്ങൾ സംഭവിക്കുന്നതായി പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ പാർപ്പിട ആവശ്യങ്ങൾക്കായുള്ള ഒഴിഞ്ഞ ഭൂമിയുടെ വിലയിൽ ഗണ്യമായ കുറവുണ്ടായപ്പോൾ, നിക്ഷേപ ആവശ്യങ്ങൾക്കായുള്ള ഭൂമിയുടെയും കെട്ടിടങ്ങളുടെയും വില കുതിച്ചുയരുകയാണ്. ‘അൽ-ഹസ്ബ’ റിയൽ എസ്റ്റേറ്റ് പ്ലാറ്റ്‌ഫോം പുറത്തുവിട്ട ഏറ്റവും പുതിയ വാർഷിക റിപ്പോർട്ടിലാണ് വിപണിയിലെ ഈ വൈരുദ്ധ്യം വ്യക്തമാകുന്നത്.
പാർപ്പിട ഭൂമിയുടെ കാര്യത്തിൽ ഹവല്ലി ഗവർണറേറ്റിലാണ് ഏറ്റവും വലിയ വിലക്കുറവ് രേഖപ്പെടുത്തിയത്. ഏകദേശം 11.8 ശതമാനം ഇടിവാണ് ഇവിടെയുണ്ടായത്. ഇതിന് പിന്നാലെ ജഹ്‌റ, ക്യാപിറ്റൽ, മുബാറക് അൽ കബീർ, ഫർവാനിയ, അഹമ്മദി എന്നീ ഗവർണറേറ്റുകളിലും അഞ്ച് മുതൽ ഏഴ് ശതമാനം വരെ വിലക്കുറവ് ദൃശ്യമായിട്ടുണ്ട്. ഒഴിഞ്ഞ ഭൂമി കൈവശം വെക്കുന്നതിനെതിരെയുള്ള പുതിയ നിയമങ്ങളും നിയന്ത്രണങ്ങളുമാണ് സാധാരണക്കാർക്ക് ആശ്വാസകരമാകുന്ന രീതിയിൽ ഭൂമിവില കുറയാൻ പ്രധാന കാരണമായത്.
അതേസമയം നിക്ഷേപ മേഖലയിൽ ചിത്രം നേരെ തിരിച്ചാണ്. ഇൻവെസ്റ്റ്‌മെന്റ് പ്രോപ്പർട്ടികളുടെ മൂല്യത്തിൽ ശരാശരി 15.2 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുബാറക് അൽ കബീർ ഗവർണറേറ്റിൽ 21 ശതമാനവും ജഹ്‌റയിൽ 19.5 ശതമാനവും വില വർധിച്ചപ്പോൾ ഫർവാനിയയിലും വലിയ മുന്നേറ്റമുണ്ടായി. കൂടാതെ വാണിജ്യ ആവശ്യങ്ങൾക്കായുള്ള ഭൂമിയുടെ വിലയിലും ശരാശരി 7.4 ശതമാനം വർധനവുണ്ടായിട്ടുണ്ട്. സാമ്പത്തിക നയങ്ങളിലെ മാറ്റങ്ങളും റിയൽ എസ്റ്റേറ്റ് വിപണിയിലെ പുതിയ നിയമങ്ങളും കുവൈത്തിലെ വസ്തുവകകളുടെ മൂല്യനിർണ്ണയത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു എന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.
മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL