
കുവൈത്തിലെ തൊഴിൽ വിപണി നവീകരിക്കുന്നതിനും താമസ നിയമങ്ങളിൽ വ്യക്തത വരുത്തുന്നതിനുമായി പബ്ലിക് അതോറിറ്റി ഫോർ മാൻപവറും (PAM) ആഭ്യന്തര മന്ത്രാലയവും പുതിയ പരിഷ്കാരങ്ങളുമായി രംഗത്ത്. മാൻപവർ അതോറിറ്റി ഡയറക്ടർ ജനറൽ എൻജിനീയർ റബാബ് അൽ ഒസൈമിയും ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും തമ്മിൽ നടത്തിയ ചർച്ചയിലാണ് പുതിയ പ്രവാസി താമസ നിയമം നടപ്പിലാക്കുന്നതിനെക്കുറിച്ച് തീരുമാനമായത്. രാജ്യത്തിന്റെ സാമ്പത്തിക, സുരക്ഷാ താൽപ്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് തൊഴിൽ വിപണി കൂടുതൽ കാര്യക്ഷമമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ താമസ നിയമം നടപ്പിലാക്കുന്നതോടെ സർക്കാർ സംവിധാനങ്ങൾ തമ്മിലുള്ള ഏകോപനം വർദ്ധിപ്പിക്കുകയും തൊഴിൽ നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കുകയും ചെയ്യും. പ്രവാസികളുടെ താമസ രേഖകളും തൊഴിൽ പെർമിറ്റുകളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാനും വ്യാജ വിസകൾക്കും നിയമലംഘനങ്ങൾക്കും തടയിടാനും ഈ നീക്കം സഹായിക്കും. കാനഡയിലെയും മറ്റും നൂതനമായ തൊഴിൽ വിപണി മാതൃകകളെ ഉൾക്കൊണ്ട് കുവൈത്തിലെ സാഹചര്യങ്ങൾക്കനുസൃതമായ മാറ്റങ്ങളാണ് കൊണ്ടുവരുന്നത്.
ഡിജിറ്റൽ സേവനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മാൻപവർ അതോറിറ്റിയുടെ ‘അസ്‌ഹൽ’ (As’hal) പോർട്ടൽ വഴി പുതിയ ഇ-സേവനങ്ങളും ആരംഭിച്ചിട്ടുണ്ട്. തൊഴിൽ പെർമിറ്റുകൾ മാറ്റുന്നതിനും പുതുക്കുന്നതിനും ഇനി മുതൽ കമ്പനികൾക്ക് ലേബർ ഡിപ്പാർട്ട്‌മെന്റുകൾ നേരിട്ട് സന്ദർശിക്കാതെ തന്നെ ഓൺലൈനായി അപേക്ഷിക്കാം. വിദേശി നിക്ഷേപകർക്കും തൊഴിലാളികൾക്കും അനുയോജ്യമായ രീതിയിൽ നിയമങ്ങൾ പരിഷ്കരിക്കുന്നത് കുവൈത്തിന്റെ ഭാവി വികസനത്തിന് കരുത്തേകുമെന്ന് അധികൃതർ വ്യക്തമാക്കി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.
മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
ആഡംബര കാറുകളുമായി അഭ്യാസപ്രകടനം, വീഡിയോ വൈറൽ: പ്രവാസികളെ കയ്യോടെ പൊക്കി കുവൈത്ത് പോലീസ്
കുവൈത്ത് സിറ്റി: ജലീബ് അൽ ശുയൂഖിൽ ആഡംബര വാഹനങ്ങൾ ഉപയോഗിച്ച് റോഡിൽ അഭ്യാസപ്രകടനം നടത്തിയ ഏഷ്യൻ വംശജരായ യുവാക്കളെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം (MoI) അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയയിൽ ഇവരുടെ അഭ്യാസപ്രകടനങ്ങളുടെ വീഡിയോ വൈറലായതിനെ തുടർന്നാണ് അധികൃതർ നടപടി സ്വീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയിൽ, ആഡംബര കാറുകൾ ഉപയോഗിച്ച് പൊതുനിരത്തിൽ അപകടകരമായ രീതിയിൽ വാഹനമോടിക്കുകയും മറ്റ് യാത്രക്കാർക്കും പൊതുജനങ്ങൾക്കും ഭീഷണിയാകുന്ന തരത്തിൽ സ്റ്റണ്ടുകൾ കാണിക്കുകയും ചെയ്യുന്നത് ദൃശ്യമായിരുന്നു. ജലീബ് അൽ ശുയൂഖ് മേഖലയിലാണ് ഈ നിയമലംഘനങ്ങൾ നടന്നതെന്ന് പോലീസ് കണ്ടെത്തി.
വീഡിയോ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ സെക്യൂരിറ്റി കൺട്രോൾ വിഭാഗം അന്വേഷണം ആരംഭിച്ചു. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് വാഹനങ്ങളും ഡ്രൈവർമാരെയും തിരിച്ചറിഞ്ഞ പോലീസ്, ഇവരെ പിടികൂടുകയായിരുന്നു. പിടിയിലായവർ ഏഷ്യൻ വംശജരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. പിടികൂടിയ ഡ്രൈവർമാർക്കെതിരെ കടുത്ത നിയമനടപടികളാണ് മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്. ഇവരുടെ ആഡംബര വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കും പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ പെരുമാറുന്നവർക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. റോഡുകളിൽ സുരക്ഷിതമായി വാഹനമോടിക്കണമെന്നും നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL