
ഭാര്യയെയും പ്രായപൂർത്തിയാകാത്ത മകളെയും ശാരീരികമായി പീഡിപ്പിച്ച കേസിൽ കുവൈറ്റി പൗരന് 15,000 കുവൈറ്റ് ദിനാർ പിഴ ചുമത്തി സിവിൽ കോടതി. മർദനത്തെ തുടർന്ന് ഭാര്യക്കും മകൾക്കും ഉണ്ടായ ശാരീരികവും മാനസികവുമായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരമായാണ് ഈ തുക നൽകേണ്ടതെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. ഇത് ഇന്ത്യൻ രൂപയിൽ 40 ലക്ഷത്തിലധികം വരും. ഇതോടൊപ്പം, മുൻപ് പബ്ലിക് പ്രോസിക്യൂഷൻ അവസാനിപ്പിച്ച ക്രിമിനൽ കേസ് വീണ്ടും അന്വേഷിക്കാൻ കോടതി നിർദ്ദേശം നൽകി. ഭർത്താവിന്റെ പീഡനത്തിനെതിരെ ഭാര്യ ആദ്യം പ്രോസിക്യൂഷനിൽ പരാതി നൽകിയിരുന്നെങ്കിലും, ഇനി ഇത്തരമൊരു സംഭവം ആവർത്തിക്കില്ലെന്ന ഭർത്താവിന്റെ ഉറപ്പും മാപ്പുപറച്ചിലും വിശ്വസിച്ച് അവർ പരാതി പിൻവലിക്കുകയായിരുന്നു.
എന്നാൽ കേസ് പിൻവലിച്ചതിന് പിന്നാലെ ഭർത്താവ് നിലപാട് മാറ്റുകയും, നൽകിയ ഉറപ്പുകൾ ലംഘിച്ച് ഭാര്യയെയും മക്കളെയും വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്തതായി കോടതി രേഖപ്പെടുത്തി. ഇതോടെ വഞ്ചിക്കപ്പെട്ടുവെന്ന് മനസിലാക്കിയ ഭാര്യ വീണ്ടും കോടതിയെ സമീപിച്ചു. പരാതിക്കാരിയുടെ വാദങ്ങൾ പരിഗണിച്ച കോടതി, പിൻവലിച്ച ക്രിമിനൽ കേസ് വീണ്ടും തുറന്ന് വിശദമായ അന്വേഷണം നടത്താൻ ഉത്തരവിടുകയും, പീഡനത്തിന് ഇരയായവർക്കുള്ള നഷ്ടപരിഹാരം നിർബന്ധമാക്കുകയും ചെയ്തു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
ആഡംബര കാറുകളുമായി അഭ്യാസപ്രകടനം, വീഡിയോ വൈറൽ: പ്രവാസികളെ കയ്യോടെ പൊക്കി കുവൈത്ത് പോലീസ്
കുവൈത്ത് സിറ്റി: ജലീബ് അൽ ശുയൂഖിൽ ആഡംബര വാഹനങ്ങൾ ഉപയോഗിച്ച് റോഡിൽ അഭ്യാസപ്രകടനം നടത്തിയ ഏഷ്യൻ വംശജരായ യുവാക്കളെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം (MoI) അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയയിൽ ഇവരുടെ അഭ്യാസപ്രകടനങ്ങളുടെ വീഡിയോ വൈറലായതിനെ തുടർന്നാണ് അധികൃതർ നടപടി സ്വീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയിൽ, ആഡംബര കാറുകൾ ഉപയോഗിച്ച് പൊതുനിരത്തിൽ അപകടകരമായ രീതിയിൽ വാഹനമോടിക്കുകയും മറ്റ് യാത്രക്കാർക്കും പൊതുജനങ്ങൾക്കും ഭീഷണിയാകുന്ന തരത്തിൽ സ്റ്റണ്ടുകൾ കാണിക്കുകയും ചെയ്യുന്നത് ദൃശ്യമായിരുന്നു. ജലീബ് അൽ ശുയൂഖ് മേഖലയിലാണ് ഈ നിയമലംഘനങ്ങൾ നടന്നതെന്ന് പോലീസ് കണ്ടെത്തി.
വീഡിയോ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റിലെ സെക്യൂരിറ്റി കൺട്രോൾ വിഭാഗം അന്വേഷണം ആരംഭിച്ചു. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് വാഹനങ്ങളും ഡ്രൈവർമാരെയും തിരിച്ചറിഞ്ഞ പോലീസ്, ഇവരെ പിടികൂടുകയായിരുന്നു. പിടിയിലായവർ ഏഷ്യൻ വംശജരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. പിടികൂടിയ ഡ്രൈവർമാർക്കെതിരെ കടുത്ത നിയമനടപടികളാണ് മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്. ഇവരുടെ ആഡംബര വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കും പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ പെരുമാറുന്നവർക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. റോഡുകളിൽ സുരക്ഷിതമായി വാഹനമോടിക്കണമെന്നും നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
1500 രൂപയുടെ കൂപ്പൺ, ഒന്നാം സമ്മാനം സ്വന്തം വീട്, രണ്ടാം സമ്മാനം ഥാർ; ഭാര്യയുടെ ചികിത്സക്ക് പണം കണ്ടെത്താൻ ലോട്ടറി, ഒടുവിൽ മുൻ പ്രവാസി അറസ്റ്റിൽ
കണ്ണൂർ: അർബുദബാധിതയായ ഭാര്യയുടെ ചികിത്സാച്ചെലവ് കണ്ടെത്താനും ബാധ്യതകൾ തീർക്കാനുമായി തന്റെ ഏക സമ്പാദ്യമായ വീടും സ്ഥലവും ഒന്നാം സമ്മാനമായി പ്രഖ്യാപിച്ച് നറുക്കെടുപ്പ് നടത്തിയ പ്രവാസി മലയാളി അറസ്റ്റിലായി. അടയ്ക്കാത്തോട് കാട്ടുപാലം സ്വദേശിയായ ബെന്നി തോമസിനെയാണ് കേളകം പോലീസ് പിടികൂടിയത്. സ്വകാര്യ നറുക്കെടുപ്പുകൾ നടത്തുന്നത് നിയമവിരുദ്ധമാണെന്ന് കാട്ടി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകിയ പരാതിയിലാണ് നടപടി.
മുപ്പത്തിയഞ്ച് വർഷം സൗദി അറേബ്യയിലെ റിയാദിൽ ജോലി ചെയ്ത് ബെന്നി സമ്പാദിച്ച 26 സെന്റ് സ്ഥലവും ഏഴ് മുറികളുള്ള 3300 സ്ക്വയർ ഫീറ്റ് ഇരുനില വീടുമായിരുന്നു നറുക്കെടുപ്പിലെ ഒന്നാം സമ്മാനം. 1500 രൂപയുടെ കൂപ്പൺ വഴി ഒന്നാം സമ്മാനത്തിന് പുറമെ മഹീന്ദ്ര ഥാർ, കാർ, റോയൽ എൻഫീൽഡ് ബുള്ളറ്റ് എന്നിവയും സമ്മാനമായി പ്രഖ്യാപിച്ചിരുന്നു.
റിയാദിൽ സ്പെയർ പാർട്സ് ബിസിനസ് നടത്തിയിരുന്ന ബെന്നിയുടെ വീഴ്ച തുടങ്ങുന്നത് കോവിഡ് കാലത്താണ്. നാട്ടിൽ കൃഷി ആവശ്യത്തിനായി എടുത്ത 55 ലക്ഷം രൂപയുടെ വായ്പയും ബിസിനസിലെ തിരിച്ചടികളും അദ്ദേഹത്തെ തളർത്തി. ഇതിനിടെ സ്പോൺസർ മരിച്ചതും ബിസിനസ് പങ്കാളി ചതിച്ചതും മൂലം വിസ നഷ്ടപ്പെട്ട് ബെന്നിക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. തിരിച്ചടികൾക്കിടയിലാണ് ഭാര്യയ്ക്ക് അർബുദം ബാധിക്കുന്നത്. ഓരോ 21 ദിവസത്തെ ചികിത്സയ്ക്കും ലക്ഷങ്ങൾ വേണ്ടിവന്നതോടെ കടബാധ്യത 85 ലക്ഷം രൂപയായി വർദ്ധിച്ചു. ബാങ്ക് ജപ്തി നടപടികളുമായി മുന്നോട്ട് പോയതോടെ വീട് വിൽക്കാൻ ശ്രമിച്ചെങ്കിലും കൃത്യമായ വില ലഭിച്ചില്ല. ഈ ഗതികേടിലാണ് നറുക്കെടുപ്പിലൂടെ പണം കണ്ടെത്താൻ ബെന്നി തീരുമാനിച്ചത്.
കഴിഞ്ഞ മാർച്ചിൽ ആരംഭിച്ച കൂപ്പൺ വിൽപനയുടെ നറുക്കെടുപ്പ് നടക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെയാണ് പോലീസ് ഇടപെടൽ ഉണ്ടായത്. തിങ്കളാഴ്ച രാവിലെ ബെന്നിയുടെ വീട്ടിൽ റെയ്ഡ് നടത്തിയ പോലീസ് വിൽക്കാത്ത കൂപ്പണുകൾ പിടിച്ചെടുക്കുകയും അദ്ദേഹത്തെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ബെന്നിയെ നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. നിയമം ലംഘിക്കപ്പെട്ടെങ്കിലും, ചികിത്സയ്ക്കും നിലനിൽപ്പിനും വേണ്ടി ഒരു മനുഷ്യൻ നടത്തിയ അവസാനത്തെ പോരാട്ടവും പരാജയപ്പെട്ടതിന്റെ വേദനയിലാണ് നാട്ടുകാർ.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL