
കുവൈറ്റ് സിറ്റി: രാജ്യത്ത് വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയും നിയമലംഘനത്തിന് ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ കുവൈറ്റിലെ അഭിഭാഷകന് ക്രിമിനൽ കോടതി മൂന്ന് വർഷത്തെ കഠിനതടവ് വിധിച്ചു. പൗരത്വം റദ്ദാക്കപ്പെട്ട സ്ത്രീകളുടെ പരാതികളുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനാണ് നടപടി.
കുവൈറ്റ് ദേശീയതാ നിയമത്തിലെ ആർട്ടിക്കിൾ 8 പ്രകാരം പൗരത്വം ലഭിക്കുകയും പിന്നീട് അത് റദ്ദാക്കപ്പെടുകയും ചെയ്ത സ്ത്രീകളെ സംബന്ധിച്ച് അടിസ്ഥാനരഹിതമായ പ്രസ്താവനകൾ അഭിഭാഷകൻ നടത്തി എന്നതായിരുന്നു കേസ്. ഇത്തരം പ്രസ്താവനകൾ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും രാജ്യത്ത് അസ്വസ്ഥതകൾ സൃഷ്ടിക്കാനും കാരണമായെന്ന് കോടതി നിരീക്ഷിച്ചു.
സമൂഹമാധ്യമങ്ങൾ വഴി തെറ്റായ കിംവദന്തികൾ പ്രചരിപ്പിക്കുകയും, അമീറിന്റെ അധികാരത്തെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള പരാമർശങ്ങൾ നടത്തുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. നിയമങ്ങളും ചട്ടങ്ങളും ലംഘിക്കാൻ ജനങ്ങളെ പ്രേരിപ്പിച്ചതിലൂടെ രാജ്യത്തെ ക്രമസമാധാന നില തകർക്കാൻ ശ്രമിച്ചുവെന്ന കുറ്റവും ഇയാൾക്കെതിരെ തെളിയിക്കപ്പെട്ടു.
ഭരണകൂടത്തിന്റെ നടപടികൾക്കെതിരെ ജനരോഷം ഇളക്കിവിടാൻ ബോധപൂർവ്വമായ ശ്രമം നടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ശിക്ഷാവിധി പുറപ്പെടുവിച്ചത്. വ്യാജ പ്രചാരണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും അധികൃതർ നൽകിയിട്ടുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
1500 രൂപയുടെ കൂപ്പൺ, ഒന്നാം സമ്മാനം സ്വന്തം വീട്, രണ്ടാം സമ്മാനം ഥാർ; ഭാര്യയുടെ ചികിത്സക്ക് പണം കണ്ടെത്താൻ ലോട്ടറി, ഒടുവിൽ മുൻ പ്രവാസി അറസ്റ്റിൽ
കണ്ണൂർ: അർബുദബാധിതയായ ഭാര്യയുടെ ചികിത്സാച്ചെലവ് കണ്ടെത്താനും ബാധ്യതകൾ തീർക്കാനുമായി തന്റെ ഏക സമ്പാദ്യമായ വീടും സ്ഥലവും ഒന്നാം സമ്മാനമായി പ്രഖ്യാപിച്ച് നറുക്കെടുപ്പ് നടത്തിയ പ്രവാസി മലയാളി അറസ്റ്റിലായി. അടയ്ക്കാത്തോട് കാട്ടുപാലം സ്വദേശിയായ ബെന്നി തോമസിനെയാണ് കേളകം പോലീസ് പിടികൂടിയത്. സ്വകാര്യ നറുക്കെടുപ്പുകൾ നടത്തുന്നത് നിയമവിരുദ്ധമാണെന്ന് കാട്ടി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകിയ പരാതിയിലാണ് നടപടി.
മുപ്പത്തിയഞ്ച് വർഷം സൗദി അറേബ്യയിലെ റിയാദിൽ ജോലി ചെയ്ത് ബെന്നി സമ്പാദിച്ച 26 സെന്റ് സ്ഥലവും ഏഴ് മുറികളുള്ള 3300 സ്ക്വയർ ഫീറ്റ് ഇരുനില വീടുമായിരുന്നു നറുക്കെടുപ്പിലെ ഒന്നാം സമ്മാനം. 1500 രൂപയുടെ കൂപ്പൺ വഴി ഒന്നാം സമ്മാനത്തിന് പുറമെ മഹീന്ദ്ര ഥാർ, കാർ, റോയൽ എൻഫീൽഡ് ബുള്ളറ്റ് എന്നിവയും സമ്മാനമായി പ്രഖ്യാപിച്ചിരുന്നു.
റിയാദിൽ സ്പെയർ പാർട്സ് ബിസിനസ് നടത്തിയിരുന്ന ബെന്നിയുടെ വീഴ്ച തുടങ്ങുന്നത് കോവിഡ് കാലത്താണ്. നാട്ടിൽ കൃഷി ആവശ്യത്തിനായി എടുത്ത 55 ലക്ഷം രൂപയുടെ വായ്പയും ബിസിനസിലെ തിരിച്ചടികളും അദ്ദേഹത്തെ തളർത്തി. ഇതിനിടെ സ്പോൺസർ മരിച്ചതും ബിസിനസ് പങ്കാളി ചതിച്ചതും മൂലം വിസ നഷ്ടപ്പെട്ട് ബെന്നിക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. തിരിച്ചടികൾക്കിടയിലാണ് ഭാര്യയ്ക്ക് അർബുദം ബാധിക്കുന്നത്. ഓരോ 21 ദിവസത്തെ ചികിത്സയ്ക്കും ലക്ഷങ്ങൾ വേണ്ടിവന്നതോടെ കടബാധ്യത 85 ലക്ഷം രൂപയായി വർദ്ധിച്ചു. ബാങ്ക് ജപ്തി നടപടികളുമായി മുന്നോട്ട് പോയതോടെ വീട് വിൽക്കാൻ ശ്രമിച്ചെങ്കിലും കൃത്യമായ വില ലഭിച്ചില്ല. ഈ ഗതികേടിലാണ് നറുക്കെടുപ്പിലൂടെ പണം കണ്ടെത്താൻ ബെന്നി തീരുമാനിച്ചത്.
കഴിഞ്ഞ മാർച്ചിൽ ആരംഭിച്ച കൂപ്പൺ വിൽപനയുടെ നറുക്കെടുപ്പ് നടക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെയാണ് പോലീസ് ഇടപെടൽ ഉണ്ടായത്. തിങ്കളാഴ്ച രാവിലെ ബെന്നിയുടെ വീട്ടിൽ റെയ്ഡ് നടത്തിയ പോലീസ് വിൽക്കാത്ത കൂപ്പണുകൾ പിടിച്ചെടുക്കുകയും അദ്ദേഹത്തെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ബെന്നിയെ നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. നിയമം ലംഘിക്കപ്പെട്ടെങ്കിലും, ചികിത്സയ്ക്കും നിലനിൽപ്പിനും വേണ്ടി ഒരു മനുഷ്യൻ നടത്തിയ അവസാനത്തെ പോരാട്ടവും പരാജയപ്പെട്ടതിന്റെ വേദനയിലാണ് നാട്ടുകാർ.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL