
കുവൈറ്റ് സിറ്റി: കുവൈറ്റിലെ സർക്കാർ-സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവരുടെ സേവനങ്ങൾക്കും ലൈസൻസുകൾക്കും പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കി. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാധിയാണ് ഈ സമഗ്രമായ പരിഷ്കാരങ്ങൾക്ക് അംഗീകാരം നൽകിയത്. രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആരോഗ്യ സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി 2020-ലെ 70-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.
പുതിയ ഉത്തരവ് പ്രകാരം കുവൈറ്റികളായ ഡോക്ടർമാർക്കും വിദേശി ഡോക്ടർമാർക്കും ജോലി ചെയ്യുന്നതിനും ലൈസൻസ് നേടുന്നതിനും വ്യക്തമായ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. വിസിറ്റിംഗ് ഡോക്ടർമാർ, അസിസ്റ്റന്റ് ഡോക്ടർമാർ, പകരക്കാരായി എത്തുന്നവർ എന്നിവരുടെ നിയമനത്തിലും ഇനി മുതൽ കർശനമായ നിയന്ത്രണങ്ങൾ ഉണ്ടാകും. ഔദ്യോഗിക ജോലി സമയത്തിന് ശേഷം പുറത്ത് ജോലി ചെയ്യുന്നതിനുള്ള അനുമതി (Work permit), ലൈസൻസുകൾ പുതുക്കൽ, ഒരു സ്ഥാപനത്തിൽ നിന്ന് മറ്റൊന്നിലേക്ക് ലൈസൻസ് മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ എന്നിവയും പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
നഴ്‌സിംഗ് മേഖലയിലും സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നഴ്‌സുമാരുടെ പ്രൊഫഷണൽ പ്രമോഷനുകൾ, അധിക തസ്തികകൾ കൂട്ടിച്ചേർക്കൽ എന്നിവയ്‌ക്കൊപ്പം അച്ചടക്ക ലംഘനം നടത്തുന്നവരുടെ ലൈസൻസ് റദ്ദാക്കുന്നതിനോ സസ്‌പെൻഡ് ചെയ്യുന്നതിനോ ഉള്ള നിയമങ്ങളും പരിഷ്കരിച്ചു. കുവൈറ്റിലെ ആരോഗ്യ മേഖലയെ ആധുനികവൽക്കരിക്കുന്നതിനും ഭരണപരമായ കാര്യങ്ങൾ ഏകീകരിക്കുന്നതിനുമാണ് ഈ മാറ്റങ്ങൾ കൊണ്ടുവരുന്നത്. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
1500 രൂപയുടെ കൂപ്പൺ, ഒന്നാം സമ്മാനം സ്വന്തം വീട്, രണ്ടാം സമ്മാനം ഥാർ; ഭാര്യയുടെ ചികിത്സക്ക് പണം കണ്ടെത്താൻ ലോട്ടറി, ഒടുവിൽ മുൻ പ്രവാസി അറസ്റ്റിൽ
കണ്ണൂർ: അർബുദബാധിതയായ ഭാര്യയുടെ ചികിത്സാച്ചെലവ് കണ്ടെത്താനും ബാധ്യതകൾ തീർക്കാനുമായി തന്റെ ഏക സമ്പാദ്യമായ വീടും സ്ഥലവും ഒന്നാം സമ്മാനമായി പ്രഖ്യാപിച്ച് നറുക്കെടുപ്പ് നടത്തിയ പ്രവാസി മലയാളി അറസ്റ്റിലായി. അടയ്ക്കാത്തോട് കാട്ടുപാലം സ്വദേശിയായ ബെന്നി തോമസിനെയാണ് കേളകം പോലീസ് പിടികൂടിയത്. സ്വകാര്യ നറുക്കെടുപ്പുകൾ നടത്തുന്നത് നിയമവിരുദ്ധമാണെന്ന് കാട്ടി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകിയ പരാതിയിലാണ് നടപടി.
മുപ്പത്തിയഞ്ച് വർഷം സൗദി അറേബ്യയിലെ റിയാദിൽ ജോലി ചെയ്ത് ബെന്നി സമ്പാദിച്ച 26 സെന്റ് സ്ഥലവും ഏഴ് മുറികളുള്ള 3300 സ്ക്വയർ ഫീറ്റ് ഇരുനില വീടുമായിരുന്നു നറുക്കെടുപ്പിലെ ഒന്നാം സമ്മാനം. 1500 രൂപയുടെ കൂപ്പൺ വഴി ഒന്നാം സമ്മാനത്തിന് പുറമെ മഹീന്ദ്ര ഥാർ, കാർ, റോയൽ എൻഫീൽഡ് ബുള്ളറ്റ് എന്നിവയും സമ്മാനമായി പ്രഖ്യാപിച്ചിരുന്നു.
റിയാദിൽ സ്പെയർ പാർട്സ് ബിസിനസ് നടത്തിയിരുന്ന ബെന്നിയുടെ വീഴ്ച തുടങ്ങുന്നത് കോവിഡ് കാലത്താണ്. നാട്ടിൽ കൃഷി ആവശ്യത്തിനായി എടുത്ത 55 ലക്ഷം രൂപയുടെ വായ്പയും ബിസിനസിലെ തിരിച്ചടികളും അദ്ദേഹത്തെ തളർത്തി. ഇതിനിടെ സ്പോൺസർ മരിച്ചതും ബിസിനസ് പങ്കാളി ചതിച്ചതും മൂലം വിസ നഷ്ടപ്പെട്ട് ബെന്നിക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. തിരിച്ചടികൾക്കിടയിലാണ് ഭാര്യയ്ക്ക് അർബുദം ബാധിക്കുന്നത്. ഓരോ 21 ദിവസത്തെ ചികിത്സയ്ക്കും ലക്ഷങ്ങൾ വേണ്ടിവന്നതോടെ കടബാധ്യത 85 ലക്ഷം രൂപയായി വർദ്ധിച്ചു. ബാങ്ക് ജപ്തി നടപടികളുമായി മുന്നോട്ട് പോയതോടെ വീട് വിൽക്കാൻ ശ്രമിച്ചെങ്കിലും കൃത്യമായ വില ലഭിച്ചില്ല. ഈ ഗതികേടിലാണ് നറുക്കെടുപ്പിലൂടെ പണം കണ്ടെത്താൻ ബെന്നി തീരുമാനിച്ചത്.
കഴിഞ്ഞ മാർച്ചിൽ ആരംഭിച്ച കൂപ്പൺ വിൽപനയുടെ നറുക്കെടുപ്പ് നടക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെയാണ് പോലീസ് ഇടപെടൽ ഉണ്ടായത്. തിങ്കളാഴ്ച രാവിലെ ബെന്നിയുടെ വീട്ടിൽ റെയ്ഡ് നടത്തിയ പോലീസ് വിൽക്കാത്ത കൂപ്പണുകൾ പിടിച്ചെടുക്കുകയും അദ്ദേഹത്തെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ബെന്നിയെ നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. നിയമം ലംഘിക്കപ്പെട്ടെങ്കിലും, ചികിത്സയ്ക്കും നിലനിൽപ്പിനും വേണ്ടി ഒരു മനുഷ്യൻ നടത്തിയ അവസാനത്തെ പോരാട്ടവും പരാജയപ്പെട്ടതിന്റെ വേദനയിലാണ് നാട്ടുകാർ.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL