Posted By Editor Editor Posted On

കാറിന്റെ ടയറിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; കുവൈത്തിൽ ലിറിക്ക ഗുളികകളുമായി പ്രവാസി സ്ത്രീ അറസ്റ്റിൽ

കാറിന്റെ സ്‌പെയർ ടയറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ലഹരി മരുന്ന് കടത്താൻ ശ്രമിച്ച പ്രവാസി വനിതയെ കുവൈത്ത് കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. അബ്ദലി അതിർത്തി ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് 7,952 ലിറിക്ക ഗുളികകൾ പിടികൂടിയത്. അയൽരാജ്യത്ത് നിന്ന് കാറോടിച്ച് കുവൈത്തിലേക്ക് പ്രവേശിച്ച സ്ത്രീയെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ സംശയത്തിന്റെ അടിസ്ഥാനത്തിൽ തടഞ്ഞ് വിശദമായി പരിശോധിച്ചത്. പ്രത്യേക ഉപകരണങ്ങളുടെയും സ്‌നിഫർ നായയുടെയും സഹായത്തോടെയായിരുന്നു പരിശോധന. കാറിന്റെ സ്‌പെയർ ടയറിനകത്ത് അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി ഗുളികകൾ കണ്ടെത്തിയത്.

വാഹനവും പ്രതിയെയും കസ്റ്റഡിയിലെടുത്ത് തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു. ലഹരിവസ്തുക്കളുടെ കടത്ത് ശ്രമങ്ങൾക്കെതിരെ കർശന നിയമനടപടികൾ തുടരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt

40 വര്‍ഷത്തെ പ്രവാസജീവിതം; കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് മടങ്ങി മലയാളി നഴ്സ്

നാലു പതിറ്റാണ്ടുകളുടെ സമർപ്പിത സേവനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന ഫർവാനിയ ആശുപത്രിയിലെ ലേബർ റൂം സ്റ്റാഫ് നഴ്‌സ് മോളി തോമസിനും, 25 വർഷത്തെ സേവനം പൂർത്തിയാക്കിയ സഹപ്രവർത്തകയായ ഇന്തോനേഷ്യൻ നഴ്‌സ് ഫ്രിഡ ലെനയ്ക്കും സഹപ്രവർത്തകർ ഹൃദയസ്പർശിയായ യാത്രയയപ്പ് നൽകി. ഫർവാനിയയിൽ വെച്ച് നടന്ന യാത്രയയപ്പ് ചടങ്ങ് സഹപ്രവർത്തകരുടെ സ്നേഹസംഗമമായി. ലേബർ റൂം ഇൻചാർജ് ക്ലോഡാറ്റ് ബൈലോൺ സമ്മേളനം ഉദ്ഘാടനം ചെയ്തു. മേരിക്കുട്ടി മാത്യു, സന്ധ്യ സജി, ജോളി ഊമ്മൻ, രോഷ്നി ആൻ, റെനി മറിയം കോശി, മൽക്ക പ്രവീൺ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

ദീർഘകാലമായി ലേബർ റൂം ടീമിനെ സ്നേഹത്തോടും സമർപ്പണത്തോടും മികച്ച നേതൃത്വത്തോടും നയിച്ച വ്യക്തിത്വമാണ് സിസ്റ്റർ മോളിയുടേതെന്ന് സഹപ്രവർത്തകർ അഭിപ്രായപ്പെട്ടു. സഹപ്രവർത്തകരോടും രോഗികളോടും ഒരുപോലെ കരുതലും സ്നേഹവും കാട്ടിയ അവർ എല്ലാവർക്കും പ്രചോദനമായിരുന്നുവെന്നും അവർ പറഞ്ഞു. സഹപ്രവർത്തകരും സുഹൃത്തുക്കളും സ്നേഹത്തോടെ മോളി മാമ എന്ന് വിളിക്കുന്ന സിസ്റ്റർ മോളി കോട്ടയം ചങ്ങനാശ്ശേരി അരിക്യാതിൽ കുടുംബാംഗമാണ്. പരേതനായ തോമസ് ആൻ്റണിയുടെ ഭാര്യയാണ്. ആൽവിൻ-ഗീതു (ന്യൂസിലാൻഡ്), അല്ലെൻസി-വിനിഷ (കാനഡ) എന്നിവർ മക്കളാണ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt

വ്യാജ പെർഫ്യൂം ഫാക്ടറി; കുവൈറ്റിൽ മൂന്ന് പ്രവാസികൾ പിടിയിൽ

കുവൈറ്റിലെ ജലീബ് അൽ-ഷുയൂഖിൽ പ്രവർത്തിച്ചിരുന്ന വൻതോതിലുള്ള വ്യാജ പെർഫ്യൂം നിർമ്മാണകേന്ദ്രം ക്രിമിനൽ സുരക്ഷാ വിഭാഗം കണ്ടെത്തി. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ കീഴിലുള്ള പൊതു സദാചാര സംരക്ഷണവും മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവും നടത്തിയ റെയ്ഡിലാണ് ഈ വൻ തട്ടിപ്പ് പുറത്തായത്. അന്താരാഷ്ട്ര, പ്രാദേശിക പെർഫ്യൂം ബ്രാൻഡുകൾ വ്യാജമായി നിർമിക്കുകയും സംഭരിക്കുകയും ചെയ്തിരുന്ന ഫാക്ടറിയിൽ പ്രവർത്തിച്ചിരുന്ന മൂന്ന് ഏഷ്യൻ പൗരന്മാരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. വാണിജ്യ-വ്യവസായ മന്ത്രാലയവും കുവൈത്ത് മുനിസിപ്പാലിറ്റിയും ചേർന്നാണ് ഈ ഓപ്പറേഷൻ നടത്തിയതെന്ന് റിപ്പോർട്ട് പറയുന്നു. റെയ്ഡിനിടെ 15,000ത്തിലധികം വ്യാജ പെർഫ്യൂം പാക്കേജിങ് ബോക്സുകളും, നിറയ്ക്കാനും വിതരണത്തിനുമായി തയ്യാറാക്കിയ 28,000 ഒഴിഞ്ഞ കുപ്പികളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. വലിയ തോതിലുള്ള ഉത്പാദനത്തിനായി സജ്ജീകരിച്ചിരുന്ന ഈ അനധികൃത ഫാക്ടറി നശിപ്പിക്കുകയും ചെയ്തു.

പിടിച്ചെടുത്ത സാധനങ്ങളും പ്രതികളെയും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി അധികൃതർ വ്യക്തമാക്കി. ഉപഭോക്തൃ സംരക്ഷണത്തിനും വാണിജ്യ തട്ടിപ്പുകൾക്കെതിരെ കർശനനടപടി സ്വീകരിക്കാനും തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പൊതുസുരക്ഷയെയോ സാമ്പത്തിക സുരക്ഷയെയോ ബാധിക്കുന്ന സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, അടിയന്തര നമ്പർ 112-ൽ വിളിക്കുകയോ, മന്ത്രാലയത്തിന്റെ ഔദ്യോഗിക ആശയവിനിമയ ചാനലുകൾ വഴി റിപ്പോർട്ട് ചെയ്യുകയോ ചെയ്യണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *