
അസാധുവായ മയക്കുമരുന്ന് അറസ്റ്റ് കേസിൽ രണ്ട് പേരെ കുവൈത്ത് കോടതി കുറ്റവിമുക്തരാക്കി
മയക്കുമരുന്നും ലഹരിവസ്തുക്കളും ഉപയോഗത്തിനായി കൈവശം വെച്ചതിനും സുരക്ഷാ ഉദ്യോഗസ്ഥരെ തടസപ്പെടുത്തിയതിനും ചുമത്തിയ കുറ്റങ്ങളിൽ നിന്ന് രണ്ട് വ്യക്തികളെ ക്രിമിനൽ കോടതി വെറുതെ വിട്ടു. പ്രതിഭാഗം അഭിഭാഷകനായ അബ്ദുള്ള അൽ-അലന്ദ വാദിച്ചത്, ‘ഫ്ലാഗ്രൻ്റ് ഡെലിക്റ്റോ’യുടെ (Flagrante Delicto – കുറ്റം ചെയ്യുമ്പോൾ തന്നെ പിടികൂടുക) അഭാവം കാരണം അറസ്റ്റ്, തിരച്ചിൽ, തൊണ്ടിമുതൽ പിടിച്ചെടുക്കൽ നടപടികൾ അസാധുവാണെന്നാണ്. പ്രതികളെ കുറ്റം ചെയ്യുമ്പോൾ കൈയോടെ പിടികൂടിയിട്ടില്ലെന്നും, കേസ് രേഖകൾ സംശയത്തെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണെന്നും വ്യക്തമായ തെളിവുകളുടെ അഭാവമുണ്ടെന്നും അദ്ദേഹം കോടതിയിൽ വാദിച്ചു. പബ്ലിക് പ്രോസിക്യൂഷൻ്റെ വോറൻ്റ് ഇല്ലാതെയാണ് അറസ്റ്റും വസ്തുക്കൾ പിടിച്ചെടുക്കലും നടത്തിയതെന്നും, അതിനാൽ തുടർന്നുള്ള എല്ലാ നടപടിക്രമങ്ങളും നിയമപരമായി അസാധുവാണെന്നും അഭിഭാഷകൻ അൽ-അലന്ദ പറഞ്ഞു. നിയമത്തിൽ വ്യക്തമായി നിർവചിച്ചിട്ടുള്ള കേസുകളിലല്ലാതെ വ്യക്തിസ്വാതന്ത്ര്യം ലംഘിക്കാൻ കഴിയില്ലെന്ന് കോടതി ഉറപ്പിച്ചു പറഞ്ഞു. ഒരാൾ അസാധാരണമായതോ അസന്തുലിതമായതോ ആയ അവസ്ഥയിൽ കാണപ്പെടുന്നു എന്നതിൻ്റെ പേരിൽ മാത്രം ആ വ്യക്തിയെ അറസ്റ്റ് ചെയ്യാനോ പരിശോധിക്കാനോ പോലീസിന് ന്യായീകരണമില്ലെന്നും കോടതി ഊന്നിപ്പറഞ്ഞു. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ പ്രതികളെ വെറുതെ വിട്ടുകൊണ്ട് കോടതി വിധി പ്രസ്താവിക്കുകയായിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
നിയമം കടുപ്പിച്ച് അധികൃതർ; വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ നൽകിയാൽ പണികിട്ടും; അഞ്ചു വർഷം തടവും 10,000 ദിനാർ വരെ പിഴയും
വിദ്യാഭ്യാസത്തിന്റെ വിശ്വാസ്യത ശക്തിപ്പെടുത്തുകയും വ്യാജ അക്കാദമിക് യോഗ്യതകളിൽ നിന്ന് തൊഴിൽ വിപണിയെ സംരക്ഷിക്കുകയും ചെയ്യുന്നതിനായി അക്കാദമിക് ബിരുദങ്ങളുടെ തുല്യത (Equivalency) സംബന്ധിച്ച പുതിയ കരട് നിയമത്തിന് അന്തിമരൂപം നൽകിയതായി കുവൈത്തിലെ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പുതിയ നിയമം പ്രാബല്യത്തിൽ വന്നാൽ, തുല്യതയില്ലാത്ത ബിരുദങ്ങൾ ഉപയോഗിക്കുന്നവർക്കും അറിഞ്ഞുകൊണ്ട് അവ അംഗീകരിക്കുന്ന ഉദ്യോഗസ്ഥർക്കും കടുത്ത ശിക്ഷയാണ് ലഭിക്കുക. അഞ്ചു വർഷം വരെ തടവും 10,000 കുവൈത്തി ദിനാർ വരെ പിഴയും പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് നിർബന്ധിത പിരിച്ചുവിടലും ശിക്ഷയായി വിധിക്കപ്പെടും.
2019-ൽ ദേശീയ അസംബ്ലി പാസാക്കിയെങ്കിലും പിന്നീട് മരവിപ്പിക്കപ്പെട്ട 78-ാം നമ്പർ നിയമത്തിന് പകരമാണ് പുതിയ കരട് നിയമം വരുന്നത്. മുൻ നിയമത്തിലെ പോരായ്മകൾ പരിഹരിച്ച്, അക്കാദമിക് ബിരുദങ്ങളുടെ കൃത്യമായ അംഗീകാരം ഉറപ്പാക്കുന്നതിനും ഭൗതികമോ തൊഴിൽപരമോ ആയ നേട്ടങ്ങൾക്കായി വ്യാജ സർട്ടിഫിക്കറ്റുകൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനുമാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്.
മന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയാണ് (ആർട്ടിക്കിൾ 2) നിയമത്തിന്റെ നടപ്പാക്കൽ മേൽനോട്ടം വഹിക്കുക. മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി അധ്യക്ഷനായിരിക്കും . കുവൈത്ത് യൂണിവേഴ്സിറ്റി, സിവിൽ സർവീസ് ബ്യൂറോ തുടങ്ങി വിവിധ സർക്കാർ സ്ഥാപനങ്ങളിലെ പ്രതിനിധികൾക്കും സമിതിയിൽ അംഗത്വം നൽകും.
പുതിയ കരട് നിയമപ്രകാരം (ആർട്ടിക്കിൾ 4), തുല്യതയില്ലാത്ത ബിരുദങ്ങൾ സർക്കാർ ഏജൻസികളും, പൊതു സ്ഥാപനങ്ങളും, ലൈസൻസുള്ള സ്വകാര്യ സ്ഥാപനങ്ങളും അംഗീകരിക്കില്ല.
ആർട്ടിക്കിൾ 7: തുല്യതയില്ലാത്ത സർട്ടിഫിക്കറ്റ് ഉപയോഗിക്കുന്നവർക്ക് ഒരു വർഷം വരെ തടവും 1,000–5,000 ദിനാർ വരെ പിഴയും.
ആർട്ടിക്കിൾ 8: അറിഞ്ഞുകൊണ്ട് അനധികൃത ബിരുദങ്ങൾ അംഗീകരിക്കുന്ന ഉദ്യോഗസ്ഥർക്കു ഒരു വർഷം വരെ തടവും 3,000–5,000 ദിനാർ വരെ പിഴയും.
വ്യക്തിപരമായ നേട്ടത്തിനായി ഉപയോഗിച്ചാൽ: മൂന്ന് വർഷം വരെ തടവും 10,000 ദിനാർ വരെ പിഴയും.
പൊതു ജീവനക്കാർക്ക്: പരമാവധി അഞ്ച് വർഷം വരെ തടവും 10,000 ദിനാർ വരെ പിഴയും കൂടാതെ നിർബന്ധിത പിരിച്ചുവിടലും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
വിസാ കച്ചവടക്കാരെ വെച്ചുപെറുപ്പിക്കില്ല; നിയമലംഘകർക്ക് കർശന ശിക്ഷ, മുന്നറിയിപ്പുമായി അധികൃതർ
വിസക്കച്ചവടവും മനുഷ്യക്കടത്തും ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ യാതൊരു വിധ സഹിഷ്ണുതയും കാണിക്കില്ലെന്ന് മാനവശേഷി സമിതിയുടെ ആക്ടിംഗ് ഡയറക്ടർ ജനറൽ എഞ്ചിനീയർ റബാബ് അൽ-ഒസൈമി മുന്നറിയിപ്പ് നൽകി. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കിയ പുതിയ റിപ്പോർട്ടിൽ, മനുഷ്യക്കടത്തിനെതിരെ കുവൈത്ത് കൈവരിച്ച പുരോഗതി സൂചിപ്പിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മാനവശേഷി സമിതിയും ബന്ധപ്പെട്ട സ്ഥാപനങ്ങളും നടത്തിയ അവലോകന യോഗത്തിൽ മുന്നറിയിപ്പ് നൽകിയത്.
വിസക്കച്ചവടവും മനുഷ്യക്കടത്തും ചെറുക്കുന്നത് കുവൈത്തിന്റെ പ്രധാന മുൻഗണനയായിരിക്കുമെന്നും, ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതായി തെളിഞ്ഞവർക്ക് എതിരെ കർശനമായ നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. രാജ്യത്തിന്റെ യശസ്സിനും തൊഴിലാളികളുടെ സുരക്ഷയ്ക്കും ദോഷകരമായ ഇത്തരം പ്രവർത്തനങ്ങൾക്ക് അവസരം അനുവദിക്കില്ലെന്നും മുന്നറിയിപ്പ് നൽകി. മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിൽ രാജ്യം ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് അധികൃതർ കൂട്ടിച്ചേർത്തു. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പരാതികൾ കൈകാര്യം ചെയ്യുന്നതിനുമായി സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും തൊഴിൽ പരിശോധകർക്ക് ആവശ്യമായ പരിശീലന പരിപാടികൾ നടപ്പിലാക്കുകയും ചെയ്തതായി അവർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)