കുവൈത്ത് എയർവേയ്സ് യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കിക്കൊണ്ട് പുതിയ ലഗേജ് രഹിത ഇക്കണോമി ക്ലാസ് അവതരിപ്പിച്ചു. ചെക്ക്-ഇൻ ലഗേജുകൾ ഒഴിവാക്കി, ഭാരം കുറഞ്ഞ ക്യാബിൻ ബാഗുകളുമായി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.
പുതിയ ടിക്കറ്റ് വിഭാഗത്തിൽ, ഏഴ് കിലോഗ്രാം വരെ ഭാരമുള്ള ഒരു ക്യാബിൻ ബാഗ് മാത്രമായിരിക്കും അനുവദിക്കുക. ഇത് ടിക്കറ്റ് നിരക്കിൽ ഗണ്യമായ കുറവുണ്ടാക്കും. ചെറിയ ബിസിനസ്സ് യാത്രകൾക്കും, കുറഞ്ഞ ദിവസത്തെ വ്യക്തിപരമായ യാത്രകൾക്കും വലിയ സ്യൂട്ട്കേസുകൾ കൊണ്ടുപോകാൻ ആഗ്രഹിക്കാത്തവർക്കും ഈ തീരുമാനം ഏറെ ഗുണം ചെയ്യും.
യാത്രക്കാർക്ക് അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് വ്യത്യസ്ത യാത്രാ ഓപ്ഷനുകൾ തിരഞ്ഞെടുക്കാൻ കഴിയുമെന്ന് കുവൈത്ത് എയർവേയ്സ് ചെയർമാൻ അബ്ദുൽ മുഹ്സിൻ അൽ ഫഖാൻ പറഞ്ഞു. ടെർമിനൽ നാലിലെ സെൽഫ് സർവീസ് മെഷീനുകളിൽ നിന്ന് നേരിട്ട് ബോർഡിംഗ് പാസുകൾ എടുക്കാനുള്ള സൗകര്യവും ലഭ്യമാണ്. ലളിതമായ ചെക്ക്-ഇൻ നടപടിക്രമങ്ങൾ, വിനോദ സൗകര്യങ്ങൾ, മികച്ച ആതിഥ്യമര്യാദ എന്നിവ ഉറപ്പാക്കി യാത്ര കൂടുതൽ സുഗമമാക്കാൻ കുവൈത്ത് എയർവേയ്സ് എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c