
മ്യൂൾ അക്കൗണ്ട് തട്ടിപ്പ്, അക്കൗണ്ടുകൾ വിദേശത്തേക്ക് വിൽക്കും; ബന്ധുവിന്റെ ചതിയിൽ കുടുങ്ങി 21-കാരി; നടന്നത് ലക്ഷങ്ങളുടെ ഇടപാടുകൾ
കാസർഗോഡ്: മ്യൂൾ അക്കൗണ്ട് തട്ടിപ്പിലൂടെ ബന്ധുവിന്റെ ചതിയിൽ കുടുങ്ങി 21 വയസ്സുകാരി നിയമക്കുരുക്കിൽ. ബെംഗളൂരു സൈബർ പോലീസ് നൽകിയ നോട്ടീസിലൂടെയാണ് താൻ ഒരു ഓൺലൈൻ തട്ടിപ്പ് കേസിലെ പ്രതിയാണെന്ന് കാസർഗോഡ് സ്വദേശിനിയായ യുവതി അറിയുന്നത്.
ബന്ധുവായ സാജിതയുടെ ആവശ്യപ്രകാരം ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങി അതിന്റെ എല്ലാ വിവരങ്ങളും യുവതി കൈമാറിയിരുന്നു. തന്റെ അക്കൗണ്ടിലേക്ക് പണം അയയ്ക്കാൻ സാധിക്കാത്തതുകൊണ്ട് ഒരു അക്കൗണ്ട് തുറന്നു തരാമോ എന്ന് സാജിത ചോദിച്ചതിനെത്തുടർന്നാണ് യുവതി അക്കൗണ്ട് ആരംഭിച്ചത്. എടിഎം കാർഡ്, ഇന്റർനെറ്റ് ബാങ്കിങ് വിവരങ്ങൾ, അക്കൗണ്ടുമായി ബന്ധിപ്പിച്ച സിം കാർഡ് എന്നിവയെല്ലാം യുവതി സാജിതയ്ക്ക് കൈമാറി. എടിഎം കാർഡിന് ഇന്റർനാഷണൽ ആക്സസ് വേണമെന്ന് സാജിത പ്രത്യേകം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാൽ, ഈ അക്കൗണ്ട് വഴി ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നതായി ബെംഗളൂരു സൈബർ പോലീസിന്റെ നോട്ടീസ് ലഭിച്ചപ്പോഴാണ് യുവതി മനസ്സിലാക്കുന്നത്. പരിഭ്രാന്തയായ യുവതി ഉടൻ തന്നെ പോലീസിൽ പരാതി നൽകി. അന്വേഷണത്തിനൊടുവിൽ ദുബായിൽനിന്നു മടങ്ങിയെത്തിയ സാജിതയെ മുംബൈയിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു.
മ്യൂൾ അക്കൗണ്ടുകൾ ആരംഭിച്ച് വിദേശത്തുള്ള സൈബർ കുറ്റവാളികളുടെ ശൃംഖലകൾക്ക് വിൽക്കുന്നതാണ് സാജിതയുടെ തട്ടിപ്പ് രീതി. ചോദ്യം ചെയ്യലിൽ, ദുബായിലുള്ള ചൈനീസ് ഓപ്പറേറ്റർമാർക്കാണ് അക്കൗണ്ടുകൾ വിറ്റഴിച്ചിരുന്നതെന്ന് സാജിത സമ്മതിച്ചു. ഇത്തരം അക്കൗണ്ടുകളിലേക്ക് എത്തുന്ന പണം വിദേശത്ത് എടിഎം കാർഡുകൾ ഉപയോഗിച്ച് പിൻവലിക്കുകയാണ് ചെയ്യുന്നത്.
യുവതിയുടെ അക്കൗണ്ടിലൂടെ മാത്രം 2024 മാർച്ച് മുതൽ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നതായി ബാങ്ക് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. കുടുംബത്തിലെ നാല് ബന്ധുക്കളെ ഇത്തരത്തിൽ സാജിത കബളിപ്പിച്ച് അക്കൗണ്ടുകൾ തുറപ്പിച്ചിട്ടുണ്ടെന്നും വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേരെ ഇതിനായി ഉപയോഗിച്ചിട്ടുണ്ടെന്നും പോലീസ് കണ്ടെത്തി.
കേസിലെ സാജിതയുടെ കൂട്ടുപ്രതിയായ സാബിറിനെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. മ്യൂൾ അക്കൗണ്ടുകൾ വഴിയുള്ള തട്ടിപ്പുകൾ സംസ്ഥാനത്ത് വർധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)