
സ്വർണം കൈയ്യിലുണ്ടോ? വാങ്ങിയ രേഖ വേണം; കയ്യിൽ കൂടുതൽ പണമുണ്ടെങ്കിലും പിടിവീഴും, നടപടി കടുപ്പിച്ച് കുവൈത്ത്
വിമാന യാത്രക്കാരുടെ കൈവശമുള്ള വിലപിടിപ്പുള്ള വസ്തുക്കൾ സംബന്ധിച്ച് വെളിപ്പെടുത്തണം എന്ന് കുവൈത്ത്. വിമാനത്താവളത്തിൽ യാത്രയ്ക്ക് എത്തുന്നവരും വിദേശത്ത് നിന്ന് വരുന്നവരും ഡിക്ലറേഷൻ ഫോറം പൂരിപ്പിക്കണം. പുതിയ നിർദേശങ്ങൾ ലംഘിച്ചാൽ പിടിവീഴുമെന്ന് സെന്റർ ഫോർ ഗവൺമെന്റ്് കമ്യൂണിക്കേഷൻ (സിജിസി) അറിയിച്ചതായാണ് വിവരം. പ്രവാസികളും ബിസിനസുകാരും ഉൾപ്പെടെയുള്ള യാത്രക്കാർ വിലപിടിപ്പുള്ള വസ്തുക്കളുമായി എത്തുന്നത് പതിവാണ്. കൃത്യമായ രേഖയുണ്ടെങ്കിൽ പ്രയാസം നേരിടേണ്ടി വരില്ല. എന്നാൽ രേഖയില്ലാതെ ഒരു വസ്തുവും കൊണ്ടുപോകാനോ കൊണ്ടുവരാനോ സാധിക്കില്ല. എന്തൊക്കെയാണ് കൈവശമുള്ളത് എന്ന് വ്യക്തമാക്കുന്ന ഫോറം പൂരിപ്പിച്ചു നൽകണം.
3000 കുവൈത്ത് ദിനാർ, അല്ലെങ്കിൽ അതിനു മുകളിലുള്ള തുക കൈവശമുണ്ടെങ്കിലാണ് വെളിപ്പെടുത്തേണ്ടത്. കുവൈത്ത് ദിനാർ തന്നെയാകണം എന്നില്ല. തത്തുല്യമായ മൂല്യമുള്ള മറ്റു കറൻസികളായാലും മതി. കൂടാതെ വില കൂടിയ വാച്ചുകൾ, ആഭരണങ്ങൾ എന്നിവ സംബന്ധിച്ചും വെളിപ്പെടുത്തണം. വിലയേറിയ ഉപകരണങ്ങൾ ഹാന്റ് ബാഗിൽ കൊണ്ടുവരുമ്പോഴും വാങ്ങിയ രസീത് വേണം. രേഖയില്ലാതെ ഒരു വസ്തുവും കുവൈത്തിന് പുറത്തേക്കോ അകത്തേക്കോ കൊണ്ടുവരാൻ സാധിക്കില്ല എന്ന് ചുരുക്കം. സ്വർണം ഏത് രൂപത്തിലുള്ളതാണെങ്കിലും തുകയുടെ പരിധി വിട്ടാൽ വെളിപ്പെടുത്തണം. ആഭരണമാകട്ടേ, കോയിൻ ആകട്ടെ, ബാർ ആകട്ടെ എല്ലാം വെളിപ്പെടുത്തണം. വിലയേറിയ സമ്മാനങ്ങളാണെങ്കിലും രേഖ കൈവശമുണ്ടാകണം. വീഴ്ച സംഭവിച്ചാൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടി വരും.
പരിധി വിട്ടുള്ള പണം കൈവശമുണ്ടെങ്കിൽ പിടിച്ചെടുക്കും. സ്വർണമുണ്ടെങ്കിലും പിടികൂടും. വ്യക്തമായ രേഖയുണ്ടെങ്കിൽ യാതൊരു തടസവും നേരിടില്ല. കുവൈത്ത് അ്ന്താരാഷ്ട്ര വിമാനത്താവളത്തിൽ ശക്തമായ പരിശോധന തുടരും. ഇതുസംബന്ധിച്ച അവ്യക്തത നീക്കാനും കൂടുതൽ വിവരങ്ങൾ ലഭിക്കാനും ജനറൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫ് കസ്റ്റംസിന്റെ (ജിഎസി) വെബ്‌സൈറ്റ് സന്ദർശിക്കാം. പുതിയ ചട്ടങ്ങൾ സംബന്ധിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ വിമാനത്താവള അധികൃതർ പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ യാത്രക്കാർക്ക് സംശയം സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ മറുപടി നൽകാൻ കൂടുതൽ കസ്റ്റംസ് ഉദ്യോഗസ്ഥരെ നിയോഗിക്കാനും തീരുമാനിച്ചു. കുവൈത്ത് വിമാനത്താവളത്തിലെ എല്ലാ പ്രവർത്തനങ്ങളും ആധുനിക വൽക്കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)