
വിമാനത്തിൽ ബോംബ് വെച്ചെന്ന് വ്യാജ ഭീഷണി, ആരോ ചെയ്ത തെറ്റിനെ തുടർന്ന് ഗൾഫിൽ കുടുങ്ങിയ ഇന്ത്യൻ കുടുംബം നാടണഞ്ഞു
ലണ്ടനിൽ നിന്ന് ദില്ലിയിലേക്കുള്ള യാത്രാമധ്യേ വിമാനത്തിൽ ബോംബ് വെച്ചെന്ന വ്യാജ ഭീഷണിയെ തുടർന്ന് റിയാദിൽ കുടുങ്ങിയ ഇന്ത്യൻ കുടുംബം ഒരു മാസത്തെ ദുരിതങ്ങൾക്കൊടുവിൽ നാടണഞ്ഞു. ആരോ ഒപ്പിച്ച വികൃതിയുടെ ഇരയായി മാറിയ കുടുംബത്തെ റിയാദിലെ ഇന്ത്യൻ എംബസിയും മലയാളി സാമൂഹികപ്രവർത്തകനും ചേർന്ന് നിരന്തരം നടത്തിയ കഠിനപരിശ്രമങ്ങൾക്കൊടുവിൽ രക്ഷപ്പെടുത്തി കഴിഞ്ഞദിവസം നാട്ടിലേക്ക് കയറ്റി വിടുകയായിരുന്നു.വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ആരോ ടിഷ്യൂ പേപ്പറിൽ എഴുതി വിമാനത്തിൻറെ ടോയിലറ്റിലെ കണ്ണാടിയിൽ ഒട്ടിച്ചുവെച്ചതിൽ തുടങ്ങിയതാണ് ഭാര്യയും ഭർത്താവും രണ്ടാൺമക്കളുമടങ്ങുന്ന കുടുംബത്തിൻറെ ദുരിതം. ഭീഷണി സന്ദേശം കണ്ട് വിമാന ജോലിക്കാർ ക്യാപ്റ്റനെ വിവരം അറിയിക്കുകയും അദ്ദേഹം ഉടൻ തൊട്ടടുത്തുള്ള എയർപ്പോർട്ടിൽ എമർജൻസി ലാൻഡിങ്ങിന് അനുവാദം തേടുകയും ചെയ്തു. ഇക്കഴിഞ്ഞ ജൂൺ 21ന് രാവിലെ ലണ്ടനിൽനിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം അന്ന് രാത്രി റിയാദിൽ അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു. പൊലീസും പട്ടാളവും വളഞ്ഞ് യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ച ശേഷം വിമാനം പരിശോധിച്ചു. അസാധാരണമായി ഒന്നും കണ്ടില്ല. ബോംബ് ഭീഷണി വ്യാജമാണെന്ന് മനസിലായി. ആരാണ് ആ വ്യാജ സന്ദേശം എഴുതിവെച്ചതെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ച എയർപ്പോർട്ട് പൊലീസിനും സ്പെഷ്യ ടാസ്ക് ഫോഴ്സിനും ഒരു വിമാനജോലിക്കാരൻ ഈ ഇന്ത്യൻ ദമ്പതികളുടെ 15 വയസുള്ള ഇളയ മകനെ ചൂണ്ടിക്കാണിച്ചുകൊടുക്കുകയായിരുന്നു. പൊലീസ് ഉടൻ അവനെ കസ്റ്റഡിയിലെടുത്ത് റിയാദിലെ ജുവനൈൽ ഹോമിലേക്ക് മാറ്റി. വിമാന യാത്ര മുടങ്ങിയതിനാൽ യാത്രക്കാരെ മുഴുവൻ റിയാദിലെ ഹോട്ടലിലേക്ക് മാറ്റാനുള്ള ഇമിഗ്രേഷൻ നടപടിക്കിടെയായിരുന്നു എയർ ഇന്ത്യ ജീവനക്കാരെൻറ സംശയത്തെ തുടർന്ന് പൊലീസ് കൗമാരക്കാരനെ കസ്റ്റഡിയിലെടുത്തത്.
ഈ സമയം ഇമിഗ്രേഷൻ കൗണ്ടറിലെ ക്യൂവിൽ നിൽക്കുകയായിരുന്ന അച്ഛനും അമ്മയും ഏക സഹോദരനും പരിഭ്രാന്തിയിലായി. സംശയത്താൽ ചോദ്യം ചെയ്യാൻ കൊണ്ടുപോയതാണെന്നും നിരപരാധിയെന്ന് കണ്ടാൽ തിരിച്ചുകൊണ്ടുവരുമെന്നും വിമാന ജോലിക്കാർ സമാധാനിപ്പിച്ചതിനാൽ അവർ മറ്റ് യാത്രക്കാരോടൊപ്പം ഹോട്ടലിലേക്ക് പോയി. പിറ്റേന്നും അവനെത്തിയില്ല. ആ കുടുംബമൊഴികെ മറ്റുള്ള യാത്രക്കാരെല്ലാം അടുത്ത ദിവസത്തെ വിമാനത്തിൽ ഡൽഹിയിലേക്ക് പോവുകയും ചെയ്തു. സംശയമുന്നയിച്ച വിമാന ജോലിക്കാരനും ആ കുടുംബവും മാത്രം ഹോട്ടലിലായി. നാല് ദിവസം കഴിഞ്ഞിട്ടും മകനെത്തിയില്ല.
ലണ്ടനിൽ ശാസ്ത്രജ്ഞനാണ് ബംഗളുരു സ്വദേശിയായ ആ അച്ഛൻ. ബഹുരാഷ്ട്ര കമ്പനി ഉദ്യോഗസ്ഥയും യു.പി സ്വദേശിയുമാണ് അമ്മ. ലണ്ടനിൽ എയ്റോനോട്ടിക്കൽ എൻജിനീയറാണ് മൂത്ത സഹോദരൻ. ലണ്ടനിലെ സ്കൂളിൽ 10ാം ക്ലാസ് വിദ്യാർഥിയാണ് 15 വയസുകാരൻ. അവനെ പൊലീസ് വിട്ടയക്കുന്നതും കാത്ത് കണ്ണീരും പ്രാർഥനയുമായി ആ കുടുംബം ഹോട്ടലിൽ കഴിഞ്ഞു. വിവരം അറിഞ്ഞ് റിയാദിലെ സാമൂഹികപ്രവർത്തകൻ ശിഹാബ് കൊട്ടുകാട് വരുന്നതുവരെ എന്ത് ചെയ്യണമെന്ന് ആ പാവം അച്ഛനും അമ്മയ്ക്കും സഹോദരനും അറിയുമായിരുന്നില്ല.
ശിഹാബ് ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാെൻറ ശ്രദ്ധയിൽപ്പെടുത്തി. ഉടൻ അദ്ദേഹം ഉന്നതതല ഇടപെടലുകൾ നടത്തി. എംബസിയിലെ ഉന്നത ഉദ്യോഗസ്ഥരും ശിഹാബും കൂടി സൗദിയിലെ ബന്ധപ്പെട്ട ഓഫീസുകളിലും ജുവനൈൽ ഹോമിലും കയറിയിറങ്ങി. പയ്യനെ സംശയിച്ചുപോയതിൽ ആ വിമാന ജോലിക്കാരനും ഒടുവിൽ മനഃസ്ഥാപമുണ്ടായി. അയാൾ തെൻറ മൊഴിമാറ്റി. എംബസി ഉദ്യോഗസ്ഥരുടെയും ശിഹാബിെൻറയും കഠിനശ്രമങ്ങൾക്കൊടുവിൽ ഏഴാം ദിവസം ഒരു സൗദി പൗരെൻറ ജാമ്യത്തിൽ പയ്യനെ ജൂവനൈൽ ഹോമിൽനിന്ന് പുറത്തിറക്കി മാതാപിതാക്കളുടെ അടുക്കലെത്തിച്ചു.
പക്ഷേ പാസ്പോർട്ടിൽ യാത്രാവിലക്ക് രേഖപ്പെടുത്തിയിരുന്നത് കാരണം റിയാദ് വിട്ടുപോകാൻ കഴിഞ്ഞില്ല. എയർപ്പോർട്ട് ട്രാവൽ സെക്യൂരിറ്റി കൺട്രോൾ ഡിവിഷേൻറതാണ് യാത്രാവിലക്കെന്ന് മനസിലാക്കി അത് നീക്കാനുള്ള ശ്രമമാണ് പിന്നീട് എംബസിയും ശിഹാബ് കൊട്ടുകാടും ചേർന്ന് നടത്തിയത്. റിയാദ് എയർപ്പോർട്ട് അതോറിറ്റി, റിയാദ് പൊലീസ്, ജുവനൈൽ ഹോം, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഓഫീസ്, സൗദി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി (ഗാക) എന്നീ ഓഫീസുകളുമായി അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ, എംബസി ഉദ്യോഗസ്ഥരായ വൈ. സാബിർ, രാജീവ് സിക്രി, ട്രാൻസിലേറ്റർമാരായ റഈസുൽ ആലം, സവാദ് എന്നിവരും ശിഹാബ് കൊട്ടുകാടും നിരന്തരം ഇടപെട്ട് നടത്തിയ ശ്രമത്തിനൊടുവിൽ 27ാം ദിവസം എല്ലാ നിയമകുരുക്കുകളും അഴിക്കാനായി. 15 വയസുകാരൻ നിരപരാധിയാണെന്ന് സൗദി അധികൃതർക്ക് ബോധ്യപ്പെട്ടു. യാത്രാവിലക്ക് നീങ്ങി. ഈ മാസം 17ന് വൈകിട്ടുള്ള എയർ ഇന്ത്യ വിമാനത്തിൽ കുടുംബം നാട്ടിലേക്ക് പുറപ്പെട്ടു. ഒരു കുറ്റവും ചെയ്യാഞ്ഞിട്ടും അവർ കുടിച്ച കൈപ്പുനീരിന് കണക്കില്ല.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)