ദുബായിൽ നിന്ന് ഇന്ന് (18) രാവിലെ ഒൻപതിന് കോഴിക്കോട്ടേക്ക് പറക്കേണ്ട എയർ ഇന്ത്യ എക്സ്പ്രസ് എഐഎക്സ്346 ലെ യാത്രക്കാരെ വിമാനത്തിൽ നിന്ന് തിരിച്ചിറക്കി. മൂന്ന് മണിക്കൂറോളം കനത്ത ചൂടിൽ വിമാനത്തിലിരുത്തിയ ശേഷമാണ് ഇവരെ വിമാനത്തിൽ നിന്ന് പുറത്തിറക്കി വിമാനത്താവള ടെർമിനലിലേക്ക് തിരികെയെത്തിച്ചത്. എന്നാൽ വിമാനം എപ്പോൾ പുറപ്പെടാൻ സാധിക്കുമെന്ന കാര്യത്തിൽ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു മറുപടിയും യാത്രക്കാർക്ക് ലഭിച്ചിട്ടില്ല.രാവിലെ 8.30 ന് തന്നെ യാത്രക്കാരെ ബോയിങ് 737 വിമാനത്തിൽ കയറ്റിയിരുന്നു. പിന്നീട് വിമാനം റൺവേയിലൂടെ ഇത്തിരി ദൂരം നീങ്ങിയെങ്കിലും പിന്നീട് പഴയ സ്ഥലത്ത് തന്നെ കൊണ്ടുവന്നുനിർത്തി. ചൂട് സഹിക്കാതെ കുട്ടികൾ കരയാൻ തുടങ്ങി, യാത്രക്കാർ വിമാന അധികൃതരോട് അന്വേഷിച്ചപ്പോൾ എയർ കണ്ടീഷണറിന് ചെറിയ സാങ്കേതിക പ്രശ്നമുണ്ടെന്നും അത് പരിഹരിച്ച് ഉടൻ പുറപ്പെടുമെന്നുമായിരുന്നു മറുപടി.
വൈകാതെ വീണ്ടും വിമാനം നീങ്ങുകയും എസി പ്രശ്നത്തിന് പരിഹാരമാകാത്തതിനാൽ പഴയത് പോലെ ആവർത്തിക്കുകയുമായിരുന്നു. സാങ്കേതിക പ്രശ്നം പരിഹരിക്കും വരെ തങ്ങളെ വിമാനത്താവളത്തിനകത്ത് ഇരിക്കാനുള്ള സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇതിന് അനുകൂലമായി അധികൃതർ പ്രതികരിക്കുന്നില്ലെന്ന് യാത്രക്കാർ പറഞ്ഞു. വേനലവധി ആഘോഷിക്കാൻ വേണ്ടി നാട്ടിലേക്ക് പുറപ്പെട്ട കുടുംബങ്ങളാണ് യാത്രക്കാരിൽ ഭൂരിഭാഗവും. മരണം, വിവാഹം തുടങ്ങിയ അടിയന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ പോകുന്നവരും ചികിത്സയ്ക്കായി പോകുന്ന രോഗികളും ഗർഭിണികളും കൂട്ടത്തിലുണ്ട്. വൻതുക കൊടുത്താണ് പലരും ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t