Posted By Editor Editor Posted On

അനുഭവിച്ചത് ക്രൂരപീഡനം, സഹിക്കാൻ വയ്യാതായതോടെ മകളെ കൊന്ന് ആത്മഹത്യ; യുഎഇയിൽ ജീവനൊടുക്കിയ വിപഞ്ചികയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്

ഷാർജ അൽ നഹ്ദയിൽ ഒന്നര വയസ്സുകാരിയായ മകളെ കൊലപ്പെടുത്തി ജീവനൊടുക്കിയ കൊല്ലം കേരളപുരം സ്വദേശി വിപഞ്ചിക മണിയ(33)ന്റെ ആത്മഹത്യക്കുറിപ്പ് പുറത്ത്. നോട്ട് ബുക്കിലെ ആറ് പേജുകളിൽ തന്റെ കൈ കൊണ്ട് എഴുതിയ ദീർഘമായ കത്ത് ഫെയ്സ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടെങ്കിലും വൈകാതെ അത് അപ്രത്യക്ഷമായി. ഭർത്താവ് നിതീഷ് മോഹൻ കത്ത് ഡിലീറ്റ് ചെയ്തതായാണ് ബന്ധുക്കൾ സംശയിക്കുന്നത്. എന്നാൽ, അതിന് മുൻപ് കത്ത് ഡൗൺലോഡ് ചെയ്തതിനാൽ തെളിവായി സൂക്ഷിക്കുന്നുവെന്ന് കുടുംബം പറഞ്ഞു. നിതീഷിനും അയാളുടെ പിതാവിനുമെതിരെ ഗുരുതര ആരോപണമാണ് വിപഞ്ചിക കത്തിൽ എഴുതിയിരിക്കുന്നത്. ഭർതൃ പിതാവ് അപമര്യാദയായി പെരുമാറിയതായും സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരിൽ ക്രൂരമായി പീഡിപ്പിക്കുന്നുവെന്നും കുറിപ്പിലുണ്ട്. മരിക്കാൻ ഒരാഗ്രഹവുമില്ല. മകളുടെ മുഖം കണ്ട് കൊതിതീർന്നിട്ടില്ല. ഒരിക്കലും കൊലയാളികളെ വെറുതെ വിടരുത്. തന്റെ മരണത്തിൽ നിതീഷ് മോഹൻ, ഭർതൃസഹോദരി നീതു എന്നിവരാണ് ഒന്നാം പ്രതികൾ. രണ്ടാം പ്രതി ഭർത്താവിന്റെ പിതാവ് മോഹനൻ. അച്ഛൻ അപമര്യാദയായി പെരുമാറി എന്നറിഞ്ഞിട്ടും നിതീഷ് പ്രതികരിച്ചില്ല. അതിനു പകരം എന്നെ കല്യാണം ചെയ്തത് അയാൾക്ക് കൂടി വേണ്ടിയാണ് എന്നായിരുന്നു മറുപടി. ഭർതൃസഹോദരി തന്നെ ജീവിക്കാൻ അനുവദിച്ചിട്ടില്ലെന്നും കുറിപ്പിൽ വെളിപ്പെടുത്തുന്നു.

കല്യാണം ആഡംബരമായി നടത്തിയില്ല. സ്ത്രീധനം കുറഞ്ഞുപോയി, കാർ കൊടുത്തില്ല എന്നൊക്കെ പറഞ്ഞ് എന്നെ കൊല്ലാക്കൊല ചെയ്യുന്നു. വീടില്ലാത്തവൾ, പണമില്ലാത്തവൾ, തെണ്ടി ജീവിക്കുന്നവൾ എന്നിങ്ങനെയെല്ലാം ആക്ഷേപിച്ചു. കുഞ്ഞിനെ ഓർത്ത് തന്നെ വിടാൻ കെഞ്ചിയിട്ടും ഭർതൃസഹോദരി കേട്ടില്ല. ഒരിക്കൽ ഇവരുടെ വാക്കും കേട്ട് നിതീഷ് വീട്ടിൽ വലിയ ബഹളമുണ്ടാക്കി. മുടിയും പൊടിയും എല്ലാം ചേർന്ന ഷവർമ എന്റെ വായിൽ കുത്തിക്കയറ്റി. അവളുടെ പേരും പറഞ്ഞ് ഗർഭിണിയായിരുന്ന എന്റെ കഴുത്തിൽ ബെൽറ്റ് ഇട്ട് വലിച്ചു.ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാൻ അനുവദിച്ചിട്ടില്ല. ഗർഭിണിയായി ഏഴാം മാസത്തിൽ തന്നെ നിതീഷ് വീട്ടിൽ നിന്ന് ഇറക്കി വിട്ടു. നിതീഷിന് ഒരുപാട് സ്ത്രീകളുമായി ബന്ധമുണ്ടെന്നും കത്തിൽ പരാമർശമുണ്ട്. തുടക്കത്തിലൊക്കെ നിതീഷ് തന്നെ തല്ലുമായിരുന്നുവെങ്കിലും കാര്യങ്ങൾ നോക്കുമായിരുന്നുവെന്നും എന്നാൽ കഴിഞ്ഞ ഒരു വർഷത്തിലേറെയായി തനിക്ക് വെള്ളമോ ആഹാരമോ വസ്ത്രമോ ഒന്നും തരില്ലെന്നും വ്യക്തമാക്കുന്നു. എന്നെ അവർക്ക് ഒരു മാനസിക രോഗിയാക്കണം. എന്റെ കൂട്ടുകാർക്കും ഒഫിസിലുള്ളവർക്കുമെല്ലാം നിതീഷും അയാളുടെ സഹോദരിയും അച്ഛനും ചെയ്യുന്ന ദ്രോഹങ്ങളെക്കുറിച്ച് അറിയാമെന്നും പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിപഞ്ചികയെയും മകൾ വൈഭവിയെയും ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിൽ ഒരേ കയറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഏറെ നേരം വിളിച്ചിട്ടും ഫ്ലാറ്റിന്റെ വാതിൽ തുറക്കാത്തതിനാൽ വീട്ടുജോലക്കാരി വിപഞ്ചികയുടെ ഭർത്താവിനെ ഫോൺ വിളിച്ചുവരുത്തി വാതിൽ തുറന്നപ്പോഴാണ് രണ്ടുപേരും മരിച്ചതായി കണ്ടെത്തിയത്. ഈ സമയം നിതീഷ് വിപഞ്ചികയുടെ ഫോൺ കൈക്കലാക്കിയെന്ന് സംശയിക്കുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *