ബോളിവുഡ് നടി ഷെഫാലി ജരിവാലയുടെ മരണത്തിൽ ദുരൂഹത. ഇന്ന് പുലർച്ചെയാണ് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ഷെഫാലിയുടെ മരണം സ്ഥിരീകരിച്ചത്. മരണകാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. ഷെഫാലിയുടെ ഭർത്താവും നടനുമായ പരാഗ് ത്യാഗിയടക്കം നാലുപേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
ബോളിവുഡ് നടി ഷെഫാലി ജരിവാലയെ അന്ധേരിയിലെ വസതിയിൽ മരിച്ച നിലയിൽ കാണുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. പുലർച്ചെ ഏകദേശം ഒരു മണിയോടെയാണ് വിവരം പൊലീസിന് ലഭിച്ചത്. ആശുപത്രിയിൽ വച്ചാണ് ഡോക്ടർമാർ മരണം സ്ഥിരീകരിച്ചത്. തുടർന്ന് മൃതദേഹം കൂപ്പർ ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി അയച്ചു.
ഷെഫാലിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ ഫൊറൻസിക് വിദഗ്ധരും പൊലീസിനൊപ്പം അവരുടെ വീട്ടിൽ പരിശോധന നടത്തി. നടിയുടെ കുടുംബം മരണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
2002-ൽ ഇറങ്ങിയ കാൻട്ടാ ലഗാ എന്ന മ്യൂസിക് വീഡിയോയിലൂടെയാണ് ഷെഫാലി ജരിവാല പ്രശസ്തയായത്. പിന്നീട് സൽമാൻ ഖാൻ ചിത്രമായ ‘മുജ്സെ ഷാദി കരോഗി’ അടക്കം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. നിരവധി റിയാലിറ്റി ഷോകളിലും സജീവമായി നിൽക്കുന്നതിനിടെ 42 ആം വയസ്സിലാണ് ഷെഫാലിയുടെ മരണം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx