ഇടവേളക്കുശേഷം വീണ്ടും എയർഇന്ത്യ എക്സ്പ്രസ് സർവിസിൽ താളപ്പിഴ. വ്യാഴാഴ്ച രാത്രി കുവൈത്തിൽനിന്ന് കൊച്ചിയിലേക്കുള്ള സർവിസ് മൂന്നു മണിക്കൂർ വൈകി. രാത്രി 9.20ന് പുറപ്പെടേണ്ട വിമാനം 12 മണി കഴിഞ്ഞാണ് പുറപ്പെട്ടത്. സാങ്കേതിക പ്രശ്നമാണ് പുറപ്പെടുന്നത് വൈകാൻ കാരണമെന്നാണ് യാത്രക്കാർക്ക് ലഭിച്ച വിവരം.
അപ്രതീക്ഷിത വിമാനം വൈകൽ യാത്രക്കാരെ ദീർഘനേരം വിമാനത്താവളത്തിൽ കുരുക്കിയിട്ടു. വിമാനം പുറപ്പെടുന്നതിന് മൂന്നു മണിക്കൂർ മുമ്പ് വിമാനത്താവളത്തിലെത്തിയവർ വീണ്ടും മൂന്നു മണിക്കൂറോളം കാത്തിരിക്കേണ്ടിവന്നു പുറപ്പെടാൻ.
വെക്കേഷൻ ആരംഭിച്ചതിനാൽ സ്ത്രീകളും കുട്ടികളും അടക്കമുള്ള നിരവധി യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പ് ഇവർ പ്രയാസം തീർത്തു. പുറപ്പെടാൻ വൈകിയതോടെ വിമാനം കൊച്ചിയിൽ എത്തുന്നതും വൈകി. പുലർച്ചെ 4.50നു എത്തേണ്ട വിമാനം ഇതോടെ രാവിലെ 7.50നാണ് എത്തിയത്. കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലേക്കുള്ള നിരവധി യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. വിമാനം കൊച്ചിയിലെത്താൻ വൈകിയത് ഇവർക്ക് നാട്ടിലെത്താനുള്ള സമയം പിന്നെയും വൈകിപ്പിച്ചു.
യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കണ്ണൂരിലേക്ക് കൂടുതൽ സർവിസുകൾ ആരംഭിക്കണമെന്ന ആവശ്യവും പ്രവാസികൾ ഉന്നയിക്കുന്നുണ്ട്. നിലവിൽ ആഴ്ചയിൽ എയർഇന്ത്യ എക്സ്പ്രസിന്റെ ഒരു സർവിസ് മാത്രമാണ് കണ്ണൂരിലേക്കുള്ളത്.
അതേസമയം, വെക്കേഷൻ സീസൺ ആരംഭിച്ചതോടെ നാട്ടിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നു. കുടുംബവുമായി യാത്ര തിരിക്കുന്നവർക്ക് വലില തുക മുടക്കേണ്ട അവസ്ഥയിലാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx