
തട്ടിപ്പുകൾ പലവിധം; കുവൈത്തിൽ പാസ്പോർട്ട് ഓഫിസെന്ന് പറഞ്ഞ് തട്ടിപ്പ്
രാജ്യത്ത് തട്ടിപ്പുകൾ പല രൂപത്തിൽ തുടരുന്നു. കഴിഞ്ഞ ദിവസം ഒരു പ്രവാസി തട്ടിപ്പിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. പാസ്പോർട്ട് ഓഫിസറാണെന്ന് അവകാശപ്പെട്ടാണ് പ്രവാസിക്ക് അജ്ഞാത നമ്പറിൽനിന്ന് ഫോൺ വിളി എത്തിയത്. സംഭവം തട്ടിപ്പ് ശ്രമമാണെന്ന് തിരിച്ചറിഞ്ഞ പ്രവാസി പ്രതികരിച്ചതിനാൽ സംഘത്തിന്റെ ശ്രമം പരാജയപ്പെട്ടു.
കഴിഞ്ഞ ദിവസം രാവിലെയാണ് പ്രവാസിക്ക് കാൾ എത്തിയത്. പാസ്പോർട്ട് ഓഫിസറാണെന്ന് വിളിച്ചയാൾ സ്വയം പരിചയപ്പെടുത്തി. ജനന തീയതി, സിവിൽ ഐഡി നമ്പർ, കൈകാര്യം ചെയ്യുന്ന ബാങ്കുകളുടെ പേരുകൾ എന്നിവ ആവശ്യപ്പെട്ടു. വിളിച്ചയാൾ ആഭ്യന്തര മന്ത്രാലയത്തെ പ്രതിനിധാനം ചെയ്യുന്നുവെന്ന് വിശ്വസിച്ച പ്രവാസി ആദ്യം അത് അനുസരിച്ചു. എന്നാൽ, വിളിച്ചയാൾ പ്രവാസിയുടെ ബാങ്ക് കാർഡിന്റെ നമ്പറുകൾ പറയാൻ ആവശ്യപ്പെട്ടു. ഇതോടെ തട്ടിപ്പ് ശ്രമം തിരിച്ചറിഞ്ഞ പ്രവാസി നമ്പർ നൽകിയില്ല. പൊലീസ് സ്റ്റേഷനിൽ നിന്നോ സഹൽ ആപ് വഴിയോ ഔദ്യോഗിക അറിയിപ്പ് വരട്ടെയെന്നും വിളിച്ചയാളോട് പറഞ്ഞ് ഫോൺ വെച്ചു.
എന്നാൽ, ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട് തട്ടിപ്പുകാരൻ വീണ്ടും ഫോൺ വിളിച്ചു. സഹകരിക്കാത്തതിന് പ്രവാസിയെ ശാസിക്കുകയും ചെയ്തു.
ബാങ്ക് വിവരങ്ങൾ പങ്കിടാൻ പ്രവാസി വീണ്ടും വിസമ്മതിച്ചപ്പോൾ വിളിച്ചയാൾ 500 ദീനാർ പിഴ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി. ബാങ്ക് വിവരങ്ങൾ കൈമാറില്ലെന്നും പിഴ അടക്കാൻ തയാറാണെന്നും പറഞ്ഞ് പ്രവാസി ഉറച്ചുനിന്ന് ഫോൺ കട്ടാക്കി.
പ്രവാസികളെ ലക്ഷ്യമിട്ട് തട്ടിപ്പുകാർ ഉപയോഗിക്കുന്ന തന്ത്രങ്ങളിൽ ഒന്നാണിത്. ആഭ്യന്തര മന്ത്രാലയം ഒരിക്കലും പൗരന്മാരിൽ നിന്നോ താമസക്കാരിൽ നിന്നോ ബാങ്ക് വിവരങ്ങൾ ഫോണിലൂടെ ആവശ്യപ്പെടില്ലെന്ന് അധികൃതർ പതവണ വ്യക്തമാക്കിയതാണ്. എങ്കിലും പലരും തട്ടിപ്പിൽ വീഴുന്നത് പതിവാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IkwNTGU2hoo8pizM8tpLvZ
Comments (0)