2024 മാര്‍ച്ച് 8ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഫാമിലി വിസിറ്റ് വിസകള്‍ പുനസ്ഥാപിച്ച ശേഷം അതുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് വെളിപ്പെടുത്തല്‍. കൊവിഡ് കാലത്ത് നിര്‍ത്തിയ ഫാമിലി വിസിറ്റ് വിസ വീണ്ടും നടപ്പിലാക്കിയ ശേഷം ഒമ്പത് മാസം കടന്നുപോയെങ്കിലും ഈ കാലയളവില്‍ ഒരിക്കല്‍ പോലും ഈ കുടുംബ സന്ദര്‍ശക വിസകളിലെത്തിയ ആരും നിയമം ലംഘിച്ചതായി കണ്ടെത്തിയിട്ടില്ലെന്നാണ് വെളിപ്പെടുത്തല്‍.രാജ്യത്തെ വിസ നിയമങ്ങള്‍ പാലിക്കുന്നതില്‍ ശ്രദ്ധേയമായ നാഴികക്കല്ലായാണ് ഈ കാര്യം വിലയിരുത്തപ്പെടുന്നത്. രാജ്യത്തിന്റെ വിസ ചട്ടങ്ങള്‍ പൂര്‍ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആഭ്യന്തര മന്ത്രാലയം നടപ്പാക്കിയ നടപടികള്‍ ഫലപ്രദമായിരുന്നു എന്നാണ് ഈ നേട്ടം പ്രതിഫലിപ്പിക്കുന്നതെന്നും മന്ത്രാലയം അധികൃതര്‍ അഭിപ്രായപ്പെട്ടു.കുവൈറ്റ് നേതൃത്വം സ്വീകരിച്ച സമതുലിതമായ സമീപനമാണ് ഈ വിജയത്തിന് കാരണമായതെന്ന് ആഭ്യന്തര മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അലി അല്‍ അദ് വാനി പറഞ്ഞു. രാജ്യത്തേക്ക് സന്ദര്‍ശകരമായി എത്തുന്ന ആളുകളെ എളുപ്പത്തില്‍ പ്രവേശിക്കാനും പുറത്തുകടക്കാനും അനുവദിക്കുക എന്നതാണ് രാജ്യത്തിന്റെ ഭരണകൂടം ലക്ഷ്യം വയ്ക്കുന്നത്. എന്നാല്‍ സന്ദര്‍ശകരായി എത്തുന്നവര്‍ അവരുടെ ഉത്തരവാദിത്തം പാലിക്കണമെന്നും സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്- അദ്ദേഹം പറഞ്ഞു.
