സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശിയായ അബ്ദുൽ റഹീമിന് നാളെ നിർണായക ദിനം. ലോകമെമ്പാടുമുള്ള മലയാളികൾ റഹീമിനായി പ്രാർത്ഥനയിലാണ്. ഫറോക് സ്വദേശി അബ്ദുറഹീമിന്റെ കേസ് റിയാദ് ക്രിമിനല്‍ കോടതിയുടെ പുതിയ ബെഞ്ചാണ് പരിഗണിക്കുക. സൗദി സമയം രാവിലെ 9 മണിയോടെ കേസ് പരിഗണിക്കുമെന്നാണ് കരുതുന്നത്. പബ്ലിക് റൈറ്റ്സ് പ്രകാരമുള്ള നിയമനടപടിക്രമങ്ങളുടെ വിധിയിൽ പ്രോസിക്യൂഷൻ നിലപാട് നിർണായകമാണ്. റഹീമിനെതിരായ കണ്ടെത്തലുകൾ, കുറ്റപത്രം, കേസിന്റെ ഗൗരവം എന്നിവ പരിഗണിച്ചാകും വിധി. റഹീമിന്റെ ജയിൽ വാസം ഇതിനോടകം 18 വർഷം കഴിഞ്ഞതിനാൽ പബ്ലിക് റൈറ്റ്സ് പ്രകാരമുള്ള കണ്ടെത്തൽ എതിരായാലും അത് ശിക്ഷാ കാലയളവ് വല്ലാതെ നീളാൻ ഇടയാകില്ലെന്നാണ് പ്രതീക്ഷ. ഇതോടൊപ്പം തന്നെ മോചന ഉത്തരവും ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. മോചന ഉത്തരവുണ്ടായാലും നിയമനടപടിക്രമങ്ങൾ ബാക്കിയുണ്ട്. വിധിപ്പകർപ്പ് എംബസിയുൾപ്പെടെ ബന്ധപ്പെട്ട കക്ഷികൾക്കയച്ച് റഹീമിനെ ഡീപ്പോർട്ട് ചെയ്യുകയാണ് ചെയ്യുക. ഇത് ഒരു മാസം വരെയെങ്കിലും എടുത്തേക്കാമെന്നാണ് കണക്കാക്കുന്നത്.
മോചന ഉത്തരവുണ്ടായാൽ ഒരു മാസത്തിനകം റഹീമിന് പുറത്തെത്താൻ കഴിയുമെന്നാണ് നിയമസഹായസമിതിയുടെ കണക്കുകൂട്ടൽ. അതേസമയം, പ്രോസിക്യൂഷൻ നിലപാടും നിർണായകമാണ്. അബ്ദുറഹീമിന്റെ അഭിഭാഷകനും എംബസി ഉദ്യോഗസ്ഥനും അബ്ദുറഹീമും നേരിട്ടോ ഓണ്‍ലൈന്‍ വഴിയോ കോടതിയില്‍ ഹാജരാകുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ അസീര്‍ ഗവര്‍ണറുടെ പ്രതിനിധിയും ഇന്ന് കോടതിയില്‍ ഹാജറാകുമെന്നാണ് സൂചന. മോചന ഉത്തരവ് ഉണ്ടായാല്‍ അത് അപ്പീല്‍ കോടതിയും ഗവര്‍ണറേറ്റും അംഗീകരിച്ച ശേഷമായിരിക്കും ജയില്‍ മോചനം ഉണ്ടാവുക. അതേസമയം സൗദിയിൽ ആയിരുന്ന അബ്ദുറഹീമിന്റെ ഉമ്മയും സഹോദരനും അടങ്ങുന്ന കുടുംബം നാട്ടിലേക്ക് മടങ്ങി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn