കുവൈത്ത് സിറ്റി: കൃത്യനിർവഹണത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ ശക്തമായ നടപടി. അശ്രദ്ധമായി വാഹനമോടിച്ചതിന് നടപടി എടുത്ത സുരക്ഷാ ഉദ്യോഗസ്ഥനു നേരെ വാഹനം ഓടിച്ചയാളും രക്ഷിതാക്കളും പ്രകോപനപരമായി ഇടപെട്ടതാണ് സംഭവം.
പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ട്രാഫിക് നിയമലംഘനത്തിന് പുറമെ ജോലി ചെയ്യുന്നതിനിടയിൽ സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിക്കൽ, അപമാനിക്കൽ, ഫോണിന്റെ ദുരുപയോഗം (ഫോട്ടോഗ്രഫി) എന്നീ കുറ്റങ്ങൾ ഇവർക്കുമേൽ ചുമത്തി. അന്വേഷണ വിധേയമായി പ്രതികളെ 10 ദിവസം സെൻട്രൽ ജയിലിൽ തടങ്കലിലാക്കാനും വാഹനം ട്രാഫിക് ഇംപൗണ്ട് ഗാരേജിലേക്ക് റഫർ ചെയ്യാനും തീരുമാനിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അശ്രദ്ധമായി വാഹനമോടിച്ചതിന് നടപടി എടുക്കുന്നതിനിടെ എത്തിയ രക്ഷിതാക്കൾ സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിക്കുകയും നടപടികൾ തടസ്സപ്പെടുത്തുകയുമായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. പ്രതികളെയും വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr