കുവൈത്ത് സിറ്റി: സ്വദേശി പാർപ്പിട മേഖലയിൽ പ്രവാസി ബാച്ചിലേഴ്സിന്റെ താമസത്തിനെതിരെ കർശന നടപടിക്കൊരുങ്ങി അധികൃതർ. ഇതുമായി ബന്ധപ്പെട്ട കരട് നിർദേശം മന്ത്രിസഭയുടെ അനുമതിക്കായി സമർപ്പിച്ചു. വിഷയത്തിൽ കൂടുതൽ ശക്തമായ നിയമനിർമാണം ഉണ്ടാകുമെന്നാണ് സൂചന.
മുനിസിപ്പൽ കാര്യ മന്ത്രി ഫഹദ് അൽ ഷൂലയാണ് കരട് നിയമം മന്ത്രിസഭയുടെ അനുമതിക്കായി സമർപ്പിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നേരത്തെ നിയമത്തിന് ഫത്വ ആൻഡ് ലെജിസ്ലേഷൻ ഡിപ്പാർട്ട്മെൻറ് അംഗീകാരം നൽകിയിരുന്നു. നിർദിഷ്ട നിയമ പ്രകാരം പ്രവാസി ബാച്ചിലർമാർക്ക് ഫാമിലി റെസിഡൻഷ്യൽ, പ്രൈവറ്റ് ഹൗസിങ് ഏരിയകളിൽ മുറി വാടകക്കെടുക്കാനാകില്ല.
നിയമം ലംഘിക്കുന്ന പ്രവാസികൾക്കെതിരെയും കെട്ടിട ഉടമകൾക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കാനും നിയമത്തിൽ നിർദേശമുണ്ട്. നിയമം ലംഘിക്കുന്നവർക്കെതിരെ ചുരുങ്ങിയത് ആയിരം ദീനാർ മുതൽ അയ്യായിരം ദീനാർ വരെ പിഴ ചുമത്താനും കരട് നിയമം വ്യവസ്ഥ ചെയ്യുന്നു.
നിയമം നടപ്പാകുന്നതോടെ രാജ്യത്തെ മുഴുവൻ സ്വദേശി പാർപ്പിട മേഖലകളിൽനിന്നും കുടുംബത്തോടൊപ്പമല്ലാതെ താമസിക്കുന്ന വിദേശികൾ പൂർണമായും ഒഴിയേണ്ടി വരും. പ്രാദേശിക ചട്ടങ്ങൾ പ്രകാരം നിലവിൽ സ്വദേശി പാർപ്പിട മേഖലയിൽ ബാച്ചിലേഴ്സ് താമസത്തിന് നിയന്ത്രണമുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR