എട്ടുമാസത്തോളമായി സന്ദർശക വീസയിലെത്തി ജോലി അന്വേഷണത്തിലായിരുന്നു പാചകവാതക സിലിൻഡർ അപകടത്തിൽ മരിച്ച നിധിൻദാസ്. ഒരുമാസം മുൻപാണ് കറാമയിലെ എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ അഡ്മിനായി ജോലിയിൽ പ്രവേശിച്ചത്. ജോലി ലഭിച്ച സന്തോഷം സുഹൃത്തുക്കളോടക്കം പങ്കുവയ്ക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് മരണം നിധിനിനെ തേടിയെത്തിയത്. കണ്ണൂർ തലശ്ശേരി പുന്നോൽ സ്വദേശിയാണ് 23കാരനായ നിധിൻ ദാസ്. വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു ദുബായ് റാഷിദ് ആശുപത്രിയിൽവെച്ച് നിധിൻ ദാസിന്റെ മരണം സംഭവിച്ചത്. ഒട്ടേറെ മലയാളികൾക്ക് ഗുരുതര പരുക്കേറ്റ പാചകവാതക സിലിൻഡർ അപകടത്തിൽ തിരൂർ പറവണ്ണ മുറിവഴിക്കൽ ശാന്തിനഗർ സ്വദേശി പറമ്പിൽ യാക്കൂബ് (38) ബുധനാഴ്ച മരിച്ചിരുന്നു. ചൊവ്വാഴ്ച അർധരാത്രിയിൽ കറാമ ‘ഡേ ടു ഡേ’ ഡിസ്‌കൗണ്ട് സെന്ററിനുസമീപത്തെ ബിൻ ഹൈദർ കെട്ടിടത്തിലായിരുന്നു ദുരന്തം സംഭവിച്ചത്. മൊബൈൽ നോക്കിക്കൊണ്ടിരിക്കുകയിരുന്ന നിധിൻദാസാണ് പാചകവാതകം ചോർന്നതറിഞ്ഞ് ആദ്യം സിലിൻഡർ പരിശോധിക്കാൻ പോയതെന്ന് ബന്ധുക്കൾ പറഞ്ഞു. ഉടൻ പൊട്ടിത്തെറിയും സംഭവിക്കുകയായിരുന്നു. പൊട്ടിത്തെറിയിൽ നിധിൻദാസിന് 90 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. ദുരന്തത്തെ തുടർന്ന് വേറെയും മലയാളികൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ഒരേ ഫ്ലാറ്റിലെ മൂന്ന് മുറികളിൽ താമസിച്ചിരുന്ന ഇവരെല്ലാം മൊബൈൽ ഫോണിലും മറ്റും മുഴുകിയിരിക്കുമ്പോഴായിരുന്നു ഫ്ലാറ്റിന്റെ അടുക്കളയിലെ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചത്. മിക്കവരും വർഷങ്ങളായി ഇവിടെ താമസിക്കുന്നവരാണ്. എല്ലാവരും രാത്രി ഭക്ഷണമൊക്കെ കഴിച്ച് ഉറങ്ങാനുള്ള തയാറെടുപ്പിലായിരുന്നു. അപ്പോഴാണ് ഫ്ലാറ്റിന്റെ അടുക്കളയിൽ നിന്ന് പൊട്ടിത്തെറി ശബ്ദം കേട്ടത്. അപകടത്തിൽ നേരിയ പരുക്കുകളോടെ രക്ഷപ്പെട്ട തലശ്ശേരി സ്വദേശി ഫവാസ്, ഷാനിൽ, റിഷാദ് എന്നിവരാണ് അപ്പോൾ ഒരു മുറിയിലുണ്ടായിരുന്നത്.വർഷങ്ങളോളം ഒമാനിൽ ജോലിചെയ്തശേഷം പ്രവാസം മതിയാക്കി നാട്ടിൽ തിരിച്ചെത്തിയ സ്വാമിദാസിൻറെയും സുജിതയുടെയും മകനാണ് നിധിൻദാസ്. നീതുദാസ് സഹോദരിയാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL