ജനങ്ങളെ വിലക്കയറ്റത്തിലേക്കു തള്ളിവിട്ടു കൂടുതൽ സാമ്പത്തിക ഞെരുക്കത്തിലാക്കുന്നതായി ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ മൂന്നാം കേരള ബജറ്റ് എന്നാണ് പ്രതിപക്ഷത്തിന്റെ അഭിപ്രായം. എന്നാൽ, പ്രവാസികളെ സംബന്ധിച്ചിടത്തോളം ആശ്വാസ പ്രഖ്യാപനമാണ് കേരള ബജറ്റിൽ ഉണ്ടായിരിക്കുന്നത്. പ്രവാസികളുടെ വിമാനയാത്രാക്കൂലി നിയന്ത്രിക്കാൻ ഇടപെടൽ നടത്തുമെന്നാണ് ധനമന്ത്രി ബജറ്റ് അവതരണവേളയിൽ പറഞ്ഞത്. പ്രവാസികളുടെ യാത്രാ ആവശ്യങ്ങൾ ഏകോപിപ്പിക്കുന്നതിനായി നോർക്ക റൂട്ട്സ് വഴി ഒരു പ്രത്യേക പോർട്ടൽ നടപ്പാക്കാനാണ് ബജറ്റിലെ നിർദേശം. ചാർട്ടേഡ് വിമാനങ്ങൾ എടുക്കാൻ 15 കോടിയുടെ കോർപ്പസ് ഫണ്ടെടുക്കും. ജില്ലകൾ തോറും എയർ സ്ട്രിപ്പുകൾ ഏർപ്പെടുത്തും. ഇത്തരത്തിൽ വിമാനക്കമ്പനികളിൽ നിന്ന് വിമാനങ്ങൾ ചാർട്ടർ ചെയ്യാൻ സീറ്റ് അടിസ്ഥാനത്തിലുള്ള നിരക്ക് സുതാര്യമായ പ്രക്രിയയിലൂടെ വാങ്ങുകയാണ് ചെയ്യുക. അതിന് ശേഷം പരമാവധി നിരക്ക് കുറച്ച് ചാർട്ടർ വിമാനങ്ങൾ സജ്ജീകരിക്കുകയാണ് ലക്ഷ്യം. സീസണിൽ പത്തിരട്ടിയോളവും അതിലധികവുമൊക്കെ വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുമ്പോൾ അതിനേക്കാൾ കുറഞ്ഞ നിരക്കിൽ ചാർട്ടർ വിമാനങ്ങളിൽ പ്രവാസികൾക്ക് യാത്ര ഒരുക്കാൻ സാധിക്കുമെന്നാണ് ധനമന്ത്രി വ്യക്തമാക്കിയത്. 15 കോടിയുടെ ഒരു കോർപസ് ഫണ്ട്പ്രാഥമികമായി ഈ പദ്ധതിക്കായി രൂപീകരിക്കാനാണ് ബജറ്റിലെ നിർദേശം. പദ്ധതിയിൽ പങ്കാളിയാവാൻ ഏതെങ്കിലും ഒരു വിമാനത്താവളം ആഗ്രഹം പ്രകടിപ്പിക്കുമെങ്കിൽ അതിനുള്ള അണ്ടർറൈറ്റിങ് ഫണ്ടായും ഈ പണം ഉപയോഗിക്കാം. അതോടൊപ്പം തന്നെ, വിദേശത്തേക്കും തിരിച്ചും യാത്ര ചെയ്യേണ്ടിവരുമ്പോൾ നൽകേണ്ടിവരുന്ന ഉയർന്ന വിമാന യാത്രാ ചെലവ് നിയന്ത്രിക്കാൻ ആഭ്യന്തര, വിദേശ എയർലൈൻ കമ്പനികളുമായും പ്രവാസി സംഘടനകളുമായും ഇതിനോടകം നടത്തിയ ചർച്ചകളെക്കുറിച്ചും ബജറ്റിൽ പ്രതിപാദിച്ചു. അതേസമയം, ഇന്ധന സെസ് അടക്കം ജനങ്ങളെ സാരമായി ബാധിക്കുന്ന വലിയ വില വർധനവ് ഉണ്ടാകുമെന്നതാണ് ബജറ്റിലെ പ്രധാനപ്പെട്ട കാര്യം. 3,000 കോടി രൂപയ്ക്കടുത്തുള്ള തുകയാണ് നികുതി വർധനയിലൂടെ സർക്കാർ അധികമായി പ്രതീക്ഷിക്കുന്നത്. മദ്യം മുതൽ പാർപ്പിടം വരെ എല്ലാത്തിനും ചെലവേറിയേക്കും. മദ്യത്തിന് 20 രൂപ മുതൽ 4 രൂപ വരെ കൂട്ടിയപ്പോൾ, പെട്രോളിനും ഡീസലിനും രണ്ട് രൂപയാണ് ഉയർത്തിയിരിക്കുന്നത്. ഭൂമിയുടെ ന്യായവില 20 ശതമാനം വർധിപ്പിച്ചു. ഫ്‌ളാറ്റ്/അപ്പാർട്ട്‌മെന്റ് എന്നിവയുടെ മുദ്ര വില കൂട്ടി, 7% ൽ എത്തിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷനുകൾ വർധിപ്പിക്കുമെന്ന പ്രതീക്ഷ പാഴായി. പുതിയ വാഹനങ്ങൾക്കുള്ള ഒറ്റത്തവണ സെസിലൂടെ വലിയ രീതിയിലുള്ള വരുമാനം സർക്കാർ പ്രതീക്ഷിക്കുന്നുണ്ട്. അപേക്ഷാ ഫീസ്, പെർമിറ്റ് ഫീസുകൾക്ക് ചെലവേറും. പണയാധാരങ്ങൾക്ക് 100 രൂപ നിരക്കിൽ സർ ചാർജ് ഏർപ്പെടുത്തും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1